വീപ്പകൾ അടുക്കിവെച്ച്, കയർ കെട്ടി; ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടം പുനരാവിഷ്‍കരിച്ച് പി.വി അൻവർ -വിഡിയോ
text_fieldsകോഴിക്കോട്: സൗമ്യ വധക്കേസ് പ്രതിയായ കൊടും കുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം പുനരാവിഷ്‍കരിച്ച് സർക്കാറിനെതിരെ രൂക്ഷ വിമർശനവുമായി മുൻ എം.എൽ.എയും തൃണമൂൽ കോൺഗ്രസ് നേതാവുമായ പി.വി അൻവർ. മാധ്യമപ്രവർത്തകരുടെ സാന്നിധ്യത്തിലാണ് തന്റെ സ്വകാര്യഭൂമിയിലെ കൂറ്റൻ മതിലിന് മുന്നിലായി, ഗോവിന്ദച്ചാമി ജയിൽചാടിയെന്ന് പൊലീസ് പറയുന്ന മാതൃക അൻവർ പുനരാവിഷ്‍കരിച്ചത്. സർക്കാറിനു വേണ്ടി പൊലീസും ജയിൽ അധികൃതരും അവതരിപ്പിക്കുന്ന കഥ കള്ളമാണെന്നും, വിവാദങ്ങളിൽ നിന്ന് മുഖംരക്ഷിക്കാനുള്ള നാടകമായിരുന്നു ജയിൽ ചാട്ടമെന്നും പി.വി അൻവർ ആരോപിച്ചു.
ജയിലഴിയുടെ കമ്പിക്ക് സമാനമായ കാസ്റ്റ് അയേണും, മുറിക്കാൻ ഉപയോഗിച്ച് എന്ന് പറയുന്ന ഹാക്സോ േബ്ലഡും, ജയിൽ മതിലിന് സമാനമായ കൂറ്റൻ മതിൽകെട്ടിന് മുന്നിൽ അടുക്കിവെച്ച വീപ്പയും, മുകളിലേക്ക് വലിഞ്ഞുകയറാൻ ഉപയോഗിച്ചുവെന്ന് പറയുന്ന തുണിയിൽ തീർത്ത കയറുമെല്ലാം സ്ഥാപിച്ചായിരുന്നു അൻവറിന്റെ ‘ജയിൽ ചാട്ട അവതരണം’.
ജയിൽ അധികൃതർ ഇപ്പോൾ പറയുന്ന കഥകൾ പ്രകാരം ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടും ഒരിക്കലും സാധ്യമല്ലെന്നും അൻവർ സമർത്ഥിക്കുന്നു. ‘ആയിരം ഹാക്സോ േബ്ലഡ് ഉണ്ടെങ്കിലും ജയിൽ കമ്പി മുറിക്കാനോ, വളക്കാനോ കഴിയില്ലെന്നാണ് ഈ മേഖലയിലെ വിദഗ്ധർ സാക്ഷ്യപ്പെടുത്തുന്നത്. ഇതാണ് ഏതാനും ദിവസങ്ങൾ കൊണ്ട് ഗോവിന്ദച്ചാമി മുറിച്ചുവെന്ന് പറയുന്നത്. ജയിൽ വളപ്പിലെ കൂറ്റൻ മതിൽ, ഒറ്റക്കൈയ്യനായ ഒരു മനുഷ്യൻ പരസഹായമില്ലാതെ ചാടിയെന്നതും അവിശ്വസനീയമാണ്. ഒരാൾ ജയിൽ ചാടുന്നത് രക്ഷപ്പെട്ട് നാടു വിടാനാവും.
എന്നാൽ, പുറത്തിറങ്ങിയ ശേഷവും അദ്ദേഹം സ്ഥലത്തു നിന്നും രക്ഷപ്പെടാൻ ശ്രമിച്ചിട്ടില്ലെന്ന് സി.സി.ടി.വി ദൃശ്യങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. പുലർച്ചെ പുറത്തിറങ്ങിയിട്ടും രാവിലെ 10ന് പൊലീസിനും നാട്ടുകാർക്കും പിടികൊടുക്കും വരെ അയാൾ പരിസരത്തു തന്നെ തുടരുകയായിരുന്നു. മുൻ മുഖ്യമന്ത്രിയും മുതിർന്ന സി.പി.എം നേതാവുമായ വി.എസ് അച്യൂതാനന്ദന്റെ മരണത്തിനു പിന്നാലെ ഉയർന്ന രാഷ്ട്രീയ ചർച്ചയുടെ ഗതിമാറ്റാനുള്ള ശ്രമമാണ് ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടമെന്നും പി.വി അൻവർ ആരോപിച്ചു.
അൻവർ ചോദിക്കുന്നത്....
- ഹാക്സോ േബ്ലഡ് ഉപയോഗിച്ച് അഴികൾ മുറിച്ചുവെന്നും, ഉപ്പ് വെച്ച് കമ്പികൾക്ക് നാശം വരുത്തിയെന്നുമുള്ള ജയിധികൃതരുടെ വാദം സ്ഥിരബുദ്ധിയുള്ളവർക്ക് വിശ്വസിക്കാനാവില്ല. ആയിരം ഹാക്സോ േബ്ലഡ് ഉപയോഗിച്ചാലും ജയിലഴികളുടെ കമ്പികൾ മുറിക്കാൻ കഴിയില്ല. വളച്ചെടുക്കാനും കഴിയില്ല.
- മൂന്ന് വീപ്പകൾ അടുക്കിവെച്ച ശേഷം ജയിൽ മതിലിലേക്ക് കയറിയെന്ന് വാദവും അംഗീകരിക്കാൻ സാധ്യമല്ല. വീപ്പക്ക് മുകളിൽ കയറിയ ശേഷം, തുണികൾ കെട്ടി കമ്പിവേലിക്ക് മുകളിലേക്ക് എറിഞ്ഞ്, കയറാക്കി മാറ്റി മതിലിന് മുകളിലേക്ക് പിടിച്ച് കയറിയെന്നാണ് പൊലീസ് വാദം. എന്നാൽ, ഒറ്റക്കൈയ്യനായ ഒരാൾക്ക് ഇത്തരമൊരു സാഹസം സാധ്യമല്ലെന്ന് അൻവർ വീഡിയോയിൽ ചൂണ്ടികാണിക്കുന്നു. മാത്രമല്ല, വീപ്പയിൽ നിന്നും, കയറിന്റെ അറ്റത്തേക്ക് അഞ്ച്-ആറ് മീറ്ററെങ്കിലും ഉയരുമുണ്ട്. ഈ ദൂരം ഹെലികോപ്റ്ററിൽ പറന്ന് പിടിച്ചോ എന്നും ചോദിക്കുന്നു.
- പുലർച്ചെ നാല് മണിക്ക് ജയിൽ ചാടിയ വ്യക്തി, രാവിലെ പത്ത് മണിവരെ ജയിൽ പരിസരത്ത് കാത്തിരിക്കുന്നത് എന്തിനെന്ന് ചോദിക്കുന്നു. സെൻട്രൽ ജയിലിൽ നിന്ന് അരമണിക്കൂർ നടന്നാൽ എത്താവുന്നതാണ് റെയിൽവേ സ്റ്റേഷൻ. നിരവധി ലോറികളും കടന്നു പോകുന്ന പാതയാണ്. ഇതുവഴിയും അദ്ദേഹം രക്ഷപ്പെടാൻ ശ്രമിച്ചിട്ടില്ല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.