കൊച്ചി: പ്രവർത്തനസമയത്ത് കോടതി പരിസരത്തുനിന്ന് ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കിൽ ബന്ധപ്പെട്ട കോടതി സമുച്ചയത്തിന്റെ അധ്യക്ഷനായ ജഡ്ജിയുടെ മുൻകൂർ അനുമതി വേണമെന്ന് ഹൈകോടതി. സ്വമേധയോ അഭിഭാഷകൻ മുഖേനയോ കീഴടങ്ങാനെത്തുന്നവരെ അറസ്റ്റ് ചെയ്യണമെങ്കിലും കോടതിയുടെ അനുമതി വേണം. അതേസമയം, കോടതി പരിസരത്ത് കുറ്റകൃത്യമുണ്ടാകുന്ന സാഹചര്യത്തിൽ അനിവാര്യമായ ബലപ്രയോഗത്തോടെ തന്നെ മുൻകൂർ അനുമതിയില്ലാതെ പൊലീസിന് അറസ്റ്റ് ചെയ്യാം.
ദീർഘനാൾ ഒളിവിലിരുന്ന വാറന്റ് പ്രതികളെ കോടതി പരിസരത്ത് കണ്ടാലും ഉടൻ അറസ്റ്റാകാം. എന്നാൽ, ഈ അറസ്റ്റുകൾക്ക് പിന്നാലെതന്നെ ജഡ്ജിയെ വിവരം അറിയിക്കണമെന്നും ജസ്റ്റിസ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. ആലപ്പുഴ രാമങ്കരി കോടതിയിൽ അഭിഭാഷകന്റെ അറസ്റ്റിന് ശ്രമിച്ചതുമായി ബന്ധപ്പെട്ട പരാതിയിൽ സ്വമേധയാ എടുത്ത ഹരജിയാണ് കോടതി പരിഗണിച്ചത്.
ഭാരതീയ ന്യായസംഹിത, കേരള പൊലീസ് ആക്ട്, സർക്കാർ ഉത്തരവുകൾ എന്നിവ ആധാരമാക്കിയാണ് ഹൈകോടതി മാർഗനിർദേശം പുറപ്പെടുവിച്ചത്. ഇതുപ്രകാരം കോടതി പരിസരമെന്നാൽ കോടതി ഹാളിന് പുറമെ ക്വാർട്ടേഴ്സുകൾ ഒഴികെയുള്ള വസ്തുവകകൾകൂടി ഉൾപ്പെടുന്ന പ്രദേശമാണ്. ഇത്തരം വിഷയങ്ങളിലെ പരാതികൾ പരിഹരിക്കാൻ സംസ്ഥാന, ജില്ല സമിതികൾ രൂപവത്കരിക്കണമെന്നും കോടതി നിർദേശിച്ചു.
കോടതി പരിസരത്തെ അറസ്റ്റ് സംബന്ധിച്ച പരാതികൾ പരിഹരിക്കാൻ ഹൈകോടതി രൂപവത്കരിക്കേണ്ട സമിതികളുടെ ഘടനയും ഡിവിഷൻബെഞ്ച് നിശ്ചയിച്ചു. ജില്ല സമിതിയിൽ തീരുമാനമാകാത്ത പരാതികൾ സംസ്ഥാന സമിതി പരിശോധിക്കും.
അഡ്വക്കറ്റ് ജനറൽ, സംസ്ഥാന പൊലീസ് മേധാവി, ഹൈകോടതി അഭിഭാഷക അസോസിയേഷൻ പ്രസിഡന്റും രണ്ട് അംഗങ്ങളും, എസ്.പി റാങ്കിന് മുകളിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ, പരാതിക്കാരുമായി ബന്ധപ്പെട്ട ബാർ അസോസിയേഷൻ പ്രസിഡന്റ് എന്നിവരടങ്ങുന്നതാണ് സംസ്ഥാന സമിതി. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ്, ജില്ല പൊലീസ് മേധാവി, ജില്ല ഗവ. പ്ലീഡർ, ബാർ അസോസിയേഷൻ പ്രസിഡന്റ്, ബന്ധപ്പെട്ട ബാർ അസോസിയേഷൻ അംഗം എന്നിവരാണ് ജില്ല സമിതിയിലെ അംഗങ്ങൾ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.