സ്നേഹിച്ച സ്ത്രീയെ വിവാഹം കഴിച്ചുതന്നില്ല, അമ്മയോട് പക തോന്നി, മാതാപിതാക്കളെ കുത്തിക്കൊന്ന മകന്‍റെ മൊഴി

ആലപ്പുഴ: വിവാഹം നടത്തിത്തരാത്തതിലുള്ള പക മൂലമാണ് മാതാപിതാക്കളെ കുത്തിക്കൊന്നതെന്ന് പ്രതിയായ മകന്റെ മൊഴി. ആലപ്പുഴ കൊമ്മാടിക്കു സമീപം പനവേലിപ്പുരയിടത്തിൽ തങ്കരാജൻ (70), ഭാര്യ ആഗ്നസ് (69) എന്നിവരെ വ്യാഴാഴ്ച രാത്രിയാണ് മകൻ ബാബു കൊന്നത്. ഇയാൾ മാതാപിതാക്കളെ നിരന്തരം ഉപദ്രവിക്കാറുള്ളതായി പരിസരവാസികൾ പറഞ്ഞു.

മുൻപ്, പച്ചക്കറിക്കടയിൽ ജോലിചെയ്തിരുന്നപ്പോൾ ബാബുവിന് ഒരു യുവതിയുമായി അടുപ്പമുണ്ടായിരുന്നു. ഇവരുമായുള്ള വിവാഹം നടത്തിക്കൊടുക്കണമെന്ന് മാതാപിതാക്കളോട് ആവശ്യപ്പെട്ടെങ്കിലും അവർ എതിർത്തു. അമ്മയുടെ ഭാഗത്തുനിന്നായിരുന്നു കൂടുതൽ എതിർപ്പ്. അതോടെ അമ്മയോട് കടുത്ത പക തോന്നി. മറ്റേതെങ്കിലും വിവാഹം ഉറപ്പിക്കുമെന്ന് ബാബു പ്രതീക്ഷിച്ചിരുന്നുവെങ്കിലും മാതാപിതാക്കളുടെ ഭാഗത്ത് നിന്ന് അതും ഉണ്ടായില്ല.

ബാബു മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കുന്നത് പതിവാണ്. വ്യാഴാഴ്ചയും പ്രതി മദ്യപിക്കാൻ പണം ആവശ്യപ്പെട്ട് മാതാപിതാക്കളുമായി വഴക്കുണ്ടാക്കിയിരുന്നു.

തുടർന്ന്, ആദ്യം മാതാവിനെയും പിന്നീട് പിതാവിനെയും കുത്തിക്കൊന്നു. മാതാപിതാക്കളെ കുത്തിക്കൊന്നുവെന്ന് നാട്ടുകാരെ അറിയിച്ച് പ്രതി കടന്നുകളയുകയായിരുന്നു. തെരച്ചിലിൽ കൊലചെയ്യാനുപയോഗിച്ച കറിക്കത്തി പോലീസ് കണ്ടെടുത്തു. ബാറിൽനിന്നാണ് വ്യാഴാഴ്ച രാത്രി ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

ആലപ്പുഴ മെഡിക്കൽ കോളേജിലെ പോസ്റ്റ്മോർട്ടത്തിനുശേഷം കാളാത്തു വാർഡിലുള്ള മകൾ മഞ്ജുവിന്റെ വീട്ടിലേക്കാണ് മൃതദേഹങ്ങൾ കൊണ്ടുപോയത്. ചാത്തനാട് പള്ളിയിലെ പൊതുദർശനത്തിനുശേഷം മൗണ്ട് കാർമൽ പള്ളി സെമിത്തേരിയിൽ സംസ്കരിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.