കണ്ണൂർ: ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിൽ ചാടിയ സംഭവത്തിൽ പൊലീസ് അന്വേഷണ റിപ്പോർട്ട് ഡി.ജി.പിക്ക് സമർപ്പിച്ചു. കണ്ണൂർ അസി. കമീഷണർ പ്രദീപൻ കണ്ണിപ്പൊയിലാണ് ഡി.ജി.പി റവഡ ചന്ദ്രശേഖറിന് കൈമാറിയത്. എഫ്.ഐ.ആറിൽ ഉൾപ്പെടുത്താത്ത മൊഴിയും മറ്റ് കാര്യങ്ങളുമാണ് ഡി.ജി.പിക്ക് നൽകിയ റിപ്പോർട്ടിലുള്ളത്.
ജയിലിൽ സ്ഥിരമായി മൊബൈൽ ഫോൺ, കഞ്ചാവ്, മദ്യം, പുറത്തുനിന്നുള്ള ഭക്ഷണം തുടങ്ങിയവയെല്ലാം ലഭിക്കാറുണ്ടെന്നാണ് പ്രധാന മൊഴി. അതിൽ പലർക്കും പങ്കുണ്ട്. ആഗസ്റ്റ് 15ന് ശേഷം ജയിൽ ചാടാനായിരുന്നു ഗോവിന്ദച്ചാമി പദ്ധതിയിട്ടിരുന്നത്. എന്നാൽ, ജയിലിലെ കാപ്പ കേസ് തടവുകാരനായ മേസ്തിരി ശിഹാബുമായി താൻ നിരന്തരം പ്രശ്നത്തിലായിരുന്നു. ശിഹാബ് തന്നെ വീണ്ടും ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയതിൽ ഭയന്നാണ് പെട്ടെന്ന് ജയിൽ ചാടേണ്ടിവന്നത്. ചാടിയശേഷം ഗുരുവായൂരിൽ പോകാനായിരുന്നു തീരുമാനം. അവിടെ നിരവധി സ്ത്രീകളുണ്ടാവും. മാല പിടിച്ചുപറിക്കാനും ഒരു സ്ത്രീയെ ബലാത്സംഗം ചെയ്യാനും തീരുമാനിച്ചിരുന്നുവെന്നും ഗോവിന്ദച്ചാമി മൊഴി നൽകി.
ജയിലിലെ കെടുകാര്യസ്ഥതകളും റിപ്പോർട്ടിലുണ്ട്. കാമറ പ്രവർത്തിക്കാത്തതും വൈദ്യുതി വേലിയിൽ വൈദ്യുതി കടത്തിവിടാത്തതും വൃത്തിയില്ലായ്മയുമുൾപ്പെടെ ഉദ്യോഗസ്ഥ വീഴ്ചയടക്കം വിശദീകരിക്കുന്നു. പ്രതിക്ക് ആരുടെയെങ്കിലും സഹായങ്ങൾ ലഭ്യമായിട്ടുണ്ടോയെന്ന കാര്യത്തിൽ അന്വേഷണം നടക്കുന്നതിനാൽ അത് പൂർത്തിയായശേഷം അടുത്ത റിപ്പോർട്ട് സമർപ്പിക്കും. അതിനിടെ, ജയിൽ ചാടിയ ഗോവിന്ദച്ചാമിക്കെതിരെ പൊതുമുതൽ നശിപ്പിച്ചതിനുകൂടി കേസെടുത്തു. ജയിലിലെ അഴി മുറിച്ചുമാറ്റി നശിപ്പിച്ചു, ടാങ്ക് തകർത്തു എന്നിവയാണ് കുറ്റങ്ങൾ.
കണ്ണൂർ: ഗോവിന്ദച്ചാമി ജയിൽ ചാടിയ സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ എ.സി.പി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിൽ ജയിൽ സൂപ്രണ്ടിനെ ശനിയാഴ്ച ചോദ്യംചെയ്തു. ജയിൽ ചാടിയ സംഭവത്തിലുണ്ടായ വീഴ്ചയും മറ്റും അന്വേഷിക്കുന്നതിന്റെ ഭാഗമായി നിരവധി കാര്യങ്ങൾ ചോദിച്ചറിഞ്ഞു. സംഭവദിവസം ജോലിയിലുണ്ടായിരുന്നവരെയും സെല്ലിന്റെയും മറ്റും ചുമതലയുണ്ടായിരുന്നവരെയും പിന്നീട് ചോദ്യംചെയ്ത് മൊഴി രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.