തിരുവനന്തപുരം: കോൺഗ്രസിൽ സമീപ കാലത്തൊന്നും ഒരു യുവനേതാവിനും ലഭിക്കാത്തത്ര പരിഗണനയോടെ അതിവേഗം നേതൃപദവിയിലേക്ക് ഉദിച്ചുയർന്ന നേതാവിനാണ് രാജിയിലൂടെ നാണംകെട്ട് ചുമതല വിട്ടൊഴിയേണ്ടിവരുന്നത്. ചാനൽ ചർച്ചകളിൽ കോൺഗ്രസിന് പ്രതിരോധമൊരുക്കിയതും എതിരാളികളെ നിലംപരിശാക്കുന്ന വാക്ചാതുരിയുമാണ് കണ്ണടച്ച് തുറക്കുന്ന വേഗത്തിൽ രാഹുൽ മാങ്കൂട്ടത്തിലിനെ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷ പദവിയിലും പിന്നാലെ എം.എൽ.എ പദവിയിലുമെത്തിക്കുന്നത്. താഴെതട്ടിൽ പാർട്ടി പ്രവർത്തനം നടത്തി പടിപടിയായുള്ള ഉയർച്ചക്ക് പകരം നേരിട്ട് പെട്ടെന്ന് നേതൃപദവിയിലെത്തിയ നേതാവാണ് രാഹുൽ. കെ.എസ്.യു പത്തനംതിട്ട ജില്ല സെക്രട്ടറി, സംസ്ഥാന ജനറൽ സെക്രട്ടറി, എൻ.എസ്.യു ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പദവികളിൽ ഇരുന്ന ശേഷമാണ് തെരഞ്ഞെടുപ്പിലൂടെ രാഹുൽ യൂത്ത് കോൺഗ്രസ് അധ്യക്ഷ പദവിയിലെത്തുന്നത്. എ ഗ്രൂപ് പ്രതിനിധിയായി മത്സരിച്ച് വിജയിച്ച രാഹുലിന്റെ പക്ഷത്തുള്ളവർ വ്യാജ ഇലക്ഷൻ ഐ.ഡി കാർഡ് തയാറാക്കിയെന്ന ആരോപണം പൊലീസ് കേസായി മാറിയിരുന്നു. പാലക്കാട് എം.എൽ.എയായിരുന്ന ഷാഫി പറമ്പിൽ വടകരയിൽനിന്ന് പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പിലൂടെ രാഹുലിന് നിയമസഭയിലേക്ക് വഴി തുറന്നത്.
സൈബറിടങ്ങളിലും ചാനൽ ചർച്ചകളിലും പാർട്ടിയുടെ വജ്രായുധമായി മാറിയ രാഹുലിന് യൂത്ത് കോൺഗ്രസിലും മികച്ച പിന്തുണയാണ് ലഭിച്ചിരുന്നത്. പാർട്ടിക്കെതിരായ ആക്രമണങ്ങളിൽ സി.പി.എം ‘നോട്ടമിട്ട’ എതിരാളികളിലൊരാളായി അദ്ദേഹം മാറി. പിന്നാലെ ആരോപണങ്ങൾ പലതായി അന്തരീക്ഷത്തിൽ പാറിപ്പറന്നെങ്കിലും അതിനെയെല്ലാം എതിരാളികളുടെ പ്രചാരണമായി തള്ളുകയായിരുന്നു രാഹുൽ. സമീപ കാലത്ത് രാഹുലിനെതിരെ വീണ്ടും സമൂഹമാധ്യമങ്ങളിൽ പ്രചാരണം കൊടുമ്പിരികൊണ്ടപ്പോഴും ദിവസങ്ങളോളം മാറിനിന്ന ശേഷം ‘ഹു കെയേഴ്സ്’ (ആര് ശ്രദ്ധിക്കുന്നു) എന്ന മറുപടിയുമായാണ് അദ്ദേഹം രംഗത്തുവന്നത്. അതേ പ്രയോഗം തന്നെ ഉപയോഗിച്ചാണ് രാഹുലിന്റെ പേര് പറയാതെ യുവനടി തനിക്ക് നേരിട്ട ദുരനുഭവം തുറന്നുപറഞ്ഞത്. പിന്നാലെ പ്രവാസി എഴുത്തുകാരിയും രാഹുലിൽനിന്നുണ്ടായ ദുരനുഭവം പേരെടുത്തുപറഞ്ഞ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
ഇതിന് പിന്നാലെ രാഹുൽ നടത്തിയതെന്ന് പറയുന്ന ചാറ്റുകളും ശബ്ദസന്ദേശങ്ങളും പുറത്തുവന്നു. കേന്ദ്രത്തിലും കേരളത്തിലും പതിറ്റാണ്ടായി അധികാരമില്ലാത്ത കോൺഗ്രസിനെ സംസ്ഥാനത്ത് ഭരണത്തിലെത്തിക്കാൻ നേതൃത്വം ശ്രമിക്കുമ്പോഴാണ് ഇടിത്തീയായി പാർട്ടി പോരാളികളിലൊരാൾ തന്നെ ആരോപണക്കുരുക്കിൽ പദവി ഒഴിയുന്നതും നേതൃത്വം പ്രതിക്കൂട്ടിലാകുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.