തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന് യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവി ഒഴിയേണ്ടിവന്നത് കോൺഗ്രസ് ദേശീയ നേതൃത്വം നിലപാട് കടുപ്പിച്ചതിനാൽ. കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി സംഘടന ചുമതലയുള്ള കെ.സി. വേണുഗോപാലുമായി സംസാരിച്ച ശേഷമാണ് നടപടിക്ക് നിർദേശം നൽകിയത്. യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം പോലും അറിയാതെയായിരുന്നു ഈ നീക്കം.
യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പല പാർട്ടി നേതാക്കളും വിവരം ദീപ ദാസ് മുൻഷിയെ അറിയിച്ചിരുന്നു. പ്രവാസി എഴുത്തുകാരിയുടെ ആരോപണം കൂടി വന്നതോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്, മുതിർന്ന നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി ദീപ ദാസ് മുൻഷി ആശയവിനിമയം നടത്തി. പരാതികളിൽ കൃത്യമായ അന്വേഷണം വേണമെന്നും അതുവരെ രാഹുൽ പാർട്ടി പദവികളിൽ തുടരേണ്ടതില്ലെന്നുമുള്ള നിലപാട് സംസ്ഥാന നേതാക്കളെ അറിയിച്ചു.
മാസങ്ങൾക്കപ്പുറം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനത്തെ നേതാവ്, പ്രിയങ്ക ഗാന്ധി ലോക്സഭയിൽ പ്രതിനിധീകരിക്കുന്ന സംസ്ഥാനത്തെ നേതാവ്, കോൺഗ്രസ് സംഘടന കാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ സംസ്ഥാനത്തെ നേതാവ്, കുട്ടികൾക്കും സ്ത്രീകൾക്കുമെതിരായ ആക്രമണത്തിനെതിരെ രാജ്യമാകെ പാർട്ടി പോരാട്ടം നടത്തുന്ന ഘട്ടത്തിൽ ഉയർന്നുവന്ന ഗൗരവമായ ആരോപണം എന്നിവയെല്ലാം കോൺഗ്രസിനെ ദേശീയതലത്തിൽ ഉൾപ്പെടെ പ്രതിരോധത്തിലാക്കുന്ന ഘടകങ്ങൾ കൂടിയാണ്.
ഇതെല്ലാം പരിഗണിച്ചായിരുന്നു നടപടി വേഗത്തിലാക്കിയത്. രാഹുൽ ഉൾപ്പെടെയുള്ള യുവരക്തങ്ങൾക്ക് പാർട്ടിയിൽ വർധിച്ച പ്രാധാന്യം നൽകിയ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ആരോപണം ഗൗരവപ്പെട്ടതാണെന്ന് കണ്ടതോടെ വിട്ടുവീഴ്ചയില്ലാത്ത നടപടി എന്ന നിലപാടെടുത്തു. രാഹുലിന്റെ രാജി ഉറപ്പാക്കിയ ശേഷമാണ് സതീശൻ മാധ്യമങ്ങളെ കണ്ടത്.
കേൾക്കുന്ന വിവരം ഗൗരവമുള്ളതാണെന്നും തീരുമാനം വൈകുന്നത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയും ഹൈകമാൻഡിനെ ഉൾപ്പെടെ അറിയിച്ചിരുന്നു.
കൊച്ചി: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് സ്ഥാനം രാജിവെക്കുന്നത് സംബന്ധിച്ച് രാഹുൽ മാങ്കൂട്ടത്തിലിന് ഒരു നിർദേശവും നൽകിയിട്ടില്ലെന്ന് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്. അദ്ദേഹം അദ്ദേഹത്തിന്റെ നിലപാടുകൾകൊണ്ടോ, പാർട്ടി പ്രവർത്തകർക്ക് അദ്ദേഹം കാരണം പ്രശ്നങ്ങളുണ്ടാകരുതെന്ന ധാരണയുടെ അടിസ്ഥാനത്തിലോ രാജിവെച്ചു എന്നാണ് മനസ്സിലാക്കുന്നത്. തനിക്ക് രേഖാമൂലമോ വാക്കോലോ ആരിൽനിന്നും പരാതികളൊന്നും ലഭിച്ചിട്ടില്ല.
ഒരു പെൺകുട്ടിയും തന്നോട് പരാതിപ്പെടുകയോ വിഷയം ശ്രദ്ധയിൽപെടുത്തുകയോ ചെയ്തിട്ടില്ലെന്നും സണ്ണി ജോസഫ് മാധ്യമങ്ങളോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.