ഫ്രീഡം ക്വിസിൽ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനം നേടിയ റിഷാൻ ഇബ്രാഹിം, അമൻ ഫയാസ്, വിസ്മയ എന്നിവർ എം.കെ. രാഘവൻ എം.പി, ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപ് തുടങ്ങിയവർക്കൊപ്പം. മാധ്യമം സി.ഇ.ഒ പി.എം. സാലിഹ്, ക്രേസ് ബിസ്കറ്റ് വൈസ് പ്രസിഡന്റ് (സെയിൽസ്) വർഗീസ് തോമസ്, ലുലു കാലിക്കറ്റ് റീജനൽ ഡയറക്ടർ മുഹമ്മദ് ഷെരീഫ് മാട്ടിൽ എന്നിവർ സമീപം

‘മാധ്യമം വെളിച്ചം’ ഫ്രീഡം ക്വിസ്; സ്വാതന്ത്ര്യ സ്മരണകളുണർത്തി അറിവിന്റെ മഹോത്സവം

കോഴിക്കോട്: മാധ്യമം വെളിച്ചം, ക്രേസ് ബിസ്ക്റ്റുമായി ചേർ​ന്നൊരുക്കിയ ‘ഫ്രീഡം ക്വിസ്’ ഗ്രാൻഡ് ഫിനാലെക്ക് ആവേശോ​ജ്ജ്വല സമാപനം. സ്കൂൾ വിദ്യാർഥികളിൽ സ്വാതന്ത്ര്യദിന അറിവും അവബോധവും വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആഗസ്റ്റ് ഒന്നുമുതൽ 10 വരെ സംഘടിപ്പിച്ച ഫ്രീഡം ക്വിസ് ഗ്രാൻഡ് ഫിനാലെയിൽ പാലക്കാട് സ്വദേശി ടി.എ. റിഷാൻ ഇബ്രാഹിം ചാമ്പ്യനായി. കോഴിക്കോട്ടുകാരനായ കെ. അമൻ ഫയാസ് രണ്ടാം സ്ഥാനവും തൃശൂർ സ്വദേശിനി എം.വി. വിസ്മയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

പാലക്കാട് എം.എൻ.കെ.എം എച്ച്.എസ്.എസിലെ പ്ലസ് വൺ വിദ്യാർഥിയാണ് റിഷാൻ ഇ​ബ്രാഹിം. ആലത്തൂർ സ്വദേശികളായ അബ്ദുൽ ഹക്കീമിന്റെയും റംലത്തിന്റെയും മകനാണ്. എളേറ്റിൽ എം.ജെ എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിയാണ് അമൻ ഫയാസ്. കൊടുവള്ളി സ്വദേശിയായ കെ. അമൻ നൗഫലിന്‍റെയും ആർ.കെ. ഷബ്നയുടെയും മകനാണ്. സേക്രട്ട് ഹാർട്ട് തൃശൂരിലെ പ്ലസ് വൺ വിദ്യാർഥിയാണ് വിസ്മയ. തൃശൂർ അമ്പലപ്പുറം ദിവ്യയുടെയും വിപിൻ മോഹന്റെയും മകളാണ്. മൂന്നു ഗ്രാം സ്വർണനാണയം ചാമ്പ്യനും രണ്ടു ഗ്രാം സ്വർണനാണയം രണ്ടാംസ്ഥാനക്കാരനും ഒരു ഗ്രാമിന്റെ സ്വർണനാണയം സെക്കന്റ് റണ്ണറപ്പിനും ലഭിച്ചു. കൂടാതെ മൊമന്റോ, പ്രശസ്തിപത്രം, ജാക് ആൻഡ് ജിൽ വാച്ച്, ലുലു ഗിഫ്റ്റ് കൂപ്പണുകൾ, ക്രേസ് ബിസ്കറ്റ് ഗിഫ്റ്റ് ഹാംപർ എന്നിവയും വിജയികൾക്ക് സമ്മാനിച്ചു. മഹാരാജാ ഗോൾഡ് ആൻഡ് ഡയമണ്ട്സാണ് വിജയികൾക്കുള്ള സ്വർണനാണയം സ്​പോൺസർ ചെയ്തത്.

രോഹൻ കെ. (ടി.ആർ.കെ എച്ച്.എസ്.എസ് വാണിയംകുളം), ദിബ അഫിയ കെ. (ജി.വി.എച്ച്.എസ്.എസ് മക്കരപ്പറമ്പ്), ജെനിൻ അബ്ദുൽ നസിർ (പി.ടി.എം എച്ച്.എസ്.എസ് കൊടിയത്തൂർ), ആദിൽ ടി.പി (പി.പി.എം.എച്ച്.എസ്.എസ് ​കൊട്ടൂക്കര), നവർ വി. (ഗവ. സിറ്റി എച്ച്.എസ് സ്കൂൾ കണ്ണൂർ), ആദിനാരായണൻ ടി.കെ. (എച്ച്.എസ്.എസ് ബ്രഹ്മമംഗലം, കോട്ടയം), ഹിരൺ ബി (ജി.എച്ച്.എസ്.എസ് പെരിങ്ങളം) എന്നിവരാണ് ഫൈനലിൽ മാറ്റുരച്ച മറ്റുള്ളവർ. റിവേഴ്‌സ് ക്വിസ്റ്റിങ് എന്ന നൂതന ആശയം കൊണ്ടുവന്ന് ക്വിസ്റ്റിങ് രംഗത്ത് വേറിട്ട വഴി കണ്ടെത്തിയ ഗ്രാൻഡ് മാസ്റ്റർ ജി.എസ്. പ്രദീപാണ് ഗ്രാൻഡ് ഫിനാലെ നയിച്ചത്. സ്വാതന്ത്ര്യദിന സ്മരണകളുയർത്തുന്ന കവിതകളും സിനിമകളും ചിത്രങ്ങളും ഉൾ​ക്കൊള്ളിച്ച് സംഘടിപ്പിച്ച ക്വിസ് മത്സരം കാണികളെയും ആവേശത്തിലാഴ്ത്തി.

സ്വാതന്ത്ര്യദിനത്തിൽ കോഴിക്കോട് ലുലു മാളിൽ നടന്ന ഗ്രാൻഡ് ഫിനാലെ എം.കെ. രാഘവൻ എം.പി ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യസമര ​പോരാട്ടത്തിൽ മഹാരഥൻമാർ വഹിച്ച പ​ങ്കിനെ അനുസ്മരിച്ച അദ്ദേഹം, ഗാന്ധി എന്ന വലിയ മനുഷ്യൻ ഇല്ലായിരുന്നെങ്കിൽ രാജ്യത്തിന് വളരെ പെട്ടന്ന് സ്വാതന്ത്ര്യം കിട്ടില്ലെന്നും പറഞ്ഞു. ലോകത്ത് ഏറ്റവും വലിയ സാ​മ്രാജ്യത്വ ശക്തിയായ ബ്രിട്ടനെതിരെയായിരുന്നു പോരാട്ടം. ബ്രിട്ടനെ ആയുധംകൊണ്ട് നേരിടാൻ കഴിയില്ലെന്നും അഹിംസയിലൂടെയും സത്യാഗ്രഹത്തിലൂടെയും നിസ്സഹകരണത്തിലൂടെയും നിയമലംഘനത്തിലൂടെയും ഉപവാസത്തിലൂടെയും മാത്രമേ നേരിടാനാകൂവെന്നും ഗാന്ധി വിശ്വസിച്ചു. ആ മാർഗങ്ങളിലൂടെ നമ്മുടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിതന്നു. ഗാന്ധിയൻ ആശയങ്ങളുടെയും ചിന്തകളുടെയും പ്രസക്തിയും നെഹ്റുവിയൻ കാഴ്ചപ്പാടിന്റെ ആവശ്യകതയും വർധിച്ചുവരുന്ന കാലഘട്ടമാണ് ഇതെന്നും എം.പി കൂട്ടിച്ചേർത്തു.

മാധ്യമം സി.ഇ.ഒ പി.എം. സാലിഹ് അധ്യക്ഷത വഹിച്ചു. ക്രേസ് ബിസ്ക്റ്റ്സ് വൈസ് പ്രസിഡന്റ് (സെയിൽസ്) വർഗീസ് തോമസ്, ലുലു കാലിക്കറ്റ് റീജനൽ ഡയറക്ടർ മുഹമ്മദ് ഷെരീഫ് മാട്ടിൽ, ജാക്ക് ആൻഡ് ജിൽ ബിസിനസ് ഡെവലപ്മെന്റ് മാനേജർ അലൻ വി. തോമസ്, മാധ്യമം കോഴിക്കോട് റീജണൽ മാനേജർ ടി.സി. റഷീദ്​ തുടങ്ങിയവർ പ​ങ്കെടുത്തു. ഫ്രീഡം ക്വിസിൽ മാധ്യമത്തോടൊപ്പം പങ്കാളികളായ ക്രേസ് ബിസ്കറ്റ്സ്, ലുലു കാലിക്കറ്റ്, ജാക്ക് ആൻഡ് ജിൽ, ലുലു കണക്ട്, ഓർബിസ് ക്രീയേറ്റീവ് പ്രൈവറ്റ് ലിമിറ്റഡ്, സെമി ഫൈനൽ ക്വിസ് മാസ്റ്ററായ സുഹൈർ സിരിയസ് എന്നിവർക്ക് സ്നേഹോപഹാരവും വിജയികൾക്കുള്ള സമ്മാനങ്ങളും എം.കെ. രാഘവൻ എം.പി സമ്മാനിച്ചു.

Tags:    
News Summary - 'Madhyamam Velicham' Freedom Quiz; A festival of knowledge that evokes memories of freedom

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.