ഉരുൾദുരന്ത പുനരധിവാസം സംബന്ധിച്ച് പീപ്പിൾസ് ഫൗണ്ടേഷൻ തയാറാക്കിയ വാർഷിക അവലോകന റിപ്പോർട്ട് പ്രകാശനം ചെയ്തപ്പോൾ
കൽപറ്റ: ചൂരൽമല-മുണ്ടക്കൈ ഉരുൾദുരന്ത പുനരധിവാസത്തിന് സർക്കാറേതര സംഘടനകൾ 60 കോടി രൂപ ചെലവഴിച്ചതായി പീപ്പിൾസ് ഫൗണ്ടേഷൻ പഠനം. ഉരുൾദുരന്തം സംഭവിച്ച് ഒരു വർഷം പിന്നിടുന്ന സാഹചര്യത്തിൽ പുനരധിവാസവുമായി ബന്ധപ്പെട്ട് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തൽ. സർക്കാറും സർക്കാറേതര സംഘടനകളും നടത്തിയ പ്രവർത്തനങ്ങളും ദുരന്തത്തെ അതിജീവിച്ചവരുടെ നിലവിലെ അവസ്ഥയും പഠനവിധേയമാക്കിയാണ് വാർഷിക റിപ്പോർട്ട് തയാറാക്കിയത്.
ദുരന്തത്തെ തുടർന്ന് ഇല്ലാതായ 88 കച്ചവട ഉപജീവനോപാധികളിൽ 80 സ്ഥാപന ഉടമകളും മേപ്പാടിയിലും പരിസരപ്രദേശങ്ങളിലുമായി പുതിയ ഉപജീവനോപാധികൾ കണ്ടെത്തി. പൂർണമായി നശിച്ചതും വാസയോഗ്യമല്ലാതായതുമുൾപ്പെടെ 544 വീടുകളിൽ 91.1 ശതമാനം കുടുംബങ്ങളും വാടക വീടുകളിലാണ് താമസിക്കുന്നത്. പരിക്കേറ്റവരിൽ 50.4 ശതമാനം ആളുകൾ പരിക്ക് പൂർണമായും ഭേദമാകാത്തവരാണ്. കുടുംബങ്ങളിലെ 12 ശതമാനം ആളുകൾ മാരക രോഗാവസ്ഥയിലുള്ളവരാണ്.
523 വിദ്യാർഥികൾ പഠനം തുടരുന്നതായും അഞ്ചുപേർ പഠനം നിർത്തിയതായും റിപ്പോർട്ടിൽ പറയുന്നു. മാനസികാരോഗ്യം, സാമ്പത്തികം, സാമൂഹികാവസ്ഥ, ദുരന്ത മുന്നറിയിപ്പ് സംവിധാനം ഉൾപ്പെടെ മേഖലകളിൽ നടത്തിയ പഠനത്തെ അധികരിച്ച് തയാറാക്കിയ റിപ്പോർട്ട് ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ പ്രകാശനം ചെയ്തു. കൽപറ്റ എം.എസ്. സ്വാമിനാഥൻ ഫൗണ്ടേഷൻ റിസർച്ച് സെന്ററിൽ നടന്ന ചടങ്ങിൽ പീപ്പിൾസ് ഫൗണ്ടേഷൻ വൈസ് ചെയർമാൻ എം. അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗ് ജില്ല ജന. സെക്രട്ടറി ടി. മുഹമ്മദ്, ടോട്ടം പ്രോഗ്രാം കോഓഡിനേറ്റർ അൽഫ, ഐ.എൻ.ടി.യു.സി സംസ്ഥാന സെക്രട്ടറി സുരേഷ് ബാബു, ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡന്റ് ടി.പി. യൂനുസ്, വ്യാപാരി വ്യവസായി സമിതി ജില്ല സെക്രട്ടറി പ്രസന്നകുമാർ, എം.എസ്.എസ് ജില്ല കോഓഡിനേറ്റർ താഹിർ, മലബാർ ചാരിറ്റബ്ൾ ട്രസ്റ്റ് കോഓഡിനേറ്റർ അബൂബക്കർ, സാമൂഹിക പ്രവർത്തകൻ മമ്മുട്ടി അഞ്ചുകുന്ന് എന്നിവർ സംസാരിച്ചു. പീപ്പിൾസ് ഫൗണ്ടേഷൻ ജില്ല കോഓഡിനേറ്റർ സി.കെ. സമീർ സ്വാഗതവും പ്രോജക്ട് ഡയറക്ടർ സി.എ. ശരീഫ് നന്ദിയും പറഞ്ഞു.
കെ.എഫ്.ആർ.ഐ മുൻ ഡയറക്ടർ ഡോ. ടി.വി. സജീവ്, ഹ്യൂം സെന്റർ ഡയറക്ടർ സി.കെ. വിഷ്ണുദാസ്, ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സ്റ്റഡീസിലെ ഡിസാസ്റ്റർ സ്റ്റഡീസ് അസോ. പ്രഫസർ ഡോ. എസ്. മുഹമ്മദ് ഇർഷാദ്, ട്രാൻസിഷൻ സ്റ്റഡീസ് കോഓഡിനേറ്റർ എ.കെ. രാമദാസ്, പീപ്പിൾസ് ഫൗണ്ടേഷൻ പ്രോജക്ട് ഡയറക്ടർമാരായ ഡോ. വി.എം. നിഷാദ്, ടി.കെ. സുഹൈർ, റിസർച്ച് ഫെലോ നിരഞ്ജന എന്നിവർ പ്രബന്ധമവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.