ക്രെഡിറ്റ് കാർഡ് കാൻസൽ ചെയ്യാൻ ബാങ്കിൽ കൊടുത്തു, ജീവനക്കാരൻ ലക്ഷങ്ങൾ തട്ടി; എസ്.ബി.ഐ 20 ലക്ഷം നഷ്ടപരിഹാരം നൽകണമെന്ന് ഉപഭോക്തൃ കമീഷൻ

മലപ്പുറം: ക്രെഡിറ്റ് കാർഡ് കൈകാര്യം ചെയ്യുന്ന ബാങ്ക് ജീവനക്കാരൻ നടത്തിയ തട്ടിപ്പിൽ പണം നഷ്ടമായ പരാതിക്കാർക്ക് നഷ്ടപരിഹാരം നൽകാൻ ഉപഭോക്തൃ കമീഷൻ വിധി.

12 പരാതിക്കാർക്കായി 20,08,747 രൂപ എസ്.ബി.ഐ നഷ്ടപരിഹാരം നൽകണമെന്നാണ് വിധി. ബാങ്കിന്റെ പേരിലുള്ള നിരന്തര ഫോൺവിളികളെ തുടർന്ന് കാർഡ് എടുക്കുകയും ആവശ്യമില്ലെന്ന് ബോധ്യ​പ്പെട്ട​പ്പോൾ നേരിട്ട് ബാങ്കിലെത്തി കാൻസൽ ചെയ്യാനുള്ള അപേക്ഷ നൽകുകയും ചെയ്തിരുന്നു. കാൻസൽ ചെയ്തെന്ന് ആരോപണ വിധേയനായ ബാങ്ക് ജീവനക്കാരൻ പറയുകയും ചെയ്തു.

എന്നാൽ, തുടർന്നും പരാതിക്കാരുടെ അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ടു. തുടർന്ന് ബാങ്കിനെ സമീപിച്ചപ്പോഴാണ് ക്രെഡിറ്റ് കാർഡ് കൈകാര്യംചെയ്ത ജീവനക്കാരൻ നിരവധി പേരുടെ കാർഡ് ഉപയോഗിച്ച് തട്ടിപ്പ് നടത്തിയതായി മനസ്സിലായത്. കുടിശ്ശിക അടക്കണമെന്ന് കാണിച്ച് പരാതിക്കാർക്ക് ബാങ്കിൽനിന്ന് നോട്ടീസും ലഭിച്ചിരുന്നു.

തുടർന്നാണ് നഷ്ടപരിഹാരം തേടി ഉപഭോക്തൃ കമീഷനെ സമീപിച്ചത്. എസ്.ബി.ഐ കാർഡ്സ് ആൻഡ് പേമെന്റ് സർവിസസ് ലിമിറ്റഡും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും സംഭവത്തിൽ ഉത്തരവാദിത്തമില്ലെന്ന് വാദിച്ചു. എന്നാൽ, കോടതി ഇത് തള്ളി. പരാതിക്കാർക്ക് നഷ്ടപരിഹാരം 45 ദിവസത്തിനകം കൈമാറണമെന്ന് കെ. മോഹൻദാസ് പ്രസിഡന്റും പ്രീതി ശിവരാമൻ, സി.വി. മുഹമ്മദ് ഇസ്മായിൽ എന്നിവർ അംഗങ്ങളുമായ കമീഷൻ വിധിച്ചു. ഹരജിക്കാർക്കായി അഭിഭാഷകരായ കെ.എം. കൃഷ്ണകുമാർ, സൈനുൽ ആബിദീൻ കുഞ്ഞി തങ്ങൾ, അഭിലാഷ്, ബീന ജോസഫ് എന്നിവർ ഹാജരായി. 

Tags:    
News Summary - Credit card fraud; 20 lakh compensation in 12 complaints

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.