ആർച് ബിഷപ് മാർ ജോസഫ് പാംപ്ലാനി

‘പാംപ്ലാനി പിതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് അവസാനിപ്പിക്കണം’ -സീറോ മലബാർ സഭ

കൊച്ചി:  തലശ്ശേരി മെത്രാപ്പോലീത്തയും എറണാകുളം-അങ്കമാലി അതിരൂപതക്കുവേണ്ടിയുള്ള മേജർ ആർച്ച് ബിഷപ്പിന്റെ വികാരിയുമായ ആർച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പിതാവിനെതിരെ കുറച്ചുദിവസങ്ങളായി സി. പി.എമ്മി​ന്റെ സംസ്ഥാന സെക്രട്ടറി അടക്കമുള്ളവർ നടത്തിവരുന്ന നിരുത്തരവാദപരവും തെറ്റിദ്ധാരണജനകവുമായ പ്രസ്താവനകൾ അസ്വസ്ഥത ജനിപ്പിക്കുന്നതാണെന്ന് സീറോ മലബാർ സഭ.

ഛത്തീസ്ഗഢിൽ ജയിലിലടക്കപ്പെട്ട കത്തോലിക്ക സന്യാസിനിമാരുടെ മോചനവുമായി ബന്ധപ്പെട്ട വിഷയത്തിൽ, ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പ്രധാനമന്ത്രിക്കും നന്ദി പറഞ്ഞ വിഷയം അനവസരത്തിലുയർത്തി പിതാവിനെ ആക്ഷേപിക്കാനുള്ള സി.പി. എം നേതാക്കളുടെ ശ്രമം അപലപനീയമാണ്.

മോചനം സാധ്യമാക്കുന്നതിന് സഹായിച്ച കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്കും, ഭരണപക്ഷ പ്രതിപക്ഷ നേതാക്കൾക്കും, മാധ്യമങ്ങൾക്കും, പൊതുസമൂഹത്തിനും നന്ദി പറയുന്ന സീറോ മലബാർ സഭയുടെ ഔദ്യാഗിക പൊതുനിലപാട് ആവർത്തിക്കുക മാത്രമാണ് പിതാവ് ചെയ്തിട്ടുള്ളത്. എന്നാൽ ഈ വിഷയത്തിൽ തങ്ങളുടെ രാഷ്ട്രീയ താൽപര്യ സംരക്ഷണത്തിന് ഒരു രാഷ്ട്രീയ പാർട്ടി അവരുടെ വിവിധ സംവിധാനങ്ങളിലൂടെ അനവസരത്തിലുള്ള പ്രസ്താവനകൾ വഴി പാംപ്ലാനി പിതാവിനെ അക്രമിക്കുകയാണ്.

സീറോ മലബാർ സഭക്ക് ഒരു രാഷ്ട്രീയ പാർട്ടിയോടും പ്രത്യേകമായ പ്രതിപത്തിയില്ല. സഭയുടെ രാഷ്ട്രീയം വിഷയങ്ങളോടുള്ള നിലപാടുകളിൽ അധിഷ്ഠിതമാണ്‌. തെറ്റ് ചെയ്യുമ്പോൾ അത് തെറ്റാണെന്ന് ചൂണ്ടിക്കാണിക്കാനും ശരി ചെയ്യുമ്പോൾ അത് അംഗീകരിക്കാനും സഭക്ക് മടിയില്ല. രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും അവയുടെ നേതാക്കളെയും അംഗീകരിക്കുന്നതിൽ സഭ ഒരു വീഴ്ചയും വരുത്തിയിട്ടില്ല.

ഇതേ ജനാധിപത്യ മര്യാദ രാഷ്ട്രീയ നേതാക്കൾ അവരുടെ പ്രസ്താവനകളിലും ഇടപെടലുകളിലും പ്രകടിപ്പിക്കുമെന്നാണ് സഭ കരുതുന്നത്. മാർ ജോസഫ് പാംപ്ലാനി പിതാവിനെ അകാരണമായി ഒറ്റപ്പെടുത്തി വിമർശിക്കാനുള്ള പ്രവണതയിൽനിന്ന് ബന്ധപ്പെട്ടവർ പിന്മാറുമെന്നാണ് സഭ പ്രതീക്ഷിക്കുന്നതെന്നും സീറോ മലബാർ സഭ വാർത്താകുറിപ്പിൽ പറഞ്ഞു.

Tags:    
News Summary - stop isolating and attacking sgainst Archbishop Mar Joseph Pamplani -syro malabar church

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.