ചോർന്നൊലിക്കുന്ന വീട്ടിൽ ജപ്തി ഭീഷണി ഭയന്ന് സി.സി മുകുന്ദൻ എം.എൽ.എ, സന്ദര്‍ശിച്ച് മന്ത്രി കെ. രാജനും വി.എസ് സുനില്‍കുമാറും

തൃശ്ശൂര്‍: ചോർന്നൊലിക്കുന്ന വീട്ടിലേക്ക് നാട്ടിക എം.എൽ.എ സി.സി മുകുന്ദനെ കാണാൻ നേരിട്ടെത്തി മന്ത്രി കെ.രാജനും വി.എസ് സുനിൽകുമാർ എം.എൽ.എയും. പാർട്ടി ഒപ്പമുണ്ടെന്ന് ഇരുവരും എം.എൽ.എക്ക് ഉറപ്പ് നൽകി.

വീടിന്‍റെ ദയനീയാവസ്ഥയും ജപ്തി ഭീഷണിയുമൊന്നും എം.എൽ.എ ആരേയും അറിയിച്ചിരുന്നില്ല. മാധ്യമങ്ങളിൽ വാർത്തയായതോടെയാണ് സ്വന്തം പാർട്ടിക്കാർ തന്നെ വിവരം അറിയുന്നത്. മന്ത്രി കെ. രാജൻ എം.എൽ.എയെ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. അടുത്ത ദിവസം നേരിലെത്താമെന്ന് പറഞ്ഞത് പ്രകാരമാണ് ഇന്ന് രാവിലെ മന്ത്രി സി.സി മുകുന്ദനെ കാണാൻ നേരിട്ടെത്തിയത്.

സി.സി മുകുന്ദൻ എം.എൽ.എയുടെ വീട് ജപ്തിയായതും വീട്ടിനുള്ളിലേക്ക് വീണ മഴവെള്ളത്തില്‍ തെന്നിവീണ് എം.എൽ.എക്ക് പരിക്കേറ്റതും മാധ്യമങ്ങൾ വാർത്ത നൽകിയിരുന്നു. ഇതോടെ വിവരങ്ങൾ അന്വേഷിക്കാനായി പലരുമെത്തി. വീടിന്റെ ദയനീയാവസ്ഥയും ജപ്തിക്കാര്യവും വീണ് പരിക്കേറ്റതും അറിയാന്‍ നേരിട്ടെത്തിയത് ഒട്ടേറെപ്പേരാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ വെള്ളിയാഴ്ച രാവിലെ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു.

വീടിന്റെ ജപ്തിയുടെ കാര്യത്തില്‍ പേടി വേണ്ടെന്നും ആവശ്യമായത് ചെയ്യാമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി കെ.ജി. ശിവാനന്ദന്‍ നേരിട്ടെത്തി എം.എൽ.എക്ക് ഉറപ്പ് നല്‍കിയിരുന്നു. നാട്ടിക മണ്ഡലം സെക്രട്ടറി കെ.എം. കിഷോര്‍കുമാര്‍, അസി. സെക്രട്ടറി എ.കെ. അനില്‍കുമാര്‍ എന്നിവര്‍ക്കൊപ്പമാണ് ശിവാനന്ദന്‍ എത്തിയത്.

അന്തിക്കാട് കവലയിൽനിന്ന് ഒരുകിലോമീറ്റർ അകലെയാണ് മുകുന്ദന്റെ വീട്. മകളുടെ വിവാഹത്തിനായി കാരമുക്ക് സഹകരണബാങ്കിൽനിന്ന് പത്തുവർഷം മുൻപ്‌ ആറുലക്ഷം രൂപ വായ്പയെടുത്തു. ഇപ്പോൾ കുടിശിക 18.75 ലക്ഷമായി. ബാങ്കുകാർ പലതവണ കത്തയച്ചു. എം.എൽ.എയായതിനാൽ ജപ്തി നടപടിക്ക് പരിമിതികളുണ്ടെന്നതിനാലാണ് ഇറക്കിവിടാത്തത്.

അതിനിടെ വീടിനുള്ളിൽ കെട്ടിക്കിടന്ന മഴവെള്ളത്തിൽ തെന്നിവീണ് എം.എൽ.എയുടെ വലതുകാലിന് ബുധനാഴ്ച പരിക്കേറ്റിരുന്നു. വി.എസ്. അച്യുതാനന്ദന് അന്ത്യാഭിവാദ്യമർപ്പിച്ച് തിരിച്ചെത്തി ഹാളിലേക്കുകടന്നതും തെന്നിവീഴുകയായിരുന്നു. അന്തിക്കാട് ചെത്തുതൊഴിലാളി സഹകരണസംഘത്തിൽ അറ്റൻഡറായിരുന്ന മുകുന്ദന് ഈയിനത്തിലുള്ള തുച്ഛമായ പെൻഷനും എം.എൽ.എ എന്നനിലയിലുള്ള ഓണറേറിയവുമാണ് വരുമാനം. കടംവീട്ടാൻ ഇത് മതിയാകുന്നില്ല. കാർ വാങ്ങാനായി സർക്കാർ അനുവദിച്ച 10 ലക്ഷത്തിന്റെ തിരിച്ചടവായി മാസംതോറും 28,000 അടക്കണം. മറ്റ് ബാധ്യതകളുമുണ്ട്. ഭാര്യ രാധികക്ക് വരുമാനമൊന്നുമില്ല. രണ്ടുപെൺമക്കളും താത്‌കാലികജീവനക്കാരാണ്.

Tags:    
News Summary - Minister K. Rajan and VS Sunilkumar visit MLA C.C. Mukundan, fearing foreclosure threat in leaking house

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.