തിരുവനന്തപുരം: ആരാധനാലയങ്ങള്‍, ശ്മശാനങ്ങള്‍, കലാസാംസ്കാരിക സംഘടനകള്‍, വായനശാലകള്‍, ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ എന്നിവ കൈവശംവെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി പതിച്ചുനൽകാനുള്ള വ്യവസ്ഥകളില്‍ വ്യക്തതവരുത്താൻ തീരുമാനം.
കൈവശംവെച്ചിരിക്കുന്നതില് വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമിയുണ്ടെങ്കില്‍ അതിന് കമ്പോള വില സര്‍ക്കാറില്‍ ഒടുക്കണമെന്ന വ്യവസ്ഥയിലാണ് വ്യക്തതവരുത്തുക.
ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം പുറത്തിറക്കിയ ഉത്തരവില്‍ വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമി ഒഴിവാക്കി ബാക്കിയുള്ളത് വ്യവസ്ഥകളോടെ പതിച്ചുനൽകുമെന്ന് പരാമര്‍ശിക്കുന്നുണ്ട്. ഇത് ആശയക്കുഴപ്പമുണ്ടാക്കിയ സാഹചര്യത്തിലാണ് ഉത്തരവ് പരിഷ്കരിക്കുക.
വാണിജ്യാവശ്യത്തിന് ഉപയോഗിക്കുന്ന ഭൂമിക്ക് കമ്പോള വില ഈടാക്കാനാണ് മന്ത്രിസഭ തീരുമാനിച്ചത്. വില ഈടാക്കി പതിച്ചുനൽകുന്നതിനാല് പിന്നീട് വാണിജ്യ നിര്‍മിതികള്‍ പാടില്ലെന്ന് വ്യവസ്ഥ ചെയ്യാനാവില്ലെന്ന് അഭിപ്രമായമുയര്ന്നിരുന്നു.
മതിയായ രേഖകളില്ലാതെ കൈവശംവെച്ചിരിക്കുന്ന സര്‍ക്കാര്‍ ഭൂമി നിശ്ചിത ശതമാനം ഫെയർ വാല്യൂ ഈടാക്കി കൈവശക്കാര്‍ക്ക് പതിച്ചുനൽകുമെന്നാണ് സർക്കാർ ഉത്തരവിറക്കിയത്. 2020ല്‍ റവന്യൂ വകുപ്പ് ഇതുസംബന്ധിച്ച് പുറത്തിറക്കിയ വ്യവസ്ഥകള്‍ അപ്രായോഗികമെന്നുകണ്ട് പരിഷ്കരിക്കുകയായിരുന്നു. ആരാധനാലയങ്ങള്‍ക്കും ശ്മശാനങ്ങള്‍ക്കും ഒരേക്കര്‍ ഭൂമിവരെയാണ് പതിച്ചുനൽകുന്നതെന്ന് ഉത്തരവിലുണ്ട്.
ചാരിറ്റബിള്‍ സ്ഥാപനങ്ങള്‍ക്ക് പഞ്ചായത്തില്‍ 50 സെന്റും മുനിസിപ്പാലിറ്റിയില്‍ 25 സെന്റും കോർപറേഷനില്‍ അഞ്ചുസെന്റും സ്വന്തമാക്കാം. കല, കായിക, സാസ്കാരിക, സാമുദായിക സംഘടനകള്‍, വായനശാലകള്‍ എന്നിവക്ക് ഇത് യഥാക്രമം 15, 10, അഞ്ച് സെന്റുവീതമായിരിക്കും. നഗരങ്ങളിലെ ഭൂലഭ്യതക്കുറവ് കണക്കിലെടുത്ത് ചീഫ് സെക്രട്ടറിയുടെ നിർദേശംകൂടി കണക്കിലെടുത്താണ് നഗരസഭകളില്‍ പരിധിനിശ്ചയിക്കുന്നത്.
പതിച്ചുനൽകുന്ന ഭൂമി അതേ ആവശ്യത്തിനേ ഉപയോഗിക്കാനാവൂവെന്നും നിബന്ധനയുണ്ടാകും. പിന്നീട് മറ്റ് ആവശ്യങ്ങള്‍ക്ക് കൈമാറാന്‍ പാടില്ല. പതിച്ചുനൽകിയ ഉദ്ദേശ്യത്തിനല്ലാതെ ഉപയോഗിക്കുകയോ സ്ഥാപനം നിര്‍ത്തുകയോ തെറ്റായ വിവരങ്ങള്‍ നൽയാണ് പതിച്ചുവാങ്ങിയതെന്ന് തെളിയിക്കപ്പെടുകയോ ചെയ്താല്‍ ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കുമെന്നും ഉത്തരവിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.