ആറു പതിറ്റാണ്ടിലേറെയായി മലബാറിലെ സാധാരണക്കാരുടെ ആശ്രയമായ കോഴിക്കോട് ഗവ. മെഡിക്കൽ കോളജ് ആശുപത്രി ചരിത്രത്തിലെ ഏറ്റവും ശോചനീയമായ അവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് രോഗികളും ഡോക്ടർമാരും സാക്ഷ്യപ്പെടുത്തുന്നു. ഡോക്ടർമാരുടെ എണ്ണം വളരെ കുറവാണ്,ഉള്ളവരെത്തന്നെ നാഷനൽ മെഡിക്കൽ കൗൺസിൽ പരിശോധനയുടെ പേരുപറഞ്ഞ്, വിവിധ ജില്ലകളിൽ പുതുതായി ആരംഭിച്ച മെഡിക്കൽ കോളജുകളിലേക്ക് മാറ്റി. 60 ഓളം ഡോക്ടർമാരുടെ തസ്തിക ഒഴിഞ്ഞുകിടക്കുമ്പോഴാണ് 40 ഡോക്ടർമാരെ ജോലി ക്രമീകരണ വ്യവസ്ഥയിൽ മാറ്റിയത്. ഇതോടൊപ്പം എട്ടുപേർ അംഗീകാരമില്ലാത്ത അവധിയിലുമാണ്. രോഗികളുടെ ആധിക്യവും ഡോക്ടർമാരുടെ കുറവും കാരണം ശസ്ത്രക്രിയകൾക്ക് മാസങ്ങൾ കാത്തിരിക്കേണ്ട അവസ്ഥയാണ്. മെഡിക്കൽ കോളജിൽ ആശുപത്രി വികസന സമിതി മെഡിക്കൽ ഷോപ്പിൽ മരുന്നുക്ഷാമം രൂക്ഷമാണ്. മരുന്നും ശസ്ത്രക്രിയ ഉപകരണങ്ങളും വിതരണം ചെയ്ത തുക നൽകാൻ മാസങ്ങളുടെ കുടിശ്ശിക കാരണം ഏജൻസികൾ രണ്ടുമാസം മുമ്പ് വിതരണം നിർത്തിയത് മെഡിക്കൽ കോളജിൽ മരുന്നുക്ഷാമത്തിനും ശസ്ത്രക്രിയകൾ മുടങ്ങാനും ഇടയാക്കിയിരുന്നു.
മേയ് ആദ്യവാരം പി.എം.എസ്.എസ്.വൈ (പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന) സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗത്തിലുണ്ടായ തീപിടിത്തത്തിന്റെ വീർപ്പുമുട്ടൽ ഇനിയും മാറിയിട്ടില്ല. പഴയ കാഷ്വാലിറ്റി ബ്ലോക്കിൽ അസൗകര്യങ്ങളാൽ വീർപ്പുമുട്ടി തിങ്ങിഞെരുങ്ങുകയാണ് അത്യാഹിത വിഭാഗം.
എം.ആർ.ഐ യു.പി.എസ് റൂമിൽനിന്ന് തീയും പുകയും ഉയർന്നപ്പോൾ രോഗികളെ ഒഴിപ്പിച്ച് പി.എം.എസ്.എസ്.വൈ സൂപ്പർ സ്പെഷാലിറ്റി ബ്ലോക്ക് മൂന്നുദിവസംകൊണ്ട് പൂർണതോതിൽ സജ്ജമാക്കുമെന്നായിരുന്നു ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞിരുന്നത്. എന്നാൽ, നാലാം ദിവസം കാർഡിയോതൊറാസിക് തിയറ്ററിൽ വീണ്ടും തീയും പുകയും ഉയർന്നതോടെ ഉത്തരവാദിത്തം മെഡിക്കൽ കോളജ് സൂപ്രണ്ടിനും പ്രിൻസിപ്പലിനും ചാർത്തി മന്ത്രി കൈയൊഴിഞ്ഞു. ടെക്നിക്കൽ കമ്മിറ്റിയുടെ അനുവാദവും മന്ത്രിയുടെ അനുവാദവും കിട്ടാതെ അത്യാഹിത വിഭാഗം പെട്ടെന്ന് മാറ്റിയാൽ വീണ്ടും പഴി കേൾക്കാനാവില്ലെന്നാണ് മെഡിക്കൽ കോളജ് അധികൃതരുടെ നിലപാട്. സൂപ്പർ സ്പെഷാലിറ്റി അത്യാഹിത വിഭാഗം ജൂലൈയിൽതന്നെ തുറന്നുപ്രവർത്തിക്കുമെന്നാണ് ഒടുവിൽ കിട്ടുന്ന വിവരം.
അത്യാഹിത വിഭാഗത്തിൽ എത്തുന്ന രോഗികളുടെ എണ്ണം വർധിച്ചതോടെ വീൽചെയറിലും ട്രോളിയിലും രോഗികളെ തള്ളിനീക്കാൻപോലും പറ്റാത്ത അവസ്ഥയാണ്. അത്യാഹിത വിഭാഗത്തോടുചേർന്ന് എക്സ്റേ യൂനിറ്റ് ഉണ്ടെങ്കിലും സി.ടി സ്കാൻ എടുക്കാൻ 300 മീറ്ററോളം ചുറ്റിത്തിരിഞ്ഞ് മെഡിക്കൽ കോളജ് ആശുപത്രി ബ്ലോക്കിലെ റേഡിയോ ഡയഗ്നോസിസ് വിഭാഗത്തിൽ എത്തണം.
മെഡിക്കൽ കോളജ് സൂപ്പർ സ്പെഷാലിറ്റി വിഭാഗത്തിലെ ചികിത്സ ഉപകരണങ്ങളിൽ ഭൂരിഭാഗവും കാലഹരണപ്പെട്ടതോ പ്രവർത്തനം നിലച്ചതോ ആണ്. ആശുപത്രിയിൽ ലാപ്രോസ്കോപ്പിയുടെ നാലു കൺസോളുകളിൽ ഒന്ന് മാത്രമേ പ്രവർത്തിക്കുന്നുള്ളു. അത്യാധുനിക കൺസോൾ കേടായിട്ട് മാസങ്ങളായെങ്കിലും ഇതുവരെ അറ്റകുറ്റപ്പണി നടത്തി തിരികെ ലഭിച്ചിട്ടില്ല. ലാപ്രോസ്കോപ്പി ഉപകരണങ്ങളിൽ പലതും പ്രവർത്തനരഹിതമാണ്. ഫോർ -കെ സീരീസിൽപ്പെട്ട ഉപകരണങ്ങൾ ഒന്നും സൂപ്പർ സ്പെഷാലിറ്റിയിൽ എത്തിയിട്ടില്ലെന്നും ഡോക്ടർമാർ വെളിപ്പെടുത്തുന്നു.
സർക്കാറിൽനിന്ന് ഫണ്ട് ലഭിക്കാൻ സമയമെടുക്കുമെന്നതിനാൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ അടക്കം നിർണായക ശസ്ത്രക്രിയകൾ കൈകാര്യം ചെയ്യുന്ന യൂറോളജി വിഭാഗത്തിൽ കേടായ ‘ലെയ്സർ ഫൈബർ’ ഡിപ്പാർട്മെന്റ് അക്കൗണ്ടിൽനിന്ന് പണം കണ്ടെത്തി വാങ്ങുകയായിരുന്നു. ശസ്ത്രക്രിയ ഉപകരണങ്ങളിൽ പലതും കേടായിക്കിടക്കുകയാണ്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന സർജറി ഉപകരണങ്ങൾ മൂന്നും നാലും രോഗികൾക്കാണ് ഉപയോഗിക്കുന്നത്. സൂപ്പർ സ്പെഷാലിറ്റി ആശുപത്രിയിലെ എം.ആർ.ഐ യൂനിറ്റ് കാലാവധി കഴിഞ്ഞ് പ്രവർത്തനരഹിതമായി പൂട്ടിയിട്ടിട്ട് ഒരു വർഷത്തോളമായി. ഇതിനുപകരം എം.ആർ.ഐ യൂനിറ്റ് സ്ഥാപിക്കുകയോ നവീകരിക്കുകയോ ചെയ്യേണ്ടതുണ്ട്. അഞ്ചുകോടി രൂപ ചെലവഴിച്ച് നവീകരിക്കാൻ ആശുപത്രി വികസനസമിതി തീരുമാനമെടുത്തിട്ട് നാലുമാസം കഴിഞ്ഞെങ്കിലും നടപടിയായിട്ടില്ല. കെ.എച്ച്.ആർ.ഡബ്ല്യു.എസിന്റെ എം.ആർ.ഐ യൂനിറ്റ് മാത്രമാണ് രോഗികളുടെ ഏക ആശ്രയം.
മഞ്ഞപ്പിത്തം, എലിപ്പനി, ഡെങ്കി, വൈറൽ പനി തുടങ്ങിയ പകർച്ചവ്യാധികൾ പടരുമ്പോഴും കോഴിക്കോട് മെഡിക്കൽ കോളജിലെ ജനറൽ മെഡിസിൻ വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല. നിപ വാർഡ് കൂടി തുറന്നതോടെ മെഡിസിൻ വിഭാഗംതന്നെ പ്രതിസന്ധിയിലായിരിക്കുകയാണ്. നിലവിൽ നാല് അസി. പ്രഫസർ, മൂന്ന് അസോ. പ്രഫസർ, ഏഴ് സീനിയർ റെസിഡന്റുമാർ എന്നിവരുടെ ഒഴിവാണ് കോഴിക്കോട് മെഡിക്കൽ കോളജിൽ. ആകെയുള്ള 10 റെസിഡന്റ് ഡോക്ടർമാരിൽനിന്നാണ് ഏഴ് ഒഴിവുകളുള്ളത്. ഇവരിൽനിന്ന് യൂനിറ്റ് മേധാവി അടക്കം മൂന്നു ഡോക്ടർമാർ നിപ മെഡിക്കൽ ടീമിലേക്ക് മാറി. ഒരു യൂനിറ്റ് ചീഫിനെ വയനാട്ടിലേക്കും മറ്റൊരു യൂനിറ്റ് ചീഫിനെ കാസർകോട്ടേക്കും സ്ഥലം മാറ്റി. എല്ലാ ദിവസവും ഒ.പി പ്രവർത്തിക്കുന്ന യൂറോളജി വിഭാഗത്തിൽ ഒമ്പതു തസ്തികകളിൽ നാലുപേർ മാത്രമേ ഉള്ളൂ. അസ്ഥിരോഗ വിഭാഗത്തിൽ 14 ഡോക്ടർമാർ വേണ്ടിടത്ത് 11 പേർ മാത്രമാണുള്ളത്. ഇതിൽതന്നെ രണ്ടുപേർ നീണ്ട അവധിയിലാണ്. രണ്ടുപേരെ താൽക്കാലികമായി സ്ഥലം മാറ്റി. ത്വഗ് രോഗ വിഭാഗത്തിൽ 11 തസ്തികകളിൽ ഒരു പ്രഫസറുടെയും നാല് അസി. പ്രഫസറുടെയും തസ്തികകൾ ഒഴിഞ്ഞുകിടക്കുന്നു. സോറിയാസിസ് ക്ലിനിക്, വെർട്ടിക്കേരിയ ക്ലിനിക്കുകൾ അടഞ്ഞുകിടക്കുകയാണ്. മറ്റു ഭൂരിഭാഗം വകുപ്പുകളിലും ഇതുതന്നെയാണ് അവസ്ഥ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.