തിരുവനന്തപുരം: സർക്കാറിന്റെയും പ്രതിപക്ഷത്തിന്റെയും ശക്തമായ പ്രതിഷേധം തള്ളി വ്യാഴാഴ്ച സർവകലാശാലകളിൽ വിഭജന ഭീതി ദിനാചരണം നടത്താൻ വീണ്ടും ചാൻസലറായ ഗവർണറുടെ നിർദേശം. നേരത്തെ അയച്ച കത്തിന്റെ ഓർമപ്പെടുത്തലായാണ് വൈസ് ചാൻസലർമാർക്ക് രാജ്ഭവൻ വീണ്ടും കത്തയച്ചത്. പിന്നാലെ, കാമ്പസുകളിൽ ഗവർണർ നിർദേശിച്ച ദിനാചരണ പരിപാടി നടത്തേണ്ടതില്ലെന്ന് വ്യക്തമാക്കി കോളജ് വിദ്യാഭ്യാസ ഡയറക്ടറും സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറും പ്രിൻസിപ്പൽമാർക്ക് കത്തയച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശ പ്രകാരമാണ് നടപടി.
ദിനാചരണം നടത്താനുള്ള നിർദേശത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും മന്ത്രിമാരും രംഗത്തുവന്നിരുന്നു. ഭൂരിപക്ഷം സർവകലാശാലകളും ഗവർണറുടെ നിർദേശത്തിൽ തുടർനടപടി സ്വീകരിക്കാതിരിക്കെയാണ് വീണ്ടും ഗവർണർ കത്തയച്ചത്. പരിപാടി നടത്തിയാൽ തടയുമെന്ന് എസ്.എഫ്.ഐയും കെ.എസ്.യുവും പ്രഖ്യാപിച്ചിരിക്കെ ഗവർണറുടെ നിർദേശത്തോട് സർവകലാശാലകളും കോളജുകളും വ്യാഴാഴ്ച എന്ത് നിലപാട് സ്വീകരിക്കുമെന്നത് നിർണായകമാണ്.
അതേസമയം, ഗവര്‍ണര്‍ നിർദേശിച്ച വിഭജന ഭീതി ദിനാചരണം കേരളത്തിലെ കാമ്പസുകളില്‍ നടത്തേണ്ടതില്ലെന്നാണ് സര്‍ക്കാര്‍ തീരുമാനമെന്ന് പ്രോ ചാൻസലർ കൂടിയായ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്. ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു. കലാലയങ്ങള്‍ക്ക് ഈ നിർദേശം നല്‍കും. നാളിതുവരെ ഇല്ലാത്ത വിധത്തിലാണ് വിഭജന ദിനം ആചരിക്കാൻ നിര്‍ദേശം നല്‍കിയത്. സാമുദായിക ധ്രുവീകരണത്തിലേക്കാണ് ഇത് ചെന്നുനില്ക്കുക. മതനിരപേക്ഷത വളര്‍ത്താനാണ് എല്ലാവരും ശ്രമിക്കേണ്ടതെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, കേരള, കണ്ണൂർ സർവകലാശാലകൾക്ക് പിന്നാലെ എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവകലാശാലയും വിഭജന ഭീതി ദിനാചരണം സംഘടിപ്പിക്കാൻ നിർദേശിച്ച് അഫിലിയേറ്റ് ചെയ്ത എൻജിനീയറിങ് കോളജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് കത്തയച്ചു. വി.സിയുടെ നിർദേശ പ്രകാരം സർവകലാശാല പി.ആർ.ഒയാണ് കത്തയച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.