സുവിശേഷമെന്നാൽ ‘നല്ല വാർത്ത’ എന്നർഥം. കേരളത്തിൽ ഈ ദിവസങ്ങളിൽ സംഭവിച്ച ചില നല്ല വിശേഷങ്ങളെ ഒന്നു പകർത്തിയെഴുതാനാണ് ഈ കുറിപ്പ്. യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയ എന്ന സഹോദരിയുടെ ശിക്ഷ നടപ്പാക്കുന്നത് നീട്ടിവെച്ചു എന്നതാണ് ഒന്നാമത്തെ സുവിശേഷം.
എന്തൊരാശ്വാസം!അല്ലെങ്കിൽ ഞാനുൾപ്പെടെയുള്ള അനേകം മലയാളികൾക്ക് കഴിഞ്ഞ രാത്രി തീർത്തും അശാന്തമായിരുന്നേനെ! ഇന്ത്യയിലെ പ്രമുഖ മുസ്ലിം പണ്ഡിതൻ കാന്തപുരം എ.പി. അബൂബക്കർ മുസ് ലിയാർ ഇക്കാര്യത്തിൽ വളരെ നിർണായകമായ പങ്കു വഹിച്ചു എന്നതാണ് രണ്ടാമത്തെ സുവിശേഷം. നന്ദി ഉസ്താദ്! വളരെ നന്ദി!!
കുടുംബം, ആക്ഷൻ കൗൺസിൽ, കേന്ദ്ര-സംസ്ഥാന സർക്കാറുകൾ, രാഷ്ട്രീയ പാർട്ടികൾ, സന്നദ്ധ സംഘടനകൾ എന്നിവരെല്ലാം നിമിഷപ്രിയയുടെ മോചനത്തിനായി അക്ഷീണം പ്രവർത്തിച്ചിരുന്നു; ഇനിയും പ്രവർത്തിക്കും എന്നതാണ് മൂന്നാമത്തെ സുവിശേഷം.
കേരള മനസ്സിൽ വെറുപ്പിന്റെ വിത്ത് വിതച്ച് വിഭജനം വിളയിച്ചെടുക്കാം എന്ന് വ്യാമോഹിച്ചവർക്കുള്ള കനത്തതിരിച്ചടിയാണ് ഈ സംഭവങ്ങൾ. പ്രത്യേകിച്ച് കാന്തപുരം അബൂബക്കർ മുസ് ലിയാരുടെ അവസരോചിതവും ഹൃദയസ്പർശിയുമായ ഇടപെടൽ. കേരള മണ്ണ് ഇപ്പോഴും പാകപ്പെട്ടിരിക്കുന്നത് സ്നേഹത്തിന്റെ വിത്തുകൾക്ക് മാത്രമാണ് എന്ന് തിരിച്ചറിയുന്നതാണ് നാലാമത്തെ സുവിശേഷം.
ഇനിയും ആരൊക്കെ എങ്ങനെയൊക്കെ പരിശ്രമിച്ചാലും നാളെയും കേരള മണ്ണിൽ വിടരുന്നത് സ്നേഹത്തിന്റെ പൂക്കൾതന്നെയായിരിക്കും എന്ന പ്രതീക്ഷയാണ് ഈ സംഭവങ്ങൾ തെളിയിക്കുന്നത്. ഇതല്ലേ അഞ്ചാമത്തെ സുവിശേഷം?
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.