കോഴിക്കോട്: കലക്‌ടറേറ്റിലെ ഓണാഘോഷത്തിനിടെ ജീവനക്കാരിയോട് ഉന്നത ഉദ്യോഗസ്ഥൻ മോശമായി പെരുമാറിയെന്ന് പരാതി. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സംഭവം. ആഭ്യന്തര അന്വേഷണ സമിതി ഇന്ന് കലക്‌ടർക്ക് റിപ്പോർട്ട് നൽകും. ഇതിന്‍റെ അടിസ്ഥാനത്തിലാകും തുടർ നടപടി സ്വീകരിക്കുക.
സ്റ്റാഫ് കൗൺസിലിന്‍റെയും റവന്യൂ റിക്രിയേക്ഷൻ ക്ലബ്ബിന്‍റെയും നേതൃത്വത്തിലായിരുന്നു 28ന് കലക്‌ടറേറ്റിൽ ഓണാഘോഷം സംഘടിപ്പിച്ചത്. ഇതിനിടെ ജീവനക്കാരിക്കു നേരെ മോശം പെരുമാറ്റമുണ്ടായെന്നാണ് പരാതി. നേരത്തെ കലക്ടറേറ്റിലെ ജീവനക്കാരിയായിരുന്ന പരാതിക്കാരി സ്ഥലംമാറി നിലവിൽ മറ്റൊരു സർക്കാർ ഓഫിസിലാണ് ജോലി ചെയ്യുന്നത്. ഓണാഘോഷത്തിനായി കലക്ടറേറ്റിൽ എത്തിയതായിരുന്നു. ഉന്നത ഉദ്യോഗസ്ഥനിൽനിന്ന് അതിക്രമം നേരിട്ടതിനു പിന്നാലെ കലക്ടർക്കുൾപ്പെടെ പരാതി എഴുതി നൽകി.
ആഭ്യന്തര അന്വേഷണ സമിതി പരാതിക്കാരിയുടെയും വ്യാഴാഴ്ച ഓണാഘോഷത്തിൽ പങ്കെടുത്തവരുടെയും മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്ന് കലക്ടർ അറിയിച്ചു. പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടാൽ പൊലീസിന് കൈമാറുകയും ക്രിമിനൽ നടപടി പ്രകാരം കേസ് എടുക്കലിലേക്ക് നീങ്ങുകയും ചെയ്യും. അതേസമയം പരാതിക്കാരിയും ആരോപണ വിധേയനും ഭരണാനുകൂല സംഘടനയിലെ അംഗങ്ങളാണ്. സംഭവം ഒതുക്കിതീർക്കാനുള്ള ശ്രമം നടക്കുന്നതായി ആക്ഷേപമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.