വി.എസ് എന്ന രണ്ടക്ഷരങ്ങൾക്കിടയിൽ എത്രവെള്ളമൊഴിച്ചാലും കെടുത്താനാവാത്ത കനലുകളാണ് എരിയുന്നത്. പ്രക്ഷോഭത്തിന്റെ ജ്വലിക്കുന്ന പാഠപുസ്തകമാണ് വി.എസ്
എന്നും പാർട്ടി, എപ്പോഴും പാർട്ടി, എന്തുവന്നാലും പാർട്ടി, വിമർശനങ്ങൾക്കിടയിലും പാർട്ടി വിട്ടൊരു എടപാടുമില്ല. അതായിരുന്നു വി.എസ്, അതാണ് വി.എസ്. സ്വന്തം പാർട്ടിയായിരുന്നു വി.എസിന്റെ വീടും നാടും ശ്വാസവും സ്വപ്നവും സർവസ്വവും. വ്യത്യസ്ത രീതിയിലുള്ള മാധ്യമ കൊടുങ്കാറ്റുകൾ പലപ്രകാരേണ ആഞ്ഞടിച്ചപ്പോഴും അചഞ്ചലമായൊരു മഹാപർവതം കണക്ക് വി.എസ് ശിരസ്സുയർത്തിനിന്നു. ‘നിങ്ങൾക്ക് വിപ്ലവകാരികളെ കൊല്ലാം, പക്ഷേ, വിപ്ലവത്തെ കൊല്ലാനാവില്ല’ എന്ന കാഴ്ചപ്പാടിന്റെ കരുത്തിലാണ് വി.എസ് വളർന്നത്. സഖാവ് കൃഷ്ണപിള്ളയാണ്, വി.എസിലെ അസാമാന്യ സംഘടനാ പാടവം കണ്ടെത്തിയത്.
അദ്ദേഹം വി.എസിന്റെ കീശയിൽ അന്ന് ഇട്ടുകൊടുത്ത അഞ്ചു രൂപയിൽനിന്നും മുഴങ്ങിയത് നെഞ്ചകം പിളർന്നൊരു ജനതയുടെ നിലവിളിയായിരുന്നു. ജാതി ജന്മിനാടുവാഴികാലത്തിന്റെ ഭീകരതകൾക്കിടയിലേക്ക് നാടുവാഴി ചിഹ്നമായ അരയിൽ കെട്ടാനുള്ള മുണ്ടുമായല്ല, കരിങ്കല്ലിനൊത്ത ആശയദാർഢ്യവുമായാണ് വി.എസ് കടന്നുചെന്നത്. വഴിനടക്കാനും സ്വയമൊരു പേരിടാനും ചെയ്യുന്ന ജോലിക്ക് കൂലി ചോദിച്ചുവാങ്ങാനും ഉറ്റവരെയും ഉടയവരെയും ചളിയിൽ ചവിട്ടിത്താഴ്ത്തുന്ന മാടമ്പിത്തരങ്ങൾക്ക് മുന്നിൽ നിസ്സഹായരായി നിൽക്കാനും നിർബന്ധിതരായ ഒരു ജനതയോട് നിവർന്നുനിൽക്കാനുമാണ് വി.എസ് നേതൃത്വം നൽകിയ പ്രസ്ഥാനം ആവശ്യപ്പെട്ടത്.
നടുവൊടിയുമ്പോഴും നടുനിവർത്താൻ അവകാശം നിഷേധിക്കപ്പെട്ട, ചരിത്രം സൃഷ്ടിക്കുന്നവരെങ്കിലും ചരിത്രത്തിൽനിന്ന് പുറംതള്ളപ്പെട്ട, എല്ലാം ഉണ്ടാക്കുന്നവരായിട്ടും ഒന്നുമില്ലാത്തവരായിത്തീർന്ന ഒരു അശരണ ജനസമൂഹത്തിന്റെ ഹൃദയസ്പന്ദനമാവാനും അതുവഴി അവരുടെ ചിതറിയ ചെറുത്തുനിൽപുകൾക്ക് ദിശാബോധം നൽകുന്ന തൊഴിലാളിപ്രസ്ഥാനം കെട്ടിപ്പടുക്കാനുമാണ്, വി.എസ് കുട്ടനാടൻ ചളിയിൽ ഇറങ്ങിയത്. ഒരു ക്ലാസ് മുറിയിലും കാണാത്ത ജീവിതപാഠങ്ങൾ അവിടെ വെച്ചാണ് അദ്ദേഹം പഠിച്ചത്. അദ്ദേഹത്തിന് കിട്ടിയ ബിരുദ കടലാസിലെ ചളി കാലമഴയേറെ കൊണ്ടിട്ടും ഒലിച്ചുപോയില്ല. ഒരിക്കലും ഒലിച്ചുപോവില്ല.
ദുരിതങ്ങളൊക്കെയും വിധിയാണെന്ന് കരുതി ആശ്വസിച്ച തൊഴിലാളിവർഗത്തെ, ഇതൊന്നും വിധിയല്ല, ജന്മിത്ത ചൂഷണത്തിന്റെ അനന്തരഫലങ്ങളാണെന്ന് പഠിപ്പിക്കാൻ അദ്ദേഹം കണ്ടുപിടിച്ച നീട്ടിയും കുറുക്കിയും ആവർത്തിച്ചും ആംഗ്യങ്ങളിൽ കുളിപ്പിച്ചും ഇളകിയാടിയും സദസ്സിനെക്കൂടി പലതരത്തിൽ ആ വേറിട്ട പറച്ചിലിൽ പങ്കെടുപ്പിച്ചും നടത്തിയ പ്രത്യേക രീതിയാർജിച്ച പ്രസംഗം, പതിവുപ്രസംഗങ്ങളുടെ പകർച്ചയായിരുന്നില്ല. അതൊരൊറ്റയാൾ പ്രക്ഷോഭപ്രയോഗമായിരുന്നു.
പറഞ്ഞുവരുന്നത് ആ പ്രസംഗം ‘കണ്ടുപിടിച്ചത്’ വി.എസ് തന്നെയാണെന്ന ചരിത്രപരമാർഥമാണ്.കുട്ടനാടൻ വയലേലകൾ അതിന്റെ രക്തസ്നാതമായ ചരിത്രം എഴുതുകയാണെങ്കിൽ അതിൽ ഒരധ്യായം ആ പ്രസംഗത്തെക്കുറിച്ച് കൂടിയായിരിക്കും. പ്രകമ്പനങ്ങൾ സൃഷ്ടിച്ച ആവിധമുള്ള പ്രസംഗപരമ്പരകളുടെ കൂടി കൈപിടിച്ചാണ് അക്കാലത്തെ തൊഴിലാളികൾ ദുരിതചളിയിൽനിന്ന് പുറത്തുകടന്നത്. അവരാർത്തുവിളിച്ച ഇങ്ക്വിലാബിൽവെച്ചായിരിക്കണമവർ ആദ്യമായി ആകാശം കണ്ടത്. അവർക്കൊപ്പം അവരുടെ ശരീരവും ആത്മാവുമായ സംഘടനക്കൊപ്പം അതിന് നേതൃത്വമേകിയ അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ അനേകം പേർക്കൊപ്പം, വി.എസ് എന്നും മുന്നിലുണ്ടായിരുന്നു.
വി.എസ് ആകാശത്തുനിന്ന് അറ്റുവീണ ഒരത്ഭുതമല്ല, സംഘടനാ പ്രവർത്തനത്തിന്റെയും ആശയവീറിന്റെയും വിമർശന-സ്വയംവിമർശനത്തിന്റെയും കുണ്ടും കുഴിയും ചളിയുമേറെയുള്ള മണ്ണിൽനിന്നും ഉയർന്നുവന്നൊരു വിപ്ലവകാരിയാണ്. ചരിത്രത്തിനൊപ്പം സഞ്ചരിക്കണമെങ്കിൽ സംഘടന വേണമെന്ന തത്ത്വം ലൂക്കാച്ചിന്റെ പുസ്തകത്തിൽനിന്നല്ല, കുട്ടനാടൻ പാടങ്ങളിൽനിന്നാണ് അദ്ദേഹം പഠിച്ചത്. ഫിദൽ കാസ്ട്രോയെക്കുറിച്ച് പ്രബന്ധമെഴുതിയല്ല, അസംഖ്യം പോരാട്ടങ്ങളുടെ നേതൃത്വമായി മാറിയതുകൊണ്ടാണ് സഖാവ് സീതാറാം യെച്ചൂരി അദ്ദേഹത്തെ കേരളത്തിന്റെ ഫിദൽ കാസ്ട്രോ എന്ന് വിളിച്ചത്.
പാർട്ടി എന്നു പറയുന്നത് കെട്ടിടങ്ങളോ നേതൃത്വമോ ഒരു പേരോ അല്ലെന്ന് ധീരരക്തസാക്ഷി റോസാ ലക്സംബർഗ് പറഞ്ഞതാണ് വി.എസിനെ അനുസ്മരിക്കുമ്പോഴും പ്രസക്തം. അവസാനത്തെ കമ്യൂണിസ്റ്റും ‘വ്യക്തി’ മാത്രമാവാതെ ‘പാർട്ടി’യായി പ്രവർത്തിക്കും, എത്ര കൊമ്പത്തുള്ള ആളായാലും ആവിധം പ്രവർത്തിക്കണം. വിജയം പരാജയം എന്നതിനപ്പുറമുള്ള ഒരു മഹാസമർപ്പണത്തിന്റെ പ്രകാശലോകത്തിൽ വെച്ചാവണം എവിടെ ഒരു കമ്യൂണിസ്റ്റുണ്ടോ അവിടെ ഒരു പാർട്ടിയുണ്ടാവും എന്ന് റോസാലക്സംബർഗ് പറഞ്ഞത് (‘If there is a comrade, there is the party). മുഖ്യധാരാ മാധ്യമങ്ങളും അരാഷ്ട്രീയ പണ്ഡിതരും വ്യക്തികളെ കേവലസ്തുതികൾകൊണ്ട് വീർപ്പുമുട്ടിച്ചും, സ്വന്തം താൽപര്യസംരക്ഷണവുമായി മുന്നോട്ടുപോകാൻ കഴിയുമെന്നാശിക്കുന്നവരും ചാർത്തിക്കൊടുത്ത ‘അവസാനത്തെ കമ്യൂണിസ്റ്റ’ല്ല വി.എസ്. അദ്ദേഹം അവസാനങ്ങളില്ലാത്ത ആരംഭങ്ങൾ മാത്രമുള്ള അസംഖ്യം കമ്യൂണിസ്റ്റ് വിപ്ലവകാരികളുടെ തുടർച്ചയാണ്.
വി.എസ് എന്ന രണ്ടക്ഷരങ്ങൾക്കിടയിൽ എത്രവെള്ളമൊഴിച്ചാലും കെടുത്താനാവാത്ത കനലുകളാണ് എരിയുന്നത്. ഇന്നത്തെ തലമുറ മാത്രമല്ല, വരും തലമുറയും പഠിക്കേണ്ട പ്രക്ഷോഭത്തിന്റെ ജ്വലിക്കുന്ന പാഠപുസ്തകമാണ് വി.എസ്. ഇടവേളകളില്ലാതെയും ഇടർച്ചകളറിയാതെയും പൊരുതിനിന്നൊരു അതുല്യ സമരജീവിതം. ‘തലനരയ്ക്കുവതല്ലെന്റെ വൃദ്ധത്വം/ തലനരയ്ക്കാത്തതല്ലയെൻ യുവത്വവും... കൊടിയ ദുഷ്പ്രഭുത്വത്തിൻ തിരുമുമ്പിൽ/ തലകുനിക്കാത്തശീലമെൻ യൗവനം എന്ന കവിവാക്യത്തിൽ ത്രസിച്ചത് ആരുടെയും സാക്ഷ്യപത്രമാവശ്യമില്ലാത്ത, വിപ്ലവപ്രവർത്തനത്തിന്റെ സ്വയം സാക്ഷ്യം!
പരിഹസിക്കാൻ തന്റെ പ്രായത്തെ മാനദണ്ഡമാക്കിയവരോട് എനിക്ക് പ്രായംകൂടിയത് എന്റെ കുഴപ്പമാണോ’ എന്ന് ചോദിച്ചും ‘കൊടിയ ദുഷ്ഭൂപ്രഭുത്വത്തിൻ തിരുമുമ്പിൽ/ തലകുനിക്കാത്തശീലമെൻ യൗവനം’ എന്ന തിരുമുമ്പിന്റെ കവിതചൊല്ലിയും വി.എസ് ആവിഷ്കരിച്ചത് ജരാനരകൾ ബാധിക്കാത്ത, ‘ആദർശ സമയം’ എന്ന ഒരു ബദൽ കാലസങ്കൽപമാണ്. എനിക്ക് വയസ്സ് എൺപത്തിമൂന്ന് കഴിഞ്ഞു. എന്നാലും എനിക്കും കിട്ടണം അധികാരത്തിന്റെ ചക്കരക്കുടം എന്ന തത്ത്വത്തിലേക്ക് അതിനെ ചുരുക്കി വായിക്കാനാണ് വലതുപക്ഷം ശ്രമിച്ചത്. തലമുറകൾ തമ്മിലുള്ള വിടവിനെ നിരാകരിക്കുകയല്ല, ആദർശപ്രബുദ്ധതയിലേക്ക് അവയെ കണ്ണിചേർക്കാവുന്നത്രയും ചേർക്കുക എന്ന ഏറെ പ്രസക്തമായ സാമൂഹികശാസ്ത്ര തത്ത്വമാണ് വി.എസ് അവതരിപ്പിച്ചത്. കൃത്രിമ വിപരീതങ്ങളുടെ കുടുസ്സുലോകങ്ങളിൽനിന്നുള്ള വിടുതലാണത് കൊതിച്ചത്.
കമ്യൂണിസ്റ്റ് പാർട്ടിയുടെ സ്ഥാപകനേതാക്കളിലൊരാൾ, പുന്നപ്ര വയലാറിന്റെ വീരപുത്രൻ, സ്വാതന്ത്ര്യ സമരസേനാനി, തുടങ്ങിയ വിശേഷങ്ങളൊക്കെയും പ്രസക്തമായിരിക്കെ, അതിനേക്കാൾ സൂക്ഷ്മമായി വി.എസിനെ അടയാളപ്പെടുത്തിയത് ഇ.എം.എസാണ്. താനടക്കമുള്ള പലരും തൊഴിലാളിവർഗത്തിന്റെ ദത്തുപുത്രരാണ്. എന്നാൽ, വി.എസ് അതിൽനിന്നും വ്യത്യസ്തമായി തൊഴിലാളിവർഗത്തിന്റെ സ്വന്തം പുത്രനാണെന്നാണ് ഇ.എം.എസ് നിരീക്ഷിച്ചത്. ഉടുതുണിക്ക് മറുതുണിയില്ലാതെയാണ്, ചെറുപ്പത്തിൽതന്നെ അമ്മയും അച്ഛനും നഷ്ടമായ വി.എസ് വളർന്നത്. ആ ജീവിതം തന്നെയും അതിജീവനത്തിനുവേണ്ടിയുള്ള സമരമായിരുന്നു. ‘ജീർണത ചേറിൽ താഴുന്നു. പുഴ പൂർണത നോക്കിപ്പായുന്നു’ എന്ന് വൈലോപ്പിള്ളി.
സാംസ്കാരിക വിമർശകയായ സുജ സൂസൺ വി.എസുമൊത്ത് സൂര്യനെല്ലിയിലെ പീഡിത കുടുംബത്തെ സന്ദർശിച്ച ഒരു സന്ദർഭം ഓർമിച്ചെഴുതിയത് വായിക്കുമ്പോൾ കാർക്കശ്യക്കാരനായ വി.എസിനൊപ്പം, സഹവസിച്ച കാരുണ്യവാനായ മറ്റൊരു വി.എസിനെയും ഒരു കോരിത്തരിപ്പോടെ നാം കണ്ടുമുട്ടും. ആ പീഡിതകുടുംബത്തോട് അടച്ചിട്ട മുറിയിലിരുന്ന് വി.എസ് ഏറെനേരം സംസാരിച്ചു. പോരാൻ നേരം ഒരു പണപ്പൊതി ആ അച്ഛന് കൈമാറാൻ വി.എസ് ശ്രമിച്ചു. അയാൾ അതുവാങ്ങാൻ കൂട്ടാക്കിയില്ല. ഇതെന്റെ പെൻഷൻ പണമാണ്. ഒരു മുത്തച്ഛൻ തരുന്നതാണെന്ന് കരുതിയാൽ മതി എന്ന വി.എസിന്റെ വാക്കുകളിലെ ഔപചാരികതകൾക്കുള്ളിൽ ഒതുങ്ങാത്ത കാരുണ്യം തിരിച്ചറിഞ്ഞതുകൊണ്ടാവണം പിന്നെ അയാൾ ഒരു തർക്കവും പറഞ്ഞില്ല. മനുഷ്യരാണല്ലോ, മനുഷ്യരാവണമല്ലോ, മിനിമം മനുഷ്യരാവാൻ സ്വയം മൽപിടിത്തം നടത്തണമല്ലോ നാമെല്ലാം.
ഇതെഴുതുമ്പോൾ ഇന്ത്യൻ നവഫാഷിസത്തിനെതിരെ ഇടിമുഴക്കം സൃഷ്ടിച്ചൊരു വി.എസ് ചോദ്യത്തിന് മറ്റെല്ലാത്തിനെക്കാളും ഇപ്പോഴും വീര്യമേറിവരുന്നതായാണ് അനുഭവപ്പെടുന്നത്. ‘പശു നിങ്ങളുടെ അമ്മയാണെങ്കിൽ, കാള നിങ്ങളുടെ അച്ഛനാണോ’ എന്ന ഇളക്കിമറിച്ച ചോദ്യമാണത്. സാക്ഷാൽ വിവേകാനന്ദനുശേഷം മനുഷ്യവിരുദ്ധ ഗോസംരക്ഷകർ ഇത്രമേൽ വലിയ വിമർശം ഒരിടത്തുനിന്നും കേട്ടിട്ടുണ്ടാവില്ല. വിവേകാനന്ദന്റെ ആ രൂക്ഷ പ്രയോഗം അറിയാൻ വിവേകാനന്ദ സാഹിത്യ സർവസ്വത്തിൽ അച്ചടിച്ചുവന്നത് പകർത്തിയാൽ മാത്രം മതിയാവും. എന്നാൽ, ആ വി.എസ് പ്രയോഗം മാത്രം എഴുതി വായിച്ചാൽ ആ വിമർശത്തിന്റെ വീര്യം വേണ്ടത്ര മനസ്സിലാവില്ല. നീട്ടിയും കുറുക്കിയും സവിശേഷ ആംഗ്യവിക്ഷേപങ്ങളിലൂടെയുള്ള വി.എസിന്റെ സ്വതസിദ്ധമായ അവതരണംതന്നെ കേൾക്കണം ആ ഫാഷിസ്റ്റ് വിരുദ്ധ പ്രയോഗത്തിന്റെ മർമമറിയാൻ!
എത്ര കീഴ്മേൽ മറിയുമ്പോഴും ആ മനസ്സിൽനിന്ന് മുഴങ്ങിയത് ‘എന്റെ പാർട്ടി എന്റെ പാർട്ടി’ എന്ന മുദ്രാവാക്യം മാത്രമാവണം. അത്രമേൽ പാർട്ടിയെകെട്ടിപ്പടുത്ത്, പാർട്ടിയിൽ ജീവിച്ച് പാർട്ടിതന്നെയായി മാറിയ വി.എസിന്റെ സ്മരണയും ഇന്നൊരു പിൻമടക്കമില്ലാത്ത പാർട്ടിപ്രതിബദ്ധതയും സമരശക്തിയുമാണ്. അനുസ്മരണം സ്മരണകളെ അലസമായി പിന്തുടരലല്ല, സ്തുതിക്കും നിന്ദക്കുമിടയിൽ സ്തംഭിച്ചുനിൽക്കലല്ല, ഒന്നൊഴിയാതെ സർവവും എടുത്തുപറഞ്ഞുള്ള അവതരണമല്ല, മറിച്ച് കഴിയുന്നത്ര ചരിത്രത്തിന് അഭിമുഖമാകാൻ സ്വയം ശ്രമിക്കലാണ്. എന്നാൽ, എത്രതന്നെ വിയർത്താലും അനുസ്മരണത്തിനൊരിക്കലും കൈവിറക്കാതെ കീറിമുറിക്കുന്ന അന്വേഷണമായി മാറാനാവില്ല. അന്വേഷണങ്ങളിലേക്കുള്ള ചുവടുവെപ്പുകളായി അനുസ്മരണങ്ങൾ ചിറകുവിടർത്തുമെങ്കിൽ അതാവും മരിച്ച മഹാന്മാർക്ക്, ജീവിച്ചിരിക്കുന്നവർക്ക് നൽകാവുന്ന മികച്ച ആദരം.
വി.എസിന്റെ സ്നേഹം ഏറ്റവും കൂടുതൽ അനുഭവിക്കാൻ ഇടംകിട്ടിയ സാംസ്കാരിക പ്രവർത്തകരിൽ ഒരാളാണ് ഞാൻ എന്ന ആഹ്ലാദംകൂടി ഈയൊരു അനുസ്മരണ വേളയിൽ അടയാളപ്പെടുത്തേണ്ടതുണ്ട്. അദ്ദേഹം പാർട്ടി സെക്രട്ടറിയായിരുന്ന കാലത്ത്, കോളജ് അധ്യാപകജോലി ഒഴിവാക്കി തിരുവനന്തപുരത്ത് അതിനേക്കാളും ‘മികച്ചൊരു’ ഉത്തരവാദിത്തമുള്ള പദവിയിൽ പ്രവേശിക്കാൻ സ്നേഹപൂർവം ആവശ്യപ്പെട്ടിരുന്നു. എ.കെ.ജി സെന്ററിൽ ഉടൻ എത്തണം എന്ന വി.എസിന്റെ ‘ലൈറ്റ്നിങ് കാൾ’ ആഹ്ലാദപരിഭ്രമങ്ങളാണ് അന്നുണ്ടാക്കിയത്. സ്നേഹ
ത്തോടെ ആ ഉത്തരവാദിത്തമേറ്റെടുക്കാനുള്ള വ്യക്തിപരമായ പ്രയാസം അന്നുഞാൻ അദ്ദേഹത്തെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും; വീട്ടിൽപോയി ഒന്നുകൂടി ആലോചിച്ചിട്ട് പറഞ്ഞാൽ മതിയെന്ന് വി.എസ് പിന്നെയും പറഞ്ഞു. ഇക്കാര്യം അധികമാർക്കുമറിയില്ല. മുമ്പേതോ ഒരഭിമുഖത്തിൽ ഇക്കാര്യം പറഞ്ഞതായാണ് ഓർക്കുന്നത്. എന്നാൽ, വി.എസിന്റെ ‘രൂക്ഷമായ ആക്രമണവും അനുഭവിക്കേണ്ടിവന്നിട്ടുള്ളവരിൽ ഒരാളാണ് ഞാനെന്നത് സർവർക്കുമറിയാം. കാരണം, അതിനുകിട്ടിയ മാധ്യമശ്രദ്ധ അസാധാരണമായിരുന്നു. സർവ ഫാഷിസ്റ്റുകളും, എന്നെപ്പോലെ ഒരധികാരവുമില്ലാത്ത പാവം സാംസ്കാരികപ്രവർത്തകനെ ആക്രമിക്കാനുള്ള നല്ലൊരവസരമാക്കി അരങ്ങുകൊഴുപ്പിച്ചു. അതുകൊണ്ടുതന്നെ അവർക്കെല്ലാവർക്കുംവേണ്ടി ‘വൈസ്രോയിമാർക്ക് വേണ്ടത് കുരങ്ങുസൂപ്പോ’ എന്നപേരിൽ ഒരു പുസ്തകം വഴിയാണ് അതിനോടുള്ള എന്റെ സർഗാത്മക സമര നിലപാടുകൾ ഞാൻ വ്യക്തമാക്കിയത്.
‘രാഷ്ട്രീയത്തിൽ ആൾദൈവങ്ങൾ ഉണ്ടാവും വിധം’ എന്ന എന്റെ പ്രബന്ധമാണ് വി.എസിന് അന്ന് പ്രകോപനമായത്. ആ പ്രകോപനം സൃഷ്ടിച്ച വികാരവേലിയേറ്റത്തിലാവണം വി.എസും ഞാനുമടങ്ങുന്നവർ ഭൗതികവാദികൾ ‘ഒരേകദേശ മട്ടിൽ’ ആദിപിതാവായി കരുതുന്ന ‘കുരങ്ങൻ’ എനിക്കുമാത്രമായി അദ്ദേഹം പതിച്ചുനൽകിയത്! എന്നാൽ, അതിനോടുള്ള എന്റെ സർഗാത്മക പ്രതികരണം ഒരു പുസ്തകരൂപത്തിൽ വന്നതോടുകൂടിയാവണം, ഒരുറപ്പുമില്ല, അദ്ദേഹം അതുവിട്ടു. ഞാനും അതുവിട്ടു. പക്ഷേ അപൂർവം ചിലരിപ്പോഴും ആ പൂർവപിതാവിനോടുള്ള ആദരംകൊണ്ടാവണം അതിന്റെ വാൽ വിട്ടിട്ടില്ല. ഇത്രയും പറയുന്നത്, പരസ്പരമുള്ള വിമർശനങ്ങൾ ആദരവിനെ അവസാനിപ്പിക്കുകയല്ല, അതിന് വീര്യം പകരുകയാണെന്ന് ഒരു പ്രതിബദ്ധതയും കൂടാതെ വെറുതെ കാ, കൂ എന്ന് പറഞ്ഞ് കാലം കഴിക്കുന്നവരെ ഓർമിപ്പിക്കാനാണ്.
അന്വേഷണങ്ങളും അനുസ്മരണങ്ങളും വേർതിരിയുന്ന അതിർത്തി കൃത്യം ഓർമിക്കാനായാൽ വൻമരങ്ങൾക്കൊപ്പം പുൽക്കൊടികൾക്കും ഇടംനൽകുംവിധം ജീവിതം വിസ്തൃതമാണെന്ന് തിരിച്ചറിയാനുള്ള ധീരമായ വിനയം നമുക്കുണ്ടാകും. സർവ മേൽക്കോയ്മകൾക്കുമുമ്പിലും നയിക്കുന്നവരാരും വന്മരമാവണം, നിസ്സഹായർക്കുമുമ്പിൽ അവരൊരു പുൽക്കൊടിയും. ഒന്നാമത്തേതാകാൻ കഴിഞ്ഞില്ലെങ്കിലും രണ്ടാമത്തേതായി അവർക്ക് ഉയരാൻ കഴിഞ്ഞാൽ ആകാശത്തുനിന്നും മഴവില്ലുകൾ അവരെനോക്കി മന്ദഹസിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.