തിരുവനന്തപുരം: ഡി.സി.സി പുന:സംഘടന സംബന്ധിച്ച് കെ.പി.സി.സി നേതൃത്വം ചർച്ച പുനരാരംഭിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ് പുന:സംഘടനക്ക് തീരുമാനമായെങ്കിലും എങ്ങനെ വേണമെന്നതിൽ ധാരണയിലെത്താനാണ് കെ.പി.സി.സി സംഘം നേതാക്കളുമായി ആശയവിനിമയം നടത്തിയത്.
പുന:സംഘടനയുമായി ബന്ധപ്പെട്ട് നേതാക്കൾക്കിടയിൽ രണ്ടഭിപ്രായമുണ്ട്. പ്രകടനം മോശമായ ഡി.സി.സികളെ മാത്രം അഴിച്ചുപണിയുകയും മറ്റുള്ളവയെ തുടരാൻ അനുവദിക്കുകയും ചെയ്യണമെന്നതാണ് ഒരു വിഭാഗത്തിന്റെ നിലപാട്. അതേസമയം, പുന:സംഘടനയെങ്കിൽ പ്രകടനം നോക്കാതെ തൃശൂർ ഒഴികെ എല്ല ഡി.സി.സികൾക്കും ബാധകമാക്കണമെന്നും അല്ലാത്തപക്ഷം എല്ലാവരെയും തുടരാൻ അനുവദിക്കണമെന്നുമാണ് മറുവാദം. അടുത്തകാലത്താണ് തൃശൂരിൽ ഡി.സി.സി പ്രസിഡന്റിനെ തെരഞ്ഞെടുത്ത് എന്നതിനാലാണ് ജില്ലയെ ഒഴിവാക്കിയത്.
ഈ സാഹചര്യത്തിലാണ് സമവായ നീക്കങ്ങൾ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവരുമായി ഇതിനോടകം സംഘം കൂടിക്കാഴ്ച നടത്തി. വരും ദിവസങ്ങളിൽ മറ്റ് നേതാക്കളെയും കാണും. തദ്ദേശ തെരഞ്ഞെടുപ്പ് ആസന്നമായ പശ്ചാത്തലത്തിൽ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കേണ്ട ഡി.സി.സികളെ ശക്തമാക്കണമെന്നാണ് ഹൈകമാൻഡ് നിർദേശം. പ്രധാനനേതാക്കളെ പ്രസിഡന്റുമാരാക്കണമെന്നതടക്കം അഹമ്മദാബാദ് എ.ഐ.സി.സി സമ്മേളനത്തിന്റെ തീരുമാനവും ഡി.സി.സികളെ ശാക്തീകരിക്കൽ മുൻനിർത്തിയുള്ളതാണ്. തദ്ദേശ തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി സംവിധാനങ്ങൾ ശക്തമാക്കാനും പോരായ്മകൾ പരിഹരിക്കാനും കെ.പി.സി.സി നേതൃത്വം എല്ലാ ജില്ലകളിലുമെത്താനും തീരുമാനിച്ചിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പുകളിൽ മെച്ചമുണ്ടാക്കിയെങ്കിലും സംഘടന സംവിധാനങ്ങൾ ഇനിയും കാര്യക്ഷമമാകാനുണ്ട്. പാർട്ടി സമ്മേളനങ്ങളെല്ലാം കഴിഞ്ഞ് സർവ സന്നാഹങ്ങളുമായെത്തുന്ന സി.പി.എമ്മിനെയാണ് നേരിടേണ്ടത്. ഈ പോരാട്ടത്തിൽ കൃത്യമായ ഹോം വർക്കോടെ ചുവടുറപ്പിക്കണമെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ. കെ.പി.സി.സി ഭാരവാഹികളുടെ പര്യടനത്തിൽ മണ്ഡലം, ബ്ലോക്ക് ഭാരവാഹികളുടെ യോഗം വിളിച്ച് സംഘടന പ്രശ്നങ്ങളും തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളും ചർച്ച ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.