പി. പ്രസാദ്
തിരുവനന്തപുരം: സംസ്ഥാനത്ത് കേര പദ്ധതിക്കായി ലോകബാങ്ക് നൽകിയ കോടികളുടെ ഫണ്ട് സർക്കാർ വകമാറ്റിയ കാര്യം മാധ്യമങ്ങൾക്ക് ലഭിച്ചത് എങ്ങനെയെന്ന് അന്വേഷിച്ച കൃഷി വകുപ്പിന്റെ റിപ്പോർട്ട് പ്രിൻസിപ്പൽ സെക്രട്ടറി ബി. അശോക് കൃഷി മന്ത്രി പി. പ്രസാദിന് കൈമാറി. വാർത്ത ചോർന്നത് കൃഷി വകുപ്പിൽനിന്നല്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. അതേസമയം, മുഖ്യമന്ത്രിയുടെ ഓഫിസിനു നേരെയാണ് ആരോപണം എത്തിനിൽക്കുന്നത്.
അന്വേഷണത്തിന് ഉത്തരവിട്ട് മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് കൃഷി വകുപ്പിലേക്കെത്തിയ കുറിപ്പിനൊപ്പം ഇ-മെയിലിന്റെ പകർപ്പ് ചേർത്തിരുന്നു. കൃഷി വകുപ്പിലെ നാല് ഉദ്യോഗസ്ഥർ മാത്രം കൈകാര്യം ചെയ്തിരുന്ന മെയിൽ എങ്ങനെ മുഖ്യമന്ത്രിയുടെ ഓഫിസിന് ലഭിച്ചുവെന്നാണ് കൃഷി വകുപ്പിന്റെ ചോദ്യം. ഇത് ഐ.ടി നിയമത്തിന്റെ പരിധിയിൽ അന്വേഷിക്കാവുന്ന കുറ്റമാണെന്നും ചൂണ്ടിക്കാട്ടിയാണ് പ്രിൻസിപ്പൽ സെക്രട്ടറി റിപ്പോർട്ട് നൽകിയത്. വാർത്ത ചോർന്നതിനെക്കുറിച്ച് മുഖ്യമന്ത്രി നിർദേശിച്ച പ്രകാരം നടത്തിയ അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫിസിനുനേരെ തിരിയുന്നതും ആ ഓഫിസിനെതിരെ അന്വേഷണത്തിന് ശിപാർശ ചെയ്യുന്നതുമായ അസാധാരണ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്.
റിപ്പോർട്ടിൽ മന്ത്രി പി. പ്രസാദ് ഇനിയെന്ത് നടപടി സ്വീകരിക്കുമെന്നാണ് അറിയേണ്ടത്. വാർത്ത ചോർച്ചയിൽ അന്വേഷണത്തിന് നിർദേശിച്ചുള്ള മുഖ്യമന്ത്രിയുടെ ഓഫിസിലെ ഫയൽ കൃഷിമന്ത്രിയെ മറികടന്നും ചട്ടങ്ങൾ ലംഘിച്ചുമുള്ളതുമാണെന്ന ഗുരുതര ആരോപണവും റിപ്പോർട്ടിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.