പൈനാവിലെ ഇടുക്കി ജില്ലാ ആശുപത്രി 2014ലാണ് മെഡിക്കൽ കോളജായി പ്രഖ്യാപിക്കപ്പെട്ടത്. മണ്ണിടിച്ചിലും ഉരുൾപൊട്ടലും മരംവീഴ്ചയും പ്രളയവും വർഷങ്ങളായി ആവർത്തിക്കുന്ന ജില്ലയിൽ അടിയന്തിര ചികിത്സ ലഭ്യമാക്കുന്ന ആതുര ചികിത്സാ കേന്ദ്രമായി മെഡിക്കൽ കോളജ് ആശുപത്രി മാറുമെന്നായിരുന്നു നാട്ടുകാരുടെ പ്രതീക്ഷ. എന്നാൽ, ഇപ്പോഴും ആദിവാസികളും തോട്ടം തൊഴിലാളികളടക്കമുള്ള ജനങ്ങൾ കൂടുതലായി ആശ്രയിക്കുന്ന മെഡിക്കൽ കോളേജിൽ എത്തുന്ന രോഗിയെ മറ്റ് ആശുപത്രികളിലേക്ക് റഫർ ചെയ്യലാണ് പതിവ്. മണിക്കൂറുകൾ യാത്ര ചെയ്ത് ജില്ലക്ക് പുറത്തുള്ള ആശുപത്രികളിൽ എത്തുമ്പോഴേക്ക് രോഗികളുടെ നില ഗുരുതരമാകുന്ന സ്ഥിതിയുണ്ട്. ഹൃദ്രോഗം, വൃക്കരോഗം, ന്യൂറോ സർജറി, ഓർത്തോ പീഡിയാട്രിക് സർജറി ഉദര രോഗം, ഓങ്കോളജി എന്നിവക്കൊക്കെ വിദഗ്ധ ചികിത്സക്ക് സ്വകാര്യ ആശുപത്രികളെയോ ജില്ലക്ക് പുറത്തുള്ള മെഡിക്കൽ കോളേജുകളെയോ സമീപിക്കേണ്ട ഗതി കേടിലാണ് ഇടുക്കിക്കാർ. അപകടത്തിൽപ്പെട്ടവരെ കോട്ടയത്തേക്കോ എറണാകുളത്തേക്കോ അയക്കുകയാണ് പതിവ്. ജനറൽ മെഡിസിൻ, ശിശു രോഗം, ത്വക്ക്, ജനറൽ സർജറി, അസ്ഥിരോഗ വിഭാഗം, മാനസികാരോഗ്യ വിഭാഗം തുടങ്ങിയ വിഭാഗങ്ങളാണ് ഇപ്പോൾ മെഡിക്കൽ കോളജിൽ പ്രവർത്തിക്കുന്നത്. ഇവിടെയും ഡോക്ടർമാരുടെ കുറവ് വെല്ലുവിളിയാണ്. കാത്ത് ലാബ് ഉടൻ ആരംഭിക്കുമെന്ന പ്രഖ്യാപനവും ഒരിടത്തുമെത്തിയില്ല. ലാബ് ഉപകരണങ്ങൾ വാങ്ങാൻ ഒരു കോടി അനുവദിച്ചെങ്കിലും ഇത് പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ല.
അത്യാഹിത വിഭാഗവും കിടത്തി ചികിത്സിക്കുന്ന വാർഡുകളും ഒ.പി.യും ലാബുമൊക്കെ പ്രവർത്തിക്കുന്ന ഇടുക്കി മെഡിക്കൽ കോളേജിലെ പുതിയ കെട്ടിടത്തിന് അഗ്നി രക്ഷ സേനയുടെ നിരാക്ഷേപ പത്രം ഇല്ല. തീപിടിത്തം പോലുള്ള അപകടങ്ങൾഉണ്ടായാൽ വേണ്ട സുരക്ഷ മുൻകരുതലുകൾ പൂർണ തോതിൽ ഇല്ലാത്തതിനാലാണ് എൻ.ഒ.സി ലഭിക്കാത്തത്. പുതിയ കെട്ടിടത്തിലേക്ക് എത്താൻ റോഡുണ്ടെങ്കിലും ഇത് വഴി തന്നെ പുറത്തും പോകണം. അപകടങ്ങളുണ്ടായാൽ അഗ്നിരക്ഷ വാഹനത്തിനടക്കം പോയി രക്ഷാ പ്രവർത്തനം നടത്തുന്നത് വെല്ലുവിളിയാണ്. ഇതാണ് എൻ.ഒ.സി ലഭിക്കാൻ തിരിച്ചടിയായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.