കാസർകോട്: സംസ്ഥാനത്തെ സ്കൂൾ കെട്ടിടങ്ങൾക്കെല്ലാം മിനിമം സുരക്ഷ വേണമെന്ന ഡി.ജി.പി നിർദേശം നടപ്പാക്കിയില്ല. 2016 മാർച്ച് എട്ടിന് അന്നത്തെ ഡി.ജി.പി ലോക് നാഥ് ബെഹ്റയാണ് കെട്ടിടങ്ങളുടെ സുരക്ഷ സംബന്ധിച്ച് സർക്കുലർ ഇറക്കിയത്. കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിലെ എട്ടാംക്ലാസ് വിദ്യാർഥി വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിന് പിന്നാലെ നടപ്പാക്കാത്ത ഈ സർക്കുലർ പ്രസക്തമാകുകയാണ്.
സംസ്ഥാനത്തെ അഗ്നിരക്ഷാനിലയങ്ങളും അവരുടെ സുരക്ഷ പ്രവർത്തനങ്ങളും സംബന്ധിച്ചുള്ള ചോദ്യത്തിന് വിവരാവകാശപ്രകാരം ലഭിച്ച മറുപടിയിലാണ് സ്കൂൾ കെട്ടിടങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തുന്ന നടപടിയുണ്ടാകുന്നില്ലെന്ന് വ്യക്തമായത്. കെട്ടിടങ്ങളുടെ അഗ്നിസുരക്ഷ ഉറപ്പുവരുത്തേണ്ടത് അഗ്നി രക്ഷാസേനയാണ്. സ്കൂൾ അധികൃതർ അപേക്ഷ നൽകി നടപ്പാക്കാവുന്നതുമാണ്. എന്നാൽ, സംസ്ഥാനത്ത് അതൊന്നും നടക്കാറില്ല. സംസ്ഥാനത്തെ 28 അഗ്നിരക്ഷാ നിലയങ്ങളോടാണ് ചോദ്യം ഉന്നയിച്ചത്.
മാവേലിക്കര സ്റ്റേഷൻ പരിധിയിൽ 11 സ്കൂൾ കെട്ടിടങ്ങളിൽ അഞ്ചിലും മിനിമം സുരക്ഷ ക്രമീകരണമില്ല. മറ്റ് സ്റ്റേഷൻ പരിധികളിലെ സ്കൂളുകളും മിനിമം അഗ്നി രക്ഷസംവിധാനം പോലും ഇല്ലാത്ത സ്കൂളുകളും (ബ്രാക്കറ്റിൽ): വെഞ്ഞാറമൂടിൽ 24 (അഞ്ച്), അരൂൾ ഒമ്പത് (അഞ്ച്), തകഴി 17 (പത്ത്), വർക്കല 18 (ആറ്), പാറശ്ശാല 16 (ആറ്), കൊല്ലം30 (15), കുണ്ടറ 13(പത്ത്), 84 (12), കോഴിക്കോട് 37 (18), ചേർത്തല 17 (15), നാദാപുരം-17 (നാല്), കൊട്ടാരക്കര-33 (13), പൂവാർ-63 (അഞ്ച്), കൊയിലാണ്ടി-13 (ഏഴ്). സംസ്ഥാനത്ത് ഈ അഗ്നിരക്ഷാ സ്റ്റേഷൻപരിധിയിൽ വരുന്ന 614 സ്കൂൾ കെട്ടിടങ്ങളിൽ 247 കെട്ടിടം മാത്രമാണ് സുരക്ഷിതം എന്ന് പറയാവുന്നത്.
ലോക്നാഥ് ബഹ്റയുടെ സർക്കുലർ G1-6183/15 ൽ കുറഞ്ഞത് 36 സംവിധാനങ്ങൾ ഒരു കെട്ടിടത്തിനുണ്ടാകണമെന്ന് നിർദേശിച്ചിരുന്നു. ഈ കത്ത് സ്കൂളുകൾക്കും അയച്ചുകൊടുത്തിരുന്നു. നടപ്പാക്കിയിരുന്നുവെങ്കിൽ തേവലക്കര സ്കൂളിന്റെ ഷീറ്റിനു മുകളിൽകൂടി വൈദ്യുതിലൈൻ പോകില്ലായിരുന്നു. ചെറുവത്തൂർ സ്വദേശി എം.വി. ശിൽപരാജാണ് വിവരാവകാശം ചോദിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.