മുഖ്യമന്ത്രിയുടെ ഫയർ സർവിസ് മെഡൽ ലഭിച്ച അഗ്നി രക്ഷസേനയിലെ സ്കൂബ ഡൈവർ അനിൽ മോഹൻ

അഗ്നിരക്ഷ സേനയിലെ സ്കൂബ ഡൈവർ അനിൽ മോഹന് മുഖ്യമന്ത്രിയുടെ ഫയർ സർവിസ് മെഡൽ

അങ്കമാലി: അഗ്നിരക്ഷാ സേനയിലെ സ്കൂബ ഡൈവറായ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ അനിൽ മോഹന്  മുഖ്യമന്ത്രിയുടെ ഫയർ സർവിസ് മെഡൽ.  കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡയറക്ടറേറ്റ് ജനറൽ - ഫയർ സർവിസ് 2025ൽ പ്രഖ്യാപിച്ച ഡിസ്ക് ആൻഡ് കമന്‍റേഷൻ സർട്ടിഫിക്കറ്റും, സംസ്ഥാന  ഫയർ ആൻഡ് റെസ്ക്യൂ ഡിപ്പാർട്ട്മെന്‍റ്  പ്രഖ്യാപിച്ച ‘ബാഡ്ജ് ഓഫ് ഓണർ’  പുരസ്കാരവുമാണ് ലഭിച്ചത്. 

2018ലെ മഹാപ്രളയം,  2019ലെ കവളപ്പാറ ദുരന്തം, 2020 ലെ ഇരുമ്പനം ബി.പി.സി.എല്ലിലെ തീപിടുത്തം, 2023 മലയാറ്റൂർ മണപ്പാട്ടു ചിറ ദുരന്തം, 2024ലെ ആളൂർ കുഴിക്കാട്ടുശ്ശേരിയിൽ പാറമടയിൽ അപകടം, 2024ലെ കോടശ്ശേരി എലഞ്ഞിപ്രയിൽ മരം വെട്ടുകാരൻ അപകടത്തിൽപെട്ട സംഭവം, പീച്ചി, പെരിങ്ങൽക്കുത്ത്, ഷോളയാർ ഡാമുകൾ,  കരുവന്നൂർ,  മണലി, ചാലക്കുടി പുഴകൾ, എറണാകുളം ജില്ലയിലെ വിവിധ ക്വാറികളിലെ ജലാശയ അപകടങ്ങൾ തുടങ്ങിയവയിലെല്ലാം അതിസാഹസിക ജീവൻ രക്ഷാ സേവനങ്ങളാണ് അനിൽ മോഹൻ കാഴ്ച വെച്ചത്.  അദ്ദേഹത്തിന്റെ വയനാട് മുണ്ടക്കൈ ദുരന്തത്തിലെ മികച്ച ജീവൻ രക്ഷാപ്രവർത്തനങ്ങൾ  രാജ്യത്തിനപ്പുറവും ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. 

മണപ്പാട്ടു ചിറയിൽ കാർ അടക്കം രണ്ടുപേർ മുങ്ങിത്താഴ്ന്നപ്പോൾ ഒരു ഡൈവിൽ തന്നെ  രണ്ടുപേരെയും അതിസാഹസികമായി മുങ്ങിയെടുത്തതും, തൃശൂർ  അമ്പാടി കുളത്തിൽ സ്റ്റാന്‍റ് ബൈ ഡ്യൂട്ടിക്കിടെ മുങ്ങിത്താഴ്ന്നയാളെ  ഫയർ  ആൻഡ് റെസ്ക്യൂ ഓഫിസർ സന്തോഷ് കുമാറിനൊപ്പം ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നതും സാഹസിക സേവന മികവിലെ പൊൻതൂവലായിരുന്നു.

ആളൂർ കുഴിക്കാട്ടുശ്ശേരിയിൽ അർധരാത്രിയാണ് മൂന്ന് പേർ പാറമട ക്വാറിയിലെ വെള്ളത്തിൽ കാർ ഉൾപ്പെടെ 50 അടി താഴ്ചയിൽ അകപ്പെട്ടത്. കാലാവസ്ഥയും, സാഹചര്യവും പ്രതികൂലമായിരുന്നിട്ടും  എല്ലാ വെല്ലുവിളികളേയും അതിജീവിച്ച് സഹപ്രവർത്തകൻ സ്കൂബ ഡൈവർ മിഥുനോടൊപ്പം മൂവരെയും രാത്രിയിൽ തന്നെ മുങ്ങിയെടുത്ത് രക്ഷപ്പെടുത്തുകയുണ്ടായി. എലഞ്ഞിപ്രയിൽ മരം വെട്ടുന്നതിനിടെ വെട്ടുകാരന്  മരത്തിന്‍റെ ചില്ല തട്ടി സാരമായി പരുക്കേറ്റ് 50 അടി ഉയരത്തിലുള്ള മരത്തിൽ കുടുങ്ങിയെങ്കിലും അനിൽ മരത്തിന്‍റെ മുകളിൽ കയറി രക്ഷപ്പെടുത്തി.

തൃശൂർ, എറണാകുളം ജില്ലകളിലെ വിവിധ ജലാശയ അപകടങ്ങളിൽ അഗ്നിരക്ഷ സേനയുടെ  രക്ഷാപ്രവർത്തനങ്ങളിൽ പ്രധാനിയായ അനിൽ ഫോർട്ട് കൊച്ചി അഗ്നി രക്ഷാ സേനയിലെ  ജല സുരക്ഷ വിദഗ്ധ പരിശീലന കേന്ദ്രത്തിൽ ഡൈവിങ് ഇൻസ്ട്രക്ടർ കൂടിയാണ്. നിലവിൽ ചാലക്കുടി നിലയത്തിലാണ് സേവനം ചെയ്യുന്നത്.

അങ്കമാലി പുളിയനം സ്വദേശിയായ അനിൽ മോഹന്‍റെ അതിസേവന മികവ് മാനിച്ച് നാടെങ്ങും ആദരവ് ലഭിച്ചിട്ടുണ്ട്. ‘മാധ്യമം’ എജുകഫേയിലും അനിൽ മോഹനെ ആദരിക്കുകയുണ്ടായി. ഭാര്യ: നേവി ഉദ്യോഗസ്ഥയായ രേഖ രാമകൃഷ്ണൻ. മക്കൾ: ഭഗത് അനിൽ, മണികർണിക ( അങ്കമാലി വിശ്വജ്യോതി പബ്ലിക്  സ്കൂൾ).


Tags:    
News Summary - Anil Mohan's life-saving work is a Gods Worship; Chief Minister's Fire Service Medal for Scuba Diver Anil Mohan of the Fire Service

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.