മൂവാറ്റുപുഴ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഈഴവരുടെ വോട്ട് ഈഴവരുടെ കൂടി വിജയത്തിനായിരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കാര്യങ്ങൾ പറയുമ്പോൾ തന്നെ മുസ്ലിം വിരുദ്ധനായി ചിത്രീകരിക്കുകയാണെന്നും പറഞ്ഞ അഭിപ്രായത്തിൽ നിന്ന് പിന്നോട്ടില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
മലപ്പുറത്ത് ഹിന്ദുക്കളും ക്രിസ്ത്യാനികളും വിവേചനം നേരിടുകയാണെന്നും മുസ്ലിം ലീഗിനെ സുഖിപ്പിക്കാൻ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഈഴവ വിരോധം പ്രസംഗിക്കുകയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു.
മലപ്പുറത്തെ സംസ്ഥാനമായി കണ്ടാണ് ഭരണാധികാരികൾ പെരുമാറുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അനുവദിക്കുന്നത് പോലും മതത്തിന്റെ അടിസ്ഥാനത്തിലാണ്. മുസ്ലിം സമുദായത്തിനാണ് മലപ്പുറത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അധികമുള്ളത്. ഇക്കാര്യം പറയുമ്പോൾ പ്രതിപക്ഷ നേതാവ് ശ്രീനാരായണ ധർമം പഠിപ്പിക്കാൻ വരികയാണ്.
പിണറായി വിജയനെതിരെ പോലും കൈ ഉയർത്തി സംസാരിക്കുന്ന സതീശൻ പരമ പന്നനാണ്. സതീശൻ കെ. സുധാകരനെ ഒതുക്കി. പ്രതിപക്ഷ നേതാവ് കാര്യങ്ങൾ മാന്യമായി കൈകാര്യം ചെയ്യണം. അതിനുള്ള കഴിവ് അയാൾക്കില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.
അതേസമയം, ഈഴവ വിരോധിയെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമർശത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ രംഗത്തെത്തി. ശ്രീനാരായണഗുരു എന്താണോ പറയാനും ചെയ്യാനും പാടില്ലെന്ന് പറഞ്ഞത് അതാണ് വെള്ളാപ്പള്ളി പറയുകയും ചെയ്യുകയും ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ആര് വർഗീയത പറഞ്ഞാലും ഞങ്ങൾ എതിർക്കും. വിദ്വേഷ കാമ്പയിൻ ആര് നടത്തിയിലും അതിനെതിരെയും സംസാരിക്കും. തെരഞ്ഞെടുപ്പ് എന്ന് കരുതി മാറ്റിവെക്കില്ല. അത് ന്യൂനപക്ഷമായാലും ഭൂരിപക്ഷമായാലും ശരി. 25 വർഷമായി ഞാൻ എം.എൽ.എയാണ്. എന്റെ മണ്ഡലത്തിൽ 52 ശതമാനവും ഇഴവ സമുദായമാണ്.
എന്നെ ഏറ്റവും അടുത്ത് അറിയാവുന്നവർ മണ്ഡലത്തിലുള്ളവരാണ്. ഞാൻ ശ്രീനാരായണീയനും ഗുരുദർശന ഇഷ്ടപ്പെടുന്നയാളും വിശ്വസിക്കുന്നയാളും അവയുടെ പ്രചാരകനും കൂടിയാണെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.