ഏത് ഊരാക്കുടുക്കും ഒറ്റവെട്ടിന് അഴിയും. എന്നാൽ,ഗസ്സക്കുമേൽ സയണിസമിട്ട ഭക്ഷണക്കുടുക്ക് അഴിക്കും തോറും കുരുങ്ങും. അപ്പം ചോദിച്ച പട്ടിണിപ്പാവങ്ങളോട് പാരിസിലെ പഴയ രാജകുമാരി എന്താ നിങ്ങൾക്ക് കേക്ക് കഴിച്ചുകൂടേ എന്ന് ചോദിച്ചത് അവരുടെ വിവരക്കേടുകൊണ്ടു കൂടിയാവണം! ഭക്ഷണത്തിന് ക്യൂ നിൽക്കുന്നവരെ വെടിവെച്ചു കൊല്ലുന്ന, സയണിസം കുട്ടികളോട് കാണിക്കുന്ന ക്രൂരതക്ക് സമാനതകളില്ല
അര മണിക്കൂർ നേരമെങ്കിൽ, അത്രയും നേരം, ഒടുവിൽ ഗസ്സക്കുവേണ്ടി ഒഴിച്ചിടാനുള്ള സാർവ ദേശീയ ജനായത്ത സന്നദ്ധത, തുടർന്ന് ദിവസങ്ങൾതന്നെ ഒഴിച്ചിടാനുള്ള സന്നദ്ധതയായി മാറുകയാണെങ്കിൽ, സയണിസത്തെയും സാമ്രാജ്യത്വത്തെയും അവരുടെ നട്ടെല്ലായി മാറിയ, ആഗോള ആശയവിനിമയ വ്യൂഹത്തെയും ഒരു സംശയവുമില്ല, ഉറപ്പാണ്, അത് അത്യധികം നടുക്കം കൊള്ളിക്കും. ഒരാഴ്ചത്തെ പ്രതീകാത്മക അര മണിക്കൂർ അഥവാ പ്രതീകാത്മക മൗനസമരം, അതോടെ മഹാപ്രക്ഷോഭമായി മാറും.
പ്രകടനങ്ങൾ പോസ്റ്ററുകൾ ചിത്രങ്ങൾ സിനിമകൾ കവിതകൾ പാട്ടുകൾ നാടകങ്ങൾ ബഹിഷ്കരണങ്ങൾ പ്രമേയങ്ങൾ എന്നിവക്കൊപ്പം ഡിജിറ്റൽ മൗനവും സമരമുന്നണിയിൽ ചേർന്നുകഴിഞ്ഞു എന്നുള്ളത് കോർപറേറ്റ് സാമ്രാജ്യത്വ സയണിസ്റ്റ് സംഘത്തെ സംഭ്രാന്തരാക്കും. മൗനം മുഴങ്ങുന്നത് ആർക്കുവേണ്ടി എന്ന് മറ്റാരേക്കാളും മുമ്പേ മനസ്സിലാക്കാൻ ഇനി അവരും നിർബന്ധിതരാവും. നിസ്സഹായരുടെ കൂട്ടനിലവിളികൾക്കൊപ്പം, മൗനവും അധികാരത്തിന്റെ മർമം തുളച്ച് ഒരു വെടിയുണ്ട കണക്ക് കടന്നുപോവും.
ശബ്ദവും മൗനവും തമ്മിലുള്ള നിതാന്ത സൗഭ്രാത്രം തന്നെയാണ്, രണ്ടിനും ഒരേസമയം സൂക്ഷ്മത നൽകുന്നത്. മഹത്തായൊരു ലക്ഷ്യത്തിലേക്ക് കണ്ണി ചേർക്കപ്പെടുമ്പോൾ വിപരീതങ്ങളായല്ല, വീര്യവിസ്ഫോടനമായവ വികസിക്കും. നിസ്സഹായരുടെ, സമരമൗനം, അധിനിവേശ ബന്ധുജനശകതികളുടെ നിസ്സംഗതക്ക്, അതോടെ അന്ത്യം കുറിക്കും. അപ്പോൾ പറയുന്ന വാക്കുകൾക്കൊപ്പം, പറയപ്പെടാതെ പോയ വാക്കും അധികാരത്തിന്റെ ശിരസ്സിനുമേൽ ഒരു മിസ്സൈൽ എന്നപോൽ പതിക്കും. നിങ്ങൾക്ക് എളുപ്പം കൊന്നുതള്ളാൻ കഴിയുംവിധം വെറും എണ്ണങ്ങളല്ല ഞങ്ങൾ എന്ന, സയണിസ്റ്റുകൾ കൊന്ന പ്രശസ്ത പ്രതിരോധ കവി റഫാത്ത് അൽഅരീർ അടക്കമുള്ള സമരയോദ്ധാക്കളുടെ ശബ്ദംകൂടിയാണ്, സമരമൗനത്തിൽ മുഴങ്ങുന്നത്, അല്ലെങ്കിൽ മുഴങ്ങേണ്ടത്.
സാമ്രാജ്യത്വം ബലാൽക്കാരത്തിലൂടെ നിശ്ശബ്ദമാക്കിയ, എത്രയെത്രയോ വിപ്ലവകാരികളുടെ സമരസന്ദേശങ്ങളാണ്, ഡിജിറ്റൽ മൗനത്തിന്റെ ആകാശത്തിൽ സമരസൂര്യനായി ജ്വലിക്കേണ്ടത്. കമ്പോളത്തിന്റെ കുലുക്കിക്കുത്തിനും ഫാഷിസത്തിന്റെ കത്തിക്കുത്തിനും കിനാവു കാണാനാവാത്ത ധീരസമർപ്പണത്തിനാണ്, നമ്മുടെ രാത്രികളിലെ അര മണിക്കൂർ ഇപ്പോൾ സാക്ഷ്യംവഹിക്കുന്നത്. പോരാട്ടത്തിൽനിന്നൊരിക്കലും പിന്നോട്ടില്ലെന്ന പ്രഖ്യാപനമാണ്, ആ മൗനത്തിൽ മുഷ്ടിചുരുട്ടുന്നത്. പലവഴികളിലൂടെയും ഞങ്ങൾ ശബ്ദിച്ചുകൊണ്ടേയിരിക്കുമെന്ന് പ്രഖ്യാപിക്കുന്ന സർവഭാഷകൾക്കും ഒത്തുചേരാനാവുന്നൊരു സമരനിശ്ശബ്ദതയിൽവെച്ച് സമകാലം അഭിമാനത്തോടെ ഒപ്പുവെച്ച് കഴിഞ്ഞിരിക്കുന്നു.
ഏത് ഊരാക്കുടുക്കും ഒറ്റവെട്ടിന് അഴിയും. എന്നാൽ, ഗസ്സക്കുമേൽ സയണിസമിട്ട ഭക്ഷണക്കുടുക്ക് അഴിക്കും തോറും കുരുങ്ങും. അപ്പം ചോദിച്ച പട്ടിണിപ്പാവങ്ങളോട് പാരിസിലെ പഴയ രാജകുമാരി എന്താ നിങ്ങൾക്ക് കേക്ക് കഴിച്ചുകൂടേ എന്ന് ചോദിച്ചത് അവരുടെ വിവരക്കേടുകൊണ്ടു കൂടിയാവണം! ഭക്ഷണത്തിന് ക്യൂ നിൽക്കുന്നവരെ വെടിവെച്ചു കൊല്ലുന്ന, എന്തിന് ഒരൽപം ഭക്ഷണം നൽകുമ്പോൾ അതിൽ വിഷം കലർത്തുന്ന സയണിസം കുട്ടികളോട് കാണിക്കുന്ന ക്രൂരതക്ക് സമാനതകളില്ല. അര മണിക്കൂർ മൗനം മറ്റു പലതിനുമൊപ്പം, ഉള്ളിലൊതുക്കുന്നത് ഒതുക്കാനാവാത്ത മഹാസങ്കടങ്ങളാണ്.
ഫലസ്തീൻ അഭയാർഥികൾക്കുവേണ്ടി ഐക്യരാഷ്ട്രസഭ നിർമിച്ചു നൽകിയ തങ്ങളുടെ തകർക്കപ്പെട്ട സ്വന്തം സ്കൂളുകൾക്കു നേരെ നിസ്സഹായരായി നോക്കിനിൽക്കുന്ന കുട്ടികളും കല്ലിന്മേൽ കല്ല് ബാക്കിവെക്കാതെ പൊളിക്കപ്പെട്ട ആശുപത്രി അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിക്കിടക്കുന്ന രോഗികളും; അയനസ്കോയുടെ അമേദി നാടകത്തിലെ വളരുന്ന ശവത്തെ, അപ്രസക്തമാക്കുന്ന ശവക്കൂമ്പാരങ്ങളും ഒരു മൗനത്തിലും ഒതുങ്ങുകയില്ല, ഒരിക്കലും ഒതുക്കാനാവുകയില്ല.
ഇസ്രായേൽ സയണിസം കൊന്ന കലാപ്രതിഭ റഫാത്ത് അൽഅരീർ എഴുതിയ ഞാൻ മരിക്കണമെങ്കിൽ നിങ്ങൾ ജീവിക്കണം, എന്റെ കഥ പറയാനായി എന്നുള്ള വാക്യമായിരിക്കണം ഡിജിറ്റൽ മൗനത്തിന്റെ ആമുഖമാവേണ്ടത്. ഭൂമിയിലെ നരകമാക്കി ഗസ്സയെ മാറ്റിയവർ, വരാനിരിക്കുന്ന പ്രതിരോധത്തെ ഭയന്ന് മുൻകൂറായി കുഞ്ഞുങ്ങളെ കൂട്ടക്കൊല ചെയ്യുന്നവർ, ഇസ്രായേലിന്റെ ദേശീയ കവിയായ ഹയിം നഹാം ബിയാലിക്കെന്റ്, ഒരു കൊച്ചുകുട്ടിയുടെ ചോരക്ക് തുല്യമായ പ്രതികാരം ഒരു ചെകുത്താനും ഇതേവരെയും കണ്ടുപിടിച്ചിട്ടില്ല എന്ന വരികൾ മറക്കരുത്. കൊലയാളികളുടെ അട്ടഹാസങ്ങൾക്കിടയിലും രക്തസാക്ഷികളെ മാറോടുചേർത്ത്, ചെറുത്തുനിൽപ് തുടരുന്ന, അവശേഷിക്കുന്ന ഫലസ്തീൻകാരുടെ പ്രാർഥനയിൽ നിറയുന്നത്, കരുണയും കരുത്തുമാണ്. രകതസാക്ഷികൾ എപ്പോഴും നീതിക്കുവേണ്ടിയുള്ള അവരുടെ മാർച്ചിൽ വഴികാട്ടികളായി അവർക്കു മുന്നിലുണ്ട്. സയണിസ്റ്റുകൾക്ക് മായ്ച്ചുകളയാനാവാത്ത ആ ധീരസ്മരണകളുടെ ശക്തിയാലാണ്, ശവകൂമ്പാരങ്ങൾക്കിടയിൽനിന്നും പിന്നോട്ടേക്കില്ലെന്ന അവരുടെ ഉറപ്പുകൾ ഉയരുന്നത്.
അവിശ്വസനീയം എന്ന വാക്കിലോ പ്രക്ഷോഭചരിത്രങ്ങളിലെ അതിശയം എന്ന മറ്റൊരു വാക്കിലോ ഒതുങ്ങാനോ ഒതുക്കാനോ ആവാത്തവിധമുള്ളൊരു സമരവീര്യമാണ് ഗസ്സയിൽ പ്രതികൂല അവസ്ഥകളെ വകവെക്കാതെ, തിന്നാൻ ഗോതമ്പും കുടിക്കാൻ വെള്ളവും ഇല്ലെങ്കിൽ നാം നമ്മുടെ സ്നേഹം തിന്നുകയും വിയർപ്പ് കുടിക്കുകയും വേണം എന്ന കവിവാക്യത്തെ സത്യപ്പെടുത്തുംവിധം ശക്തമാവുന്നത്. ലോകത്തെ വൻശക്തികളോടാണ്, ഒന്നുമില്ലാത്തവരാക്കി മാറ്റപ്പെട്ട, ഒരു ജനത സ്വന്തം സ്വാതന്ത്ര്യത്തിനുവേണ്ടിയും മാനുഷികമൂല്യങ്ങളുടെ സംരക്ഷണത്തിനുവേണ്ടിയും ഇന്നത്തെ രാഷ്ട്രീയ പശ്ചാത്തലത്തിൽ, വിജയം എത്രയോ വിദൂരത്താവാമെന്നറിഞ്ഞിട്ടും പൊരുതിക്കൊണ്ടേയിരിക്കുന്നത്.
ഇന്നല്ലെങ്കിൽ നാളെ ലോക ദേശീയ വിമോചന പോരാട്ടചരിത്രത്തിൽ ഗസ്സ അമ്പരപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്യുന്ന വേറിട്ട ഒരധ്യായമായി സ്ഥാനം കൈയേൽക്കും. എന്നെ നേരെയാക്കണമേ/ വളയാത്തതും വഴങ്ങാത്തതുമാക്കണമേ/ എന്നെ മൂർച്ചയുള്ളതാക്കണമേ/ മുറിയ്ക്കുന്നതും തുളയ്ക്കുന്നതുമാക്കണമേ/ ഞാൻ ഉരുക്കാണ്, എന്റെ പ്രാർഥന ഇതാണ് എന്ന അമേരിക്കൻ കവി കാൾ സാൻഡ്ബർഗിന്റെ ഉരുക്കിന്റെ പ്രാർഥനയിൽ കാരുണ്യത്തിന്റെ വിസ്മയം കൂടിക്കലരുമ്പോൾ, അത് പൊരുതുന്ന ഗസ്സയാവും! കാരുണ്യം തുളുമ്പുന്ന ധീരതക്ക് പകരമുള്ള, ഒറ്റവാക്കായി നാളെ ഗസ്സ സർവ നിഘണ്ടുകളിലും നിറയും, നിറയണം.
ഓരോ ദിവസവും കൊല്ലപ്പെടുന്നവർക്കിടയിൽനിന്ന്, പാഴായിപ്പോവുന്ന സമാധാന പ്രമേയങ്ങൾക്കിടയിൽനിന്ന്, സഹായിക്കാനെത്തുന്ന ഭക്ഷണംപോലും തട്ടിപ്പറിച്ചെടുക്കുന്ന നെതന്യാഹുത്തരത്തിന്റെ ക്രൂരതകൾ കണ്ട് ഉതിരുന്ന കണ്ണീർത്തുള്ളികൾക്ക്, ഇപ്പോഴല്ലെങ്കിൽ എപ്പോഴെങ്കിലും തീ തുള്ളികളാവാൻ കഴിഞ്ഞില്ലെങ്കിൽ തീക്ക് അതിന്റെ ആത്മാഭിമാനം നഷ്ടപ്പെടും. എല്ലാ രാജ്യങ്ങളിലും വിശന്നിരിക്കുന്നവരുണ്ട്. എന്നാൽ, എല്ലാവരും ഒരുപോലെ വിശന്നിരിക്കുന്ന ലോകത്തിലെ ഏക പ്രദേശം ഇന്ന് ഗസ്സമാത്രമാണ്. എല്ലാ യുദ്ധോപകരണങ്ങളെക്കാളും രൂക്ഷമായ മറ്റൊരു തീ തുപ്പും മിസൈലായി, ഒരു ജനതയെ പട്ടിണിക്കിടൽ, ഇതിനുമുമ്പ്, ഈ വിധം ലോകത്തെവിടെയെങ്കിലും നടന്നിട്ടുണ്ടാവുമെന്ന് തോന്നുന്നില്ല. മുഴങ്ങുമോ നമ്മുടെ അര മണിക്കൂർ മൗനത്തിൽ ആ മഹാസങ്കടങ്ങൾ മുഴുവനും?
അസാധ്യതകളെ ചിലപ്പോഴെങ്കിലും നിസ്സഹായതയോടെ മാത്രം അഭിമുഖീകരിക്കാൻ കൂടി ശിക്ഷിക്കപ്പെട്ടതാവുമോ നമ്മുടെ അസ്തിത്വം! അമേരിക്കൻ പ്രസിഡന്റ് ഡോൾഡ് ട്രംപിന് നൊബേൽ സമ്മാനം നൽകാൻ, ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹു റെക്കമൻഡ് ചെയ്യും വിധം ലോകം അശ്ലീലപ്പെട്ടിട്ടും ഐക്യരാഷ്ട്രസഭ, പന്തം കണ്ട പെരുച്ചാഴിയെപ്പോലെ പകച്ചുനിൽക്കുകയാണ്! സോറി! ആ ഉപമ പിൻവലിക്കുന്നു. കാരണം ആ ഉപമ പന്തത്തിനും പുതിയ പെരുച്ചാഴികൾക്കും നാണക്കേടുണ്ടാക്കുമെന്നതിനാൽ!
ലോക സമാധാനം സംരക്ഷിക്കുക, നീതി നടപ്പാക്കുന്നതിന്റെ നേതൃത്വമാവുക എന്ന മഹോന്നതമായ പണിയൊന്നും ഇനി തങ്ങളെക്കൊണ്ടാവുന്നതല്ലെന്ന് തിരിച്ചറിഞ്ഞ്, സ്വയം പിരിഞ്ഞുപോവുന്നതല്ലേ, ഐക്യം ഏറക്കുറെ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഐക്യരാഷ്ട്രസഭക്ക് നല്ലത്? സമീഹ് അൽ ക്വാസിം എന്ന ഫലസ്തീനിയൻ കവി ‘യു എന്നിലെ ഉടുത്തൊരുങ്ങിയ മാന്യന്മാരോട്’ എന്ന കവിതയിൽ മുമ്പ് ചോദിച്ചതാണിത്. കിലോ മീറ്റർ നീളമുള്ള പ്രസ്താവനകൾ, മധുരമുള്ള വാഗ്ദാനങ്ങൾ, ഉരുക്കുപോലുള്ള ഉറപ്പുകൾ എല്ലാം ഒലിച്ചുപോയത്, നൈൽനദിയിലെ വെള്ളത്തിലല്ല, നെഞ്ചുപൊട്ടിപ്പിളർന്ന ഒരു ജനതയുടെ മൂല്യബോധങ്ങളുടെ ചോരയിലാണ്. ‘Let me be a tool/ strong as the anger of God/ great as the forge of the Sun/ True as the vow of the moon/ Let me be steel’ (Prayers of Steel).
ഗസ്സ പൊരുതുന്നത്, ഇസ്രായേലിന്റെ ഭാഗമാവാനല്ല, ട്രംപിന്റെ പ്രലപനങ്ങൾക്ക് കാതോർക്കാനല്ല, ശബ്ദമില്ലാതായിക്കൊണ്ടിരിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പാഴ് വാക്കുകൾക്ക് കീഴൊതുങ്ങാനല്ല, പുതിയ എന്തെങ്കിലും അവകാശം നേടിയെടുക്കാനല്ല, എന്നും ഗസ്സയായിരിക്കാനാണ്. ഉരുക്ക് കൂടുതൽ ഉറപ്പുള്ള ഉരുക്കായിരിക്കാൻ കൊതിക്കുന്നതുപോലെ! സ്വതന്ത്ര ഫലസ്തീൻ സാക്ഷാത്കരിക്കാനാണ്, അവർ പ്രാർഥിക്കുന്നതും പൊരുതുന്നതും.
മറ്റ് രാജ്യങ്ങളിൽ അഭയാർഥികളായി ജീവിക്കുമ്പോഴും അവർ മനസ്സിൽ സൂക്ഷിക്കുന്നത് സ്വന്തം രാജ്യത്തെക്കുറിച്ചുള്ള മരണമില്ലാത്ത ഓർമകളാണ്. മറ്റ് രാജ്യങ്ങളിലായിരിക്കുമ്പോഴും അഭയാർഥി ക്യാമ്പിലെ ആശുപത്രികളെപ്പോലും അവർ വിളിച്ചത് ഗസ്സ, അക്ക ഹൈഫ എന്നിങ്ങനെ സ്വന്തം പോരാട്ടത്തിന്റെ ചുവപ്പ് പടർന്ന സമരസ്മരണകൾ ഇരമ്പുന്ന പേരുകളിലാണ്. സർവകലാശാലക്കും ആശുപത്രിക്കും ശ്മശാനത്തിനും ഇടാനുള്ള പേരുകളായി മനസ്സിൽ അവർ കരുതിവെച്ച പേരുകളിൽ എരിയുന്നത് നിഷ്ക്രിയസ്ഥലനാമങ്ങളല്ല, സമരസ്മരണകളുടെ കനലുകളാണ്.
ചുരുക്കെഴുത്തുകളായി മാറ്റപ്പെട്ട പല ആശയങ്ങളും ഒരു ജനതയെ അകാരണമായി നിലംപരിശാക്കിയ, മൂർച്ചയുള്ള ആയുധങ്ങളാണെന്ന്, നാം മനസ്സിലാക്കാത്തത്, അത് മരവിച്ചു കഴിഞ്ഞ ഇംഗ്ലീഷ് അക്ഷരങ്ങളായി മാറിപ്പോയതുകൊണ്ടാണ്. ഉദാഹരണമായി, അനിശ്ചിതമാവുന്ന ഭാവി എന്ന അടിക്കുറിപ്പ് നൽകി, തകർക്കപ്പെട്ട ഗസ്സയിലെ തങ്ങളുടെ സ്കൂൾ നോക്കി ഫലസ്തീൻ മക്കൾ നിൽക്കുന്നൊരു ചിത്രം ഹിന്ദു പത്രം പ്രസിദ്ധീകരിച്ചിരുന്നു. (Uncertain future, Palestinians lookout from balcony by an UNRWA School that was struck by Israel in Gaza City. July 6/ 2025). ഇതിലെ അൺറവ സ്കൂൾ(UNRWA) എന്ന ചുരുക്കെഴുത്തിൽനിന്നുതന്നെ കരയുന്നത്, ഗസ്സയിലെ എത്രയെത്രയോ സ്വദേശി സ്കൂളുകൾ പലകാലങ്ങളിലായി ആക്രമിക്കപ്പെട്ടതിന്റെ ചരിത്രമാണ്. അത് മനസ്സിലാക്കാൻ ഈ ചുരുക്കെഴുത്തൊന്ന് നിവർത്തി വായിച്ചാൽ മാത്രം മതിയാവും. ഫലസ്തീൻ അഭയാർഥികൾക്കുവേണ്ടി ഐക്യരാഷ്ട്രസഭ ഉണ്ടാക്കിയ സ്കൂളുകളും ക്യാമ്പുകളും തകർക്കപ്പെടുമ്പോഴും ഒന്നും ചെയ്യാനാവാത്ത നിസ്സഹായാവസ്ഥയിലാണ്, അതിനൊരു താൽക്കാലിക ആശ്വാസ പരിഹാരമായി ‘United Nations Relief and works Agency for Palestinian refugees in the Near East (UNRWA-1949)’ എന്ന സംഘടന ഉണ്ടായത്.
അതുണ്ടാക്കിയ സ്ഥാപനങ്ങൾതന്നെ തകർത്തിട്ടും നഷ്ടപരിഹാരം പോലും ഇസ്രായേലിനോട് ആവശ്യപ്പെടാനാവാത്ത വിധമുള്ള ഐക്യരാഷ്ട്രസഭയുടെ നിഷ്ക്രിയത്വത്തിന് നാം എന്തു പേരിടും? അതുപോലെതന്നെ നിവർത്തി വായിക്കേണ്ടതാണ്, ഇഡിക്വാ എന്ന ‘IDICVA’ എന്ന ചുരുക്കെഴുത്തും. 1982ലാണ് ജൂൺ 4നെ ഐക്യരാഷ്ട്രസഭ പീഡിത കുട്ടികളുടെ ദിനമായി പ്രഖ്യാപിക്കുന്നത്. സാധാരണ ശിശുദിനമല്ല, പീഡിത ശിശുദിനം. ഇഡിക്വാ എന്ന ചുരുക്കെഴുത്തിൽ ചങ്ക് കുത്തിത്തുളക്കുന്ന ചോര ആദ്യം കണ്ണിൽപെടില്ല. ഇസ്രായേൽ ആക്രമണത്തിന്റെ ഇരകളായ കുഞ്ഞുങ്ങളെ ഓർക്കാനുള്ള സാർവദേശീയ ദിനം (International day of innocent children victims of aggression) എന്ന് വിസ്തരിച്ചുതന്നെ വായിക്കണം. കള്ളപ്പറങ്കി എന്ന് പോർചുഗീസ് അധിനിവേശത്തെയും ക്ണാപ്പൻ എന്ന് ബ്രിട്ടീഷ് അധിനിവേശത്തെയും സ്വന്തം ഭാഷയിലും അടയാളപ്പെടുത്തിയ, അധിനിവേശ വിരുദ്ധ ജനഭാവന, സാമ്രാജ്യത്വ നവഫാഷിസ്റ്റ് സയണിസത്തിനു മുന്നിൽ, ആ വിധമൊരു വാക്കുപോലും കണ്ടെത്താനാവാതെ എന്തേ സ്തംഭിച്ചുപോവാൻ? മതിയാവില്ല അര മണിക്കൂർ മൗനം!
കൊല്ല് അവളെ, ചതയ്ക്കവരെ, അധിനിവേശത്തിന് അന്ത്യം (Kill the Queen, Lynch our leaders, Death to IDF) എന്ന ബോബി വൈലാന്റെയും ബോംബൈവിലാന്റെയും തോറ്റംപാട്ടുകളെ തോൽപിക്കുന്ന, മാറ്റം പാട്ടുകളുടെ ഈരടികൾ എന്തുകൊണ്ട് നമ്മുടെ അരമണിക്കൂർ മൗനസമരത്തിൽ കൊടുങ്കാറ്റുകൾ അഴിച്ചുവിടുന്നില്ല?
‘കാരമസോവ് സഹോദരന്മാർ’ എന്ന ദസ്തയേവ്സ്കിയുടെ നോവലിൽ, മതദ്രോഹ വിചാരകനെ, ക്രിസ്തു അടപടലം ഉലച്ചുകളഞ്ഞത്, മൗനത്തിന്റെ ശക്തികൊണ്ടായിരുന്നു എന്ന് ഒരതിശയത്തോടെ വായിച്ചതോർക്കുന്നു. കാരാഗൃഹത്തിലേക്ക് ക്രിസ്തുദേവനെ വലിച്ചെറിഞ്ഞ, മതദ്രോഹ വിചാരകൻ, അദ്ദേഹത്തിനെതിരെ പലതരം കുറ്റാരോപണങ്ങൾ നടത്തിയിട്ടും അവയിലൊന്നിനോടും ശബ്ദായമാനമായി പ്രതികരിക്കാതെ, പർവതസമാനനായി എങ്കിലും ശാന്തഗംഭീരനായി ക്രിസ്തു നിവർന്നു നിന്നു.
അക്ഷോഭ്യനായ ആ ക്രിസ്തുവിന്റെ മുന്നിൽ തളർന്ന്, നീ എന്തെങ്കിലും ഒരു വാക്കെങ്കിൽ ഒരു വാക്ക് പറയൂ, നിന്റെ ഭ്രാന്ത് പിടിപ്പിക്കുന്ന ഈ മൗനമാണ് എനിക്ക് സഹിച്ചുകൂടാത്തത് എന്ന് പറഞ്ഞ, നിസ്സഹായനായ മതദ്രോഹവിചാരകന്റെ കവിളിൽ, എന്നിട്ടും സ്നേഹപൂർവം ക്രിസ്തു ചുംബിക്കുകയായിരുന്നു! അപ്പോൾ തകർന്നുവീണത് തടവറയും മതദ്രോഹവിചാരകനും അധിനിവേശ മൂല്യവ്യവസ്ഥ മുഴുവനുമായിരുന്നു. എന്നാലിപ്പോൾ ആവിധമുള്ള അസാധാരണ മൗനംകൊണ്ട് മാത്രം മറിച്ചിടാനാവുന്നതല്ല, മതദ്രോഹ വിചാരകനേക്കാൾ അധികാരോന്മത്തതയിൽ ഉയർന്നുനിൽക്കുന്ന ട്രംപും നെതന്യാഹുവും. അവരർഹിക്കുന്നില്ല സ്നേഹത്തിന്റെ ഒരു ചെറു ചുംബനംപോലും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.