വോട്ടുവിവാദത്തിനിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശൂർ റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ
തൃശൂർ: ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റിന് തൃശൂർ ജില്ല വൈസ് പ്രസിഡന്റിന്റെ വീടിന്റെ മേൽവിലാസത്തിൽ വോട്ട്. ഒപ്പം ഇരട്ട വോട്ടും.
മലപ്പുറം തിരൂർ സ്വദേശിയായ വി. ഉണ്ണികൃഷ്ണനാണ് തൃശൂരിൽ വോട്ട് ചേർത്തത്. ബി.ജെ.പി തൃശൂർ ജില്ല വൈസ് പ്രസിഡന്റും തൃശൂർ നഗരസഭ കൗൺസിലറും കേരളവർമ കോളജ് അധ്യാപികയുമായ ഡോ. വി. ആതിരയുടെ വീടിന്റെ വിലാസത്തിലാണ് ഇദ്ദേഹത്തിന്റെ വോട്ട്. ഈ വീട്ടിലെ സ്ഥിരതാമസക്കാരനാണെന്ന് വ്യക്തമാക്കിയാണ് വോട്ട് ചേർത്തത്.
ഓരോ ദിവസവും പുറത്തുവരുന്നത് ബി.ജെ.പി ആസൂത്രിതമായി വോട്ട് ചേർത്തതിന്റെ വിവരങ്ങളാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള അനുഭാവികൾ മുതൽ സംസ്ഥാന നേതാക്കൾ വരെ വ്യാജ വിലാസത്തിലും അല്ലാതെയും തൃശൂർ പാർലമെന്റ് മണ്ഡലത്തിൽ വോട്ട് ചേർത്തുവെന്നാണ് വ്യക്തമാകുന്നത്.
വ്യാജ വിലാസത്തിൽ വോട്ട് ചേർത്താൽ വീട്ടുടമയാണ് മറുപടി പറയേണ്ടതെന്ന ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ജില്ല പ്രസിഡന്റുമായ കെ.കെ. അനീഷ് കുമാറിന്റെ പ്രസ്താവന പാർട്ടിക്കെതിരെ തിരിഞ്ഞുകുത്തുന്ന സാഹചര്യവുമുണ്ട്. ദിവസങ്ങൾ മുമ്പ് പൂങ്കുന്നത്തെ ഫ്ലാറ്റിൽ ഉടമയറിയാതെ 10 വോട്ട് ചേർത്തുവെന്ന വാർത്തയോട് പ്രതികരിക്കുന്നതിനിടെയാണ് വീട്ടുടമക്കെതിരെ കുറ്റപ്പെടുത്തിയത്. വി. ആതിരയുടെ വീട്ടുവിലാസത്തിൽ വി. ഉണ്ണികൃഷ്ണൻ വോട്ട് ചേർത്തുവെന്ന തെളിവ് പുറത്തുവന്നതോടെ ആതിരക്കെതിരെ നടപടി എടുക്കേണ്ട സാഹചര്യം കൂടി ഉയർന്നിട്ടുണ്ട്.
അയ്യന്തോൾ ഡിവിഷനിൽ കേരളവർമ കോളജിന് സമീപമാണ് ആതിരയുടെ വീട്. ഈ വിലാസത്തിലാണ് പൊന്നാനി ലോക്സഭ മണ്ഡലത്തിൽ ഉൾപ്പെട്ട തിരൂർ വളവന്നൂർ സ്വദേശിയായ ഉണ്ണികൃഷ്ണന്റെ വോട്ട്.
അതേസമയം, തെരഞ്ഞെടുപ്പ് ഐ.ഡിയിൽ ഉണ്ണികൃഷ്ണന്റേത് വ്യത്യസ്ത എപിക് നമ്പറുകളാണ്. ഇത്തരത്തിൽ വെവ്വേറെ എപിക് നമ്പറിൽ വോട്ട് ചേർക്കുന്നത് ക്രിമിനൽ കുറ്റമാണെന്ന പരാതിയും ഉയരുന്നുണ്ട്.
അതേസമയം, ഈ വോട്ട് ചേർത്തത് സംബന്ധിച്ച് ഓർമയില്ലെന്നാണ് ബൂത്ത് ലെവൽ ഓഫിസറുടെ (ബി.എൽ.ഒ) പ്രതികരണം. ബി.എൽ.ഒമാരുടെ പ്രവർത്തനം സംബന്ധിച്ച് നേരത്തേ തന്നെ പരാതികൾ ഉയരുന്നതിനിടെയാണ് അറിയപ്പെടുന്ന ഒരു നേതാവിന്റെ വീട്ടിൽ സംസ്ഥാന നേതാവിന്റെ വോട്ട് ചേർത്തത് സംബന്ധിച്ച് ഓർമയില്ലെന്ന് ബി.എൽ.ഒ പറയുന്നത്.
വി. ഉണ്ണികൃഷ്ണനാണ് തൃശൂരിൽ സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ച പ്രധാനികളിൽ ഒരാൾ. നാലു മാസത്തോളം മണ്ഡലത്തിൽ ക്യാമ്പ് ചെയ്ത് വോട്ടുകൾ ചേർത്തുവെന്നും വിജയത്തിനായി പരമാവധി വോട്ടുകൾ ചേർക്കാനാണ് ശ്രമിച്ചതെന്നും അദ്ദേഹം വാർത്താചാനലിനോട് പറഞ്ഞിരുന്നു. അതേസമയം, വി. ആതിരക്കെതിരെ നടപടി ആവശ്യപ്പെട്ട് കേരളവർമ കോളജ് മാനേജ്മെന്റായ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റിന് കെ.എസ്.യു പരാതി നൽകിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.