തൃശ്ശൂർ: വോട്ടർ പട്ടികയിലെ ക്രമക്കേടിൽ പ്രതികരിക്കാത്ത തൃശ്ശൂർ എം.പി സുരേഷ് ഗോപിയെ രൂക്ഷമായി വിമർശിച്ച് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്ത്. ശില പോലും തോൽക്കുന്ന മൗനമാണ് എം.പിയുടേത്. അദ്ദേഹത്തിന്റെ അഭിനയ പാടവമെല്ലാം പുറത്തെടുക്കുകയാണ്. തൃശ്ശൂരില്‍ ആട്ടിൻ തോലിട്ട ഒരു ചെന്നായ വന്നു. ആടാണെന്ന് കരുതി ചെന്നായക്ക് ചിലർ വേണ്ട സൗകര്യങ്ങൾ ചെയ്തുനല്‍കിയെന്നും ബിനോയ് വിശ്വം വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
“നേരത്തെ എവിടെയും പ്രതികരിച്ചിരുന്ന സുരേഷ് ഗോപി ഇപ്പോൾ മൗനം അവലംബിക്കുകയാണ്. ഇത്രയും ഗൗരവതരമായ ഒരു വിഷയത്തിൽ എന്തുകൊണ്ടാണ് തൃശ്ശൂരിലെ എം.പി മൗനം പാലിച്ചത്? ശില പോലും തോൽക്കുന്ന മൗനം. ആ മൗനം തൃശ്ശൂർ എം.പിക്ക് ഒരു ശീലമാണ്. അദ്ദേഹത്തിന്റെ അഭിനയ പാടവമെല്ലാം പുറത്തെടുക്കുകയാണ്. വോട്ടർപ്പട്ടിക അട്ടിമറിക്കാൻ നേതൃത്വം നൽകിയത് സുരേഷ് ഗോപിയാണ്.
മാസങ്ങൾ നീണ്ടുനിന്ന രഹസ്യമായ പ്രവർത്തനത്തിലൂടെയാണ് തൃശ്ശൂരിൽ വോട്ടർപ്പട്ടിക അട്ടിമറിക്കപ്പെട്ടത്. അതിനായി വിവിധയിടങ്ങളിൽനിന്ന് ബി.ജെ.പി പണം ഒഴുക്കി. തട്ടിപ്പും വിദ്വേഷവും നിറഞ്ഞ അജണ്ടയാണ് ബി.ജെ.പി മുന്നോട്ടുവെച്ചത്. തൃശ്ശൂരില്‍ ആട്ടിൻ തോലിട്ട ഒരു ചെന്നായ വന്നു. ആടാണെന്ന് കരുതി ചെന്നായക്ക് ചിലർ വേണ്ട സൗകര്യങ്ങൾ ചെയ്തുനല്‍കി. കിരീടവും മറ്റുമായി വന്നപ്പോൾ ശത്രുകളിൽ രണ്ടാമതായ ക്രിസ്ത്യാനികളാണ് സ്വീകരിച്ചത്.
തൃശ്ശൂരിൽ കഴിഞ്ഞ ദിവസം സുരേഷ് ഗോപിക്ക് ബി.ജെ.പി നൽകിയ സ്വീകരണം എം.പിയായ ശേഷം ആദ്യമായി മണ്ഡലത്തിൽ എത്തുന്ന പോലെയായിരുന്നു. വോട്ട് വെട്ടിപ്പിന് ശേഷമാണ് ഇത്തരം ഒരു സ്വീകരണം. തെരഞ്ഞെടുപ്പ് പ്രക്രിയയുടെ ബൈബിളും ഖുർആനും ഗീതയുമായ വോട്ടർ പട്ടിക തന്നെ അട്ടിമറിക്കുന്ന പ്രവൃത്തിയാണ് നടക്കുന്നത്. മഹാരാഷ്ട്രയും കർണാടകയും തൃശ്ശൂരും ഇതിന്റെ സാക്ഷിയാണ്. തൃശ്ശൂരിനെ കൂടി ജനാധിപത്യ കൊലയുടെ ഇടമാക്കി മാറ്റി.
ബിഹാറിൽ മതം നോക്കി വോട്ട് വെട്ടി മാറ്റി. മുസ്‍ലിമിനെയും ആദിവാസിയെയും ക്രിസ്ത്യാനിയെയും വെട്ടിമാറ്റി. എന്നാൽ, തൃശ്ശൂരിൽ ക്രിസ്ത്യാനികളുടെ വോട്ട് വെട്ടിമാറ്റിയില്ല. തൃശൂരിൽ കൃത്രിമമായി ചേർത്ത വോട്ടർമാർ ഇപ്പോൾ എവിടെ പോയെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം. ആരു കൊണ്ടുവന്നു എന്നും പണം ആര് ചെലവാക്കി എന്നും വ്യക്തമാക്കണം” -ബിനോയ് വിശ്വം പരഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.