തൃശൂർ: തൃശൂർ-എറണാകുളം ദേശീയപാതയിൽ വൻ ഗതാഗതകുരുക്ക്. മുരിങ്ങൂരിലാണ് വലിയ കുരുക്ക് അനുഭവപ്പെടുന്നത്. എറണാകുളത്തേക്ക് പോകുന്ന പാതയിൽ മൂന്ന് കിലോമീറ്ററോളമാണ് വാഹനങ്ങളുടെ നീണ്ടനിരയുള്ളത്. മുരങ്ങൂർ മുതൽ പോട്ട വരെയാണ് ഗതാഗതകുരുക്കുള്ളത്.
അടിപ്പാത നിർമാണം നടക്കുന്ന ദേശീയപാതയുടെ സർവീസ് റോഡിന്റെ അറ്റകൂറ്റപ്പണി നടത്താത്തതാണ് രൂക്ഷമായ ഗതാഗത കുരുക്കിന് കാരണം. നേരത്തെ പാലിയേക്കരയിൽ നിന്നും ടോൾ പിരിക്കരുതെന്ന് ഹൈകോടതി ഉത്തരവിട്ടിരുന്നു. ഇതിനെതിരെ കരാർ കമ്പിനിയും ദേശീയപാത അതോറിറ്റിയും സുപ്രീംകോടതിയെ സമീപിച്ചപ്പോൾ രൂക്ഷവിമർശനമാണ് ചീഫ് ജസ്റ്റിസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്.
എറണാകുളം - തൃശൂർ ദേശീയപാതയിലെ പാലിയേക്കര ടോൾ പ്ലാസയിലൂടെ സഞ്ചരിച്ചപ്പോൾ നേരിട്ട് അനുഭവിച്ച ബുദ്ധിമുട്ട് വിശദീകരിച്ച് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ് രംഗത്തെത്തിയിരുന്നു. എസ്‌കോർട്ട് അകമ്പടി ഉണ്ടായിട്ടും പാലിയേക്കര ടോൾ പ്ലാസ കടക്കാൻ തന്റെ വാഹനം ബുദ്ധിമുട്ടിയെന്ന് അദ്ദേഹം തുറന്ന കോടതിയിൽ പറഞ്ഞു. ടോൾ പിരിച്ചിട്ട് റോഡ് നന്നാക്കാത്തത് എന്ത് കൊണ്ടാണ് എന്ന് ചീഫ് ജസ്റ്റിസ് ബി ആർ ഗവായ് ദേശീയ പാത അതോറിറ്റിയോട് ആരായുകയും ചെയ്തിരുന്നു.
ഒരു തവണ മാത്രമാണ് ആ റോഡിലൂടെ സഞ്ചരിച്ചിട്ടുള്ളത്. അന്ന് എസ്‌കോർട്ട് വാഹനം ഉണ്ടായിരുന്നു. എന്നിട്ട് പോലും തന്റെ വാഹനം കടന്ന് പോകാൻ ബുദ്ധിമുട്ട് അനുഭവിച്ചുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.