തൃശൂർ: തൃശൂരിലെ വോട്ടർ പട്ടിക ക്രമക്കേടിൽ ബി.ജെ.പിക്കും തെരഞ്ഞെടുപ്പ് കമീഷനുമെതിരെ ഗുരുതര ആരോപണവുമായി കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ടി.എൻ. പ്രതാപൻ. 2023-24ൽ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് വേണ്ടി കേരളത്തിൽ വോട്ടർ പട്ടിക പുതുക്കുന്നതിന്‍റെ ചുമതല വഹിച്ച സ്വകാര്യ സോഫ്റ്റ്‌വെയർ കമ്പനിയെ സ്വാധീനിച്ചാണ് ബി.ജെ.പി കേന്ദ്രനേതൃത്വം തൃശൂരിലെ വോട്ടർ പട്ടികയിൽ അവസാന നിമിഷം 30,000ത്തിലേറെ വ്യാജ വോട്ടുകൾ തിരുകിക്കയറ്റിയെതെന്ന് അദ്ദേഹം ആരോപിച്ചു.
ഇതേക്കുറിച്ച് സ്വതന്ത്ര അന്വേഷണം വേണം. കരട് വോട്ടർ പട്ടികയിൽ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ ബൂത്ത് ലെവൽ ഏജന്‍റുമാർ (ബി.എൽ.എ) പരിശോധന നടത്തിയതാണ്. അന്ന് നീക്കേണ്ടത് നീക്കുകയും ഉൾപ്പെടുത്തേണ്ടത് ഉൾപ്പെടുത്തുകയും ചെയ്തിരുന്നു. പിന്നീട് പുറത്തുവന്നത് അന്തിമ വോട്ടർ പട്ടികയാണ്. അതിൽ ആരും അറിയാത്ത വ്യാജ വോട്ടർമാർ കടന്നുകൂടി.
മലപ്പുറം, പാലക്കാട്, എറണാകുളം ജില്ലകളിൽ നിന്നും തൃശൂർ ജില്ലയിൽ തന്നെ മണ്ഡലത്തിന് പുറത്തുള്ളവരെയും അതിന് പുറമേ ഇതരസംസ്ഥാനങ്ങളിൽനിന്ന് പോലും ഇവിടെ വോട്ടുകൾ ചേർത്തതായും വാർത്താകുറിപ്പിൽ അദ്ദേഹം ആരോപിച്ചു.
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് കമീഷന്‍റെ അനുമതിയോടെയാണ് ബി.ജെ.പി രാജ്യവ്യാപകമായി വോട്ടര്‍പട്ടികയില്‍ കൃത്രിമം നടത്തിയതെന്നും അതിന്റെ ഭാഗമാണ് തൃശൂരിലെ ക്രമക്കേടെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. വോട്ടര്‍പട്ടിക ക്രമക്കേട് സംബന്ധിച്ച് ഉത്തരം പറയാനുള്ള ബാധ്യത തൃശൂരിലെ എം.പിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കുമുണ്ട്.
പ്രതിരോധിക്കാന്‍ ഒന്നും ഇല്ലാത്തതിനാലാണ് അദ്ദേഹം മിണ്ടാത്തത്. അമ്പതിനായിരത്തിനും അറുപതിനായിരത്തിനും ഇടയില്‍ വ്യാജ വോട്ടുകള്‍ തൃശൂരിലുണ്ടെന്നാണ് യു.ഡി.എഫ് കണ്ടെത്തിയതെന്നും അദ്ദേഹം പറഞ്ഞു. വിഭജന ഭീതി ദിനം ആചരിക്കാനുള്ള ഗവർണറുടെ നിർദേശം ഗുരുതര തെറ്റാണ്. കേരള സര്‍ക്കാറിന്റെയും ജനങ്ങളുടെയും പ്രതിഷേധം ഗവര്‍ണറെ നേരിൽ അറിയിക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
തിരുവനന്തപുരം: 2021ൽ പ്രതിപക്ഷം കണ്ടെത്തി തെളിവ് സമർപ്പിച്ച വ്യാജ വോട്ടുകളുടെ കാര്യത്തിൽ സ്വീകരിച്ച നടപടികളുടെ വിശദാംശം തേടി രമേശ് ചെന്നിത്തല മുഖ്യതെരഞ്ഞെടുപ്പ് ഓഫിസർക്ക് പരാതി നൽകി. 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ 30 മണ്ഡലങ്ങളിൽ 10,000 വോട്ടിൽ താഴെ വ്യത്യാസത്തിലാണ് യു.ഡി.എഫ് സ്ഥാനാർഥികൾ പരാജയപ്പെട്ടത്. അന്ന് 4.34 ലക്ഷം ഇരട്ടിപ്പുകളോ വ്യാജ വോട്ടുകളോ പ്രതിപക്ഷം കണ്ടെത്തിയിരുന്നു.
സംശയാസ്പദമായ വോട്ടുകകളിൽ 3,24,291 എണ്ണം ഒരേ മണ്ഡലത്തിലും 1,09,693 മറ്റു മണ്ഡലങ്ങളിലും സൃഷ്ടിച്ചവയായിരുന്നു. വ്യക്തമായ തെളിവുകളോടെ തെരഞ്ഞെടുപ്പ് കമീഷന് പരാതി നൽകിയെങ്കിലും കാര്യമായ ഫലമുണ്ടായില്ല. തുടർന്ന് ഹൈകോടതിയെ സമീപിച്ച ഘട്ടത്തിൽ 38,000 വോട്ടുകൾ ഇരട്ട വോട്ടുകളാണെന്ന് തെരഞ്ഞെടുപ്പ് കമീഷൻ സമ്മതിച്ചു.
ശേഷിക്കുന്നവയുടെ കാര്യത്തിൽ സാങ്കേതിക പരിമിതികൾ കാരണം പരിശോധിക്കാൻ കഴിഞ്ഞില്ലെന്ന് നിലപാടെടുത്തു. ഹൈകോടതി ഇരട്ടിപ്പായി കണ്ടെത്തിയ വോട്ടുകൾ നീക്കം ചെയ്യാനും കള്ളവോട്ട് ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്താനും 2021 മാർച്ച് 31ന് ഉത്തരവിട്ടു. ഇതനുസരിച്ച് എത്ര വോട്ടുകൾ നീക്കംചെയ്തെന്ന് വ്യക്തമല്ല. ബി.ജെ.പിയും സി.പി.എമ്മും അധികാരം പിടിക്കാൻ ഒരേ അട്ടിമറിയാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.