കോഴിക്കോട്: സൗമ്യ വധക്കേസ് പ്രതിയായ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം പുനരാവിഷ്‍കരിച്ച് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ എം.എൽ.എയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി അൻവർ. മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിലാണ് തന്റെ സ്വകാര്യഭൂമിയിലെ കൂറ്റൻ മതിലിന് മുന്നിലായി, ഗോവിന്ദച്ചാമി ജയിൽചാടിയെന്ന് പൊലീസ് പറയുന്ന മാതൃക അൻവർ പുനരാവിഷ്‍കരിച്ചത്. സർക്കാറിനു വേണ്ടി പൊലീസും ജയിൽ അധികൃതരും അവതരിപ്പിക്കുന്ന കഥ കള്ളമാണെന്നും, വിവാദങ്ങളിൽ നിന്ന് മുഖംരക്ഷിക്കാനുള്ള നാടകമായിരുന്നു ജയിൽ ചാട്ടമെന്നും പി.വി അൻവർ ആരോപിച്ചു.
ജയിലഴിയുടെ കമ്പിക്ക് സമാനമായ കാസ്റ്റ് അയേണും, മുറിക്കാൻ ഉപയോഗിച്ച് എന്ന് പറയുന്ന ഹാക്സോ േബ്ലഡും, ജയിൽ മതിലിന് സമാനമായ കൂറ്റൻ മതിൽകെട്ടിന് മുന്നിൽ അടുക്കിവെച്ച വീപ്പയും, മുകളിലേക്ക് വലിഞ്ഞുകയറാൻ ഉപയോഗിച്ചുവെന്ന് പറയുന്ന തുണിയിൽ തീർത്ത കയറുമെല്ലാം സ്ഥാപിച്ചായിരുന്നു അൻവറിന്റെ ‘ജയിൽ ചാട്ട അവതരണം’.
ജയിൽ അധികൃതർ ഇപ്പോൾ പറയുന്ന കഥകൾ പ്രകാരം ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടും ഒരിക്കലും സാധ്യമല്ലെന്നും അൻവർ സമർത്ഥിക്കുന്നു. ‘ആയിരം ഹാക്സോ േബ്ലഡ് ഉണ്ടെങ്കിലും ജയിൽ കമ്പി മുറിക്കാനോ, വളക്കാനോ കഴിയില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നത്. ഇതാണ് ഏതാനും ദിവസങ്ങൾ കൊണ്ട് ഗോവിന്ദച്ചാമി മുറിച്ചുവെന്ന് പറയുന്നത്. ജയിൽ വളപ്പിലെ കൂറ്റൻ മതിൽ, ഒറ്റക്കൈയ്യനായ ഒരു മനുഷ്യൻ പരസഹായമില്ലാതെ ചാടിയെന്നതും അവിശ്വസനീയമാണ്. ഒരാൾ ജയിൽ ചാടുന്നത് രക്ഷപ്പെട്ട് നാടു വിടാനാവും.
എന്നാൽ, പുറത്തിറങ്ങിയ ശേഷവും അദ്ദേഹം സ്ഥലത്തു നിന്നും രക്ഷപ്പെടാൻ ശ്രമിച്ചിട്ടില്ലെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. പുലർച്ചെ പുറത്തിറങ്ങിയിട്ടും രാവിലെ 10ന് പൊലീസിനും നാട്ടുകാർക്കും പിടികൊടുക്കും വരെ അയാൾ പരിസരത്തു തന്നെ തുടരുകയായിരുന്നു. മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ് അച്യൂതാനന്ദന്റെ മരണത്തിനു പിന്നാലെ ഉയർന്ന രാഷ്ട്രീയ ചർച്ചയുടെ ഗതിമാറ്റാനുള്ള ശ്രമമാണ് ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടമെന്നും പി.വി അൻവർ ആരോപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.