ചെങ്ങറ സമരഭൂമി

ചെങ്ങറയിലെ 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രിയുടെ നിര്‍ദേശം

പത്തനംതിട്ട: ചെങ്ങറ ഭൂസമര പ്രദേശത്തെ കുടുംബങ്ങളുടെ ജീവിതാവസ്ഥ മെച്ചപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. 1136 കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ വേഗത്തില്‍ പൂര്‍ത്തീകരിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു.

ബന്ധപ്പെട്ട മന്ത്രിമാര്‍ ഉദ്യോഗസ്ഥരുമായും പ്ലാന്‍റേഷന്‍ കോര്‍പ്പറേഷന്‍, ഫാമിങ് കോര്‍പറേഷന്‍ തുടങ്ങിയവരുമായും ചര്‍ച്ച ചെയ്ത് ഇക്കാര്യത്തില്‍ നടപടികള്‍ സ്വീകരിക്കണം. പ്രത്യേക ക്യാമ്പ് നടത്തി റേഷന്‍ കാര്‍ഡ് വിതരണം നടത്തിയിട്ടുണ്ട്. ഓണക്കിറ്റും വിതരണം ചെയ്തു. അടുത്തമാസം മുതല്‍ ഭക്ഷ്യവസ്തുകള്‍ കൊടുക്കാന്‍ സഞ്ചരിക്കുന്ന റേഷന്‍കടകള്‍ ആരംഭിക്കും. തൊഴില്‍ കാര്‍ഡ് വിതരണം ഉടന്‍ പൂര്‍ത്തിയാക്കും.

കുട്ടികളുടെ പോഷകാഹരപ്രശ്നം പരിഹരിക്കാന്‍ നിലവിലുള്ള അഗന്‍വാടികളെ ശക്തിപ്പെടുത്തി പരിഹാരം കണ്ടെത്തണം. ആരോഗ്യപ്രശ്നങ്ങള്‍ കണ്ടെത്തി മതിയായ ചികിത്സ ഉറപ്പാക്കുന്നതിന് നിശ്ചിത ഇടവേളകളില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാനായി സോളാര്‍ ലാംപ് നല്‍കാന്‍ നടപടി സ്വീകരിക്കും. കുടിവെള്ള ലഭ്യത ഉറപ്പാക്കാനുള്ള നടപടികള്‍ കൈക്കൊള്ളാനും മുഖ്യമന്ത്രി നിര്‍ദേശിച്ചു.

മന്ത്രിമാരായ കെ. രാജന്‍, കെ. കൃഷ്ണന്‍കുട്ടി, എ. കെ ശശീന്ദ്രന്‍, എം. ബി രാജേഷ്, ജി. ആര്‍ അനില്‍, ഒ. ആര്‍ കേളു, വീണാ ജോര്‍ജ്, ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, നിയമ വകുപ്പ് സെക്രട്ടറി കെ. ജി സനല്‍കുമാര്‍, റവന്യു സെക്രട്ടറി എം. ജി രാജമാണിക്യം തുടങ്ങിയവര്‍ സംസാരിച്ചു.

Tags:    
News Summary - Chief Minister directs to expedite the process of rehabilitating 1136 families in Chengara

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.