വെള്ളാപ്പള്ളി നടേശൻ
കോട്ടയം: വീണ്ടും വർഗീയ പ്രസ്താവനയുമായി എസ്.എൻ.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. കോട്ടയത്തും പാലായിലും ക്രിസ്ത്യൻ ആധിപത്യമാണെന്നും കുരിശിന്‍റെ വഴിയേ പോകുന്നവർക്കാണ് സ്ഥാനമെന്നും വെള്ളാപ്പള്ളി ആരോപിച്ചു. 'കോലം അല്ല എന്നെ തന്നെ കത്തിച്ചാലും ഞാൻ പറയേണ്ടത് പറയുക തന്നെ ചെയ്യും' എന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു.
തദ്ദേശ സ്ഥാപനങ്ങളിൽ പോലും ഈഴവ പ്രാതിനിധ്യം കുറവാണെന്നും കോട്ടയത്ത് ജനപ്രതിനിധിയായിട്ട് ഈഴവ സമുദായത്തിൽ നിന്ന് ഒരാൾ മാത്രമേ കാണുകയുള്ളുവെന്നും ഈഴവ ഭൂരിപക്ഷമുള്ള ആലപ്പുഴയിലും സാമാന സ്ഥിതിയാണെന്നും വെള്ളാപ്പള്ളി പറഞ്ഞു. കെ.എം. മാണി സാർ സഹായങ്ങൾ ചെയ്തിട്ടുണ്ട്. എല്ലാവര്‍ക്കും കൊടുക്കുമ്പോള്‍ പൊട്ടും പൊടിയും എസ്.എന്‍.ഡി.പി യൂനിയന് തന്നിട്ടുണ്ട്. എന്നാല്‍ മകന്‍ സൂത്രക്കാരനാണെന്നും വെള്ളാപ്പള്ളി പറഞ്ഞു.
കോട്ടയം രാമപുരത്ത് മീനച്ചില്‍- കടുത്തുരുത്തി എസ്.എന്‍.ഡി.പി ശാഖ നേതൃസംഗമത്തിലാണ് വിദ്വേഷ പരാമർശം. താനൊരു വര്‍ഗീയവാദിയല്ല. തന്റെ സമുദായത്തെയും അവകാശങ്ങളെയും പറ്റി സംസാരിക്കുമ്പോൾ അത് എങ്ങനെ വർഗീയതയാകും, ലീഗിനോട് പറയേണ്ട കാര്യങ്ങള്‍ ലീഗിനോട് തന്നെ പറയണം. അതിന്റെ ബാധ്യത തനിക്കുണ്ടെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മലപ്പുറത്ത് കത്തിച്ചത് തന്‍റെ കോലം അല്ല, ഈഴവസമുദായത്തിന്‍റെ കോലമാണ് കത്തിച്ചത്. സാമൂഹിക നീതി എന്ന് പറഞ്ഞാൽ മാത്രം പോര. അത് മലപ്പുറത്തും നടപ്പാക്കേണ്ടതാണ്. നമ്മുടെ കുട്ടികൾക്കും മലപ്പുറത്ത് പഠിക്കണ്ടേ. മതേതരത്വം പറയുന്ന ലീഗിന് മുസ്ലിങ്ങൾ അല്ലാത്ത എം.എൽ.എമാർ ഇല്ല. അവർ മന്ത്രിമാർ ആയിരുന്നപ്പോൾ മുസ്ലിം അല്ലാത്ത ആരെയെങ്കിലും സ്റ്റാഫിൽ എങ്കിലും വെച്ചിട്ടുണ്ടോ? മാത്രമല്ല തന്റെ മലപ്പുറം പ്രസംഗം മാധ്യമങ്ങള്‍ വളച്ചൊടിച്ചെന്നും അദ്ദേഹം വിമര്‍ശിച്ചു. പിണറായി വിജയന്‍ പ്രസ്താവന ഇറക്കിയ ശേഷം മാധ്യമങ്ങള്‍ പത്തി താഴ്ത്തിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസം വെള്ളാപ്പള്ളി വർഗീയ പരാമർശം നടത്തിയിരുന്നു. ക്ഷേത്രങ്ങളും നാടും കൊള്ളയടിച്ചും കൊലവിളിച്ചും നടത്തിയ ടിപ്പുവിന്റെ പടയോട്ടവും വെട്ടിയും കുത്തിയും സ്ത്രീകളെ ഉപദ്രവിച്ചും നടത്തിയ മലബാര്‍ ലഹളയും പോലും സ്വാതന്ത്ര്യ സമരമാക്കാനുളള ശ്രമമാണ് നടന്നതെന്നും ഇതിനു പിന്നില്‍ സംഘടിത മതശക്തിയുടെ ഭരണ സ്വാധീനമാണെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം പറയുമ്പോള്‍ മലക്കുന്നതാണ് ഇന്നത്തെ കേരള രാഷ്ട്രീയം. മതേതരത്വമല്ല, ഒരു വിഭാഗത്തിന്റെ മഹാ ആധിപത്യമാണ് നടക്കുന്നത്. ഒന്നിച്ചു പോരാടി അധികാരത്തിലെത്തിയപ്പോള്‍ വഞ്ചിച്ച ചരിത്രമാണ് മുസ്ലിം ലീഗിനെന്നും വെളളാപ്പള്ളി പറഞ്ഞു.
ചില കുലംകുത്തികൾ കുത്തി കുത്തി ഇപ്പോൾ അവരുടെ നെഞ്ചിൽ തന്നെ കുത്തുകൊള്ളുന്ന സാഹചര്യമാണ്. ഈഴവർക്കായുള്ള അവകാശങ്ങൾ ചോദിച്ചു വാങ്ങുമ്പോൾ ചിലർ എന്നെ വർഗീയവാദിയെന്ന് വിളിക്കുന്നു. മറ്റുള്ളവർക്ക് വേണ്ടി അവസരങ്ങൾ ഉപേക്ഷിക്കുന്നതാണോ മതേതരത്വമെന്നും വെള്ളാപ്പള്ളി ചോദിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.