വെള്ളാപ്പള്ളി നടേശൻ, വിഡി സതീശൻ
കൊച്ചി: എസ്.എന്‍.ഡി.പി യോഗവുമായോ വെള്ളാപ്പള്ളി നടേശനുമായോ ഒരുവഴക്കുമില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ചതയദിന പരിപാടികൾക്ക് എറണാകുളത്തെ രണ്ട് എസ്.എന്‍.ഡി.പി താലൂക്ക് യൂനിയനുകള്‍ ക്ഷണിച്ചിട്ടുണ്ട്. അതില്‍ പങ്കെടുക്കുമെന്ന് സതീശൻ വ്യക്തമാക്കി.
വെള്ളാപ്പള്ളിയുടെ അനുവാദമില്ലാതെ താലൂക്ക് യൂനിയനുകള്‍ വിളിക്കുമെന്ന് കരുതുന്നില്ല. അദ്ദേഹം പറഞ്ഞ കാര്യത്തിലുള്ള അഭിപ്രായ വ്യത്യാസം മാത്രമാണ് പറഞ്ഞത്. ഞാന്‍ വനവാസത്തിന് പോകണമെന്നാണ് അദ്ദേഹം ആവശ്യപ്പെട്ടത്. ആ വെല്ലുവിളി സ്വീകരിച്ചു. അല്ലാതെ തമ്മില്‍ വഴക്കില്ലെന്നും എസ്.എന്‍.ഡി.പി യോഗത്തിന്റെ പരിപാടികള്‍ക്ക് എല്ലാ വര്‍ഷവും പങ്കെടുക്കാറുണ്ടെന്നും സതീശൻ പറഞ്ഞു.
പൊലീസിനെ ഭരിക്കുന്നത് മുഖ്യമന്ത്രിയല്ല, മുഖ്യമന്ത്രിയുടെ ഓഫിസിലെ ഉപജാപക സംഘമാണെന്ന പ്രതിപക്ഷ ആരോപണം അടിവരയിടുന്നതാണ് എം.ആര്‍. അജിത്കുമാറിനെതിരായ വിജിലന്‍സ് കോടതി വിധി. ക്ലീന്‍ചിറ്റ് നല്‍കാനുള്ള തീരുമാനമെടുത്തത് ഏത് അദൃശ്യശക്തിയാണെന്നാണ് കോടതി ചോദിച്ചത്. ഉപജാപകസംഘമെന്ന് പറയാന്‍ സാധിക്കാത്തതു കൊണ്ടാണ് കോടതി അദൃശ്യശക്തിയെന്നു പറഞ്ഞത്. മുഖ്യമന്ത്രിയെ നിയന്ത്രിക്കുന്നതും അതേ ഉപജാപക സംഘമാണ്.
പാലാരിവട്ടം പാലത്തില്‍ എന്‍ജിനീയറിങ് പിഴവുണ്ടെന്ന റിപ്പോര്‍ട്ട് വന്നപ്പോൾ പഞ്ചവടിപ്പാലമെന്നും അഴിമതിയെന്നും പറഞ്ഞ് അന്നത്തെ മന്ത്രിയെ ജയിലില്‍ അടക്കാന്‍ ശ്രമിച്ച പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത്. ഇപ്പോള്‍ ഓരോ മാസവും ഓരോ പാലം വീഴുകയാണെന്ന് സതീശൻ കുറ്റപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.