ഉമ്മൻ ചാണ്ടി, കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ, എം.എ. യൂസുഫലി
2024 ഏപ്രിൽ മലയാളിയുടെ ജീവകാരുണ്യ മുന്നേറ്റങ്ങളുടെ ചരിത്രത്തിലെ സുപ്രധാനമായ കാലമായിരുന്നു. അന്നാണ് വധശിക്ഷക്ക് വിധിക്കപ്പെട്ട് സൗദി ജയിലിലായ കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനത്തിനായി 34 കോടി രൂപ എന്ന വലിയ തുക സമാഹരിക്കുക എന്ന ദൗത്യം സാക്ഷാത്കരിക്കാനായത്. നാട്ടിലും മറുനാട്ടിലുമുള്ള മലയാളി സുമനസ്സുകൾ ഏറെ പണിപ്പെട്ടാണ് അത് സാധ്യമാക്കിയത്. ആ ജീവകാരുണ്യ ഉദ്യമം ചൂണ്ടിക്കാട്ടി കേരളത്തിനെതിരെ വർഗീയ-വിദ്വേഷ ആരോപണങ്ങൾ പടച്ചുവിടാൻ ചിലർ ശ്രമിച്ചിരുന്നു.
യമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ മോചനത്തിനായുള്ള ശ്രമങ്ങളാണ് ഇപ്പോൾ വാർത്തയിൽ നിറയുന്നത്. ആക് ഷൻ കൗൺസിലും രാഷ്ട്രീയ നേതാക്കളും ശ്രദ്ധയിൽപ്പെടുത്തിയതിൻപ്രകാരം കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ യമനിലെ പ്രമുഖ മതപണ്ഡിതൻ ശൈഖ് ഹബീബ് ഉമർ ബിൻ ഹഫീളുമായി ബന്ധപ്പെട്ട് ആരംഭിച്ച രക്ഷാശ്രമങ്ങൾ വധശിക്ഷാ തീയതി മാറ്റിവെപ്പിക്കുന്നതിനും മാപ്പപേക്ഷ മുന്നോട്ടുകൊണ്ടുപോകുന്നതിന് കൂടുതൽ സമയം ലഭിക്കുന്നതിനും വഴിയൊരുക്കി. റഹീമിന് വേണ്ടിയുള്ള ധനസമാഹരണത്തിൽ മതവും വർഗീയതയും കണ്ടെത്തിയ അതേ ശക്തികൾ കാന്തപുരം നടത്തിയ ദൗത്യത്തിനെതിരെയും വർഗീയ അപവാദങ്ങൾ പടച്ചുവിടാൻ ശ്രമിക്കുന്നുണ്ട്.
വർഗീയ ശക്തികളുടെ വാദങ്ങൾ സമൂഹമാധ്യമങ്ങളിലും ടി.വി ചാനലുകളിലും പ്രചരിപ്പിക്കുന്നവർ മനസ്സിലാക്കേണ്ട കാര്യം മതത്തിനും ജാതിക്കുമുപരി, വിദേശ രാജ്യങ്ങളിലെ ജയിലുകളിൽ കുടുങ്ങുന്ന മനുഷ്യരുടെ നിസ്സഹായാവസ്ഥയാണ് ഇത്തരം രക്ഷാ ദൗത്യങ്ങളുമായി ഇറങ്ങിപ്പുറപ്പെടാൻ ആക്ഷൻ കൗൺസിലുകളെയും വ്യവസായ പ്രമുഖരെയും മത-സാമൂഹിക പ്രവർത്തകരെയും പ്രേരിപ്പിക്കുന്നത് എന്നതാണ്. കാന്തപുരം വ്യക്തമാക്കിയതുപോലെ ‘മനുഷ്യന് വേണ്ടിയുള്ള’ ഇടപെടലുകളാണവ.
2017ൽ അർജുനൻ അത്തിമുത്തുവിന്റെ മോചനത്തിനായി കാൽകോടി രൂപ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ അർജുനന്റെ ഭാര്യ മാലതിക്ക് കൈമാറിയപ്പോൾ. മുനവ്വറലി ശിഹാബ് തങ്ങൾ സമീപം (ഫയൽ ചിത്രം)
റഹീമിനും നിമിഷപ്രിയക്കുംവേണ്ടി മാത്രമല്ല, സമീപ വർഷങ്ങളിൽത്തന്നെ ഒട്ടനവധി പ്രവാസികളെ വിദേശ ജയിലുകളിൽനിന്ന് മോചിപ്പിക്കാൻ നല്ല മനുഷ്യർ മുന്നോട്ടുവന്നിട്ടുണ്ട്. രണ്ടുവർഷം മുമ്പ് നമ്മോട് വിടപറഞ്ഞ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഒട്ടനവധി പ്രവാസി തടവുകാരുടെ ജീവൻ രക്ഷിക്കാൻ തുല്യതയില്ലാത്ത ഇടപെടലുകൾ നടത്തി.
വാഹനം തട്ടി സുഡാനി ബാലൻ മരണപ്പെട്ട കേസിൽ യു.എ.ഇയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട തൃശൂർ സ്വദേശി ബെക്സ് കൃഷ്ണന്റെ മോചനം ദിയാധനം നൽകി സാധ്യമാക്കിയത് എം.എ. യൂസുഫലി നടത്തിയ നിരന്തര പരിശ്രമങ്ങളാണ്. മരണപ്പെട്ട ബാലന്റെ കുടുംബത്തെ സുഡാനിൽ നിന്ന് യു.എ.ഇയിൽ കൊണ്ടുവന്ന് താമസിപ്പിച്ചാണ് അദ്ദേഹം അവരെ കാര്യങ്ങൾ പറഞ്ഞുബോധ്യപ്പെടുത്തിയതും മാപ്പു ലഭിക്കുന്ന സാഹചര്യമൊരുക്കിയതും.
കുവൈത്തിൽ തടവിലാക്കപ്പെട്ട തമിഴ്നാട് സ്വദേശി അർജുനൻ അത്തി മുത്തുവിന്റെ വധശിക്ഷ ഒഴിവാക്കാൻ ആവശ്യമായ നഷ്ടപരിഹാര തുക സ്വരൂപിച്ച് നൽകിയത് പാണക്കാട് മുനവറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗാണ്. സാമൂഹിക പ്രവർത്തകൻ സി.പി. മാത്യു കുടുങ്ങിപ്പോയ തൊഴിലാളികളെ സഹായിക്കാൻ വർഷങ്ങളോളം ചെലവഴിച്ചിട്ടുണ്ട്.
ദിയാധനം നൽകാൻ പണമില്ലാതെ ജയിലിൽ കഴിഞ്ഞ തളിക്കുളം സ്വദേശിയെക്കുറിച്ച് 2018ൽ ‘ഗൾഫ് മാധ്യമം’വാർത്ത പ്രസിദ്ധീകരിച്ചതും തളിക്കുളം മഹല്ല് കൂട്ടായ്മയും സുമനസ്സുകളും ചേർന്ന് ഒരാഴ്ച കൊണ്ട് പണം സ്വരൂപിച്ച് ആ യുവാവിനെ ജയിലിൽ നിന്നിറക്കിയതും ഓർമയിലെത്തുന്നു.
2014ൽ പാകിസ്താനി യുവാവിനെ കൊലപ്പെടുത്തിയ കേസിൽ യു.എ.ഇയിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട 17 ഇന്ത്യൻ പൗരന്മാരെ മോചിപ്പിക്കുന്നതിന് ദിയാധനമായി ഏകദേശം 8.59 കോടി രൂപ നൽകിയത് ദുബൈയിൽ താമസിക്കുന്ന സുരീന്ദർ പാൽ സിങ് ഒബ്റോയ് എന്ന പഞ്ചാബി വ്യവസായിയാണ്.
ഇനിയുമുണ്ട് ഉദാഹരണങ്ങൾ. മലയാളികളും ഇന്ത്യക്കാരുമല്ല, അറബ് രാജ്യങ്ങളിലെ പ്രമുഖരും വ്യാപാര സംരംഭങ്ങളും ഭരണാധികാരികൾ തന്നെയും ദിയാധനം നൽകി പ്രവാസി ഇന്ത്യക്കാർക്ക് മോചനമൊരുക്കിയ സംഭവങ്ങൾ. ഒരു ബംഗ്ലാദേശി തൊഴിലാളിയുടെ അപകട മരണത്തെത്തുടർന്ന് വർഷങ്ങളോളം യു.എ.ഇ ജയിലിൽ കിടന്ന എ.എസ്. ശങ്കരനാരായണൻ എന്ന പാലക്കാട് സ്വദേശിയുടെ മോചനം ദിയാധനമായ 200,000 ദിർഹം (47 ലക്ഷം രൂപ) എമിറേറ്റ്സ് ഇസ്ലാമിക് ബാങ്ക് അവരുടെ സകാത്ത് ഫണ്ടിൽ നിന്നെടുത്ത് സംഭാവന ചെയ്ത ശേഷമായിരുന്നു.
2006ൽ സൗദിയിൽ റോഡപകടത്തിൽ കൊല്ലപ്പെട്ട ഒമ്പതുപേരുടെ കുടുംബങ്ങൾക്ക് അന്നത്തെ സൗദി ഭരണാധികാരി അബ്ദുല്ല രാജാവ് ഏകദേശം 1.5 കോടി രൂപ ദിയാധനമായി നൽകി. ഇതേത്തുടർന്നാണ് കേസിൽ പെട്ട ബംഗളൂരുകാരൻ ട്രക്ക് ഡ്രൈവർ സലീം ബാഷ വധശിക്ഷയിൽനിന്ന് രക്ഷപ്പെട്ടത്.
തീർച്ചയായും മുകളിൽ പറഞ്ഞ സംഭവങ്ങളെല്ലാം മാതൃകാപരമാണ്, പ്രചോദനാത്മകമാണ്. എന്നാൽ, ഇത്തരം ദൗത്യം പ്രവാസി പ്രമുഖരും മാധ്യമങ്ങളും സംഘടനകളും വിദേശ ഭരണകൂടങ്ങളും മാത്രം ചെയ്യേണ്ട ഉത്തരവാദിത്തമാണോ? കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് ഇതിലൊന്നും ഒരു പങ്കും വഹിക്കാനില്ലേ?
മറന്നുപോകുന്ന ആയിരങ്ങൾ
വിദേശജയിലുകളിൽ നിലവിൽ 10,000ത്തിലധികം ഇന്ത്യക്കാരുണ്ട് എന്നാണ് ഔദ്യോഗിക കണക്കുകൾ. അതിൽ 49 പേർ വധശിക്ഷക്ക് വിധിക്കപ്പെട്ടവരാണ്. വിസ കാലാവധി കഴിഞ്ഞ് രാജ്യത്ത് തങ്ങിയവർ, തൊഴിലുടമകളിൽനിന്ന് ഒളിച്ചോടിയവർ, നിരോധിത വസ്തുക്കൾ അറിഞ്ഞും അറിയാതെയും കടത്തിയവർ, തൊഴിൽ തർക്കം ജയിലിലെത്തിച്ചവർ, കച്ചവടത്തിൽ വഞ്ചിതരായതിനെ തുടർന്ന് ചെക്ക് മടങ്ങൽ കേസുകളിൽപെട്ടവർ... അങ്ങനെ ചെറുതും വലുതുമായ കേസുകളിൽ തടവിലാക്കപ്പെട്ടവർ. കേസ് നടത്താനും ദിയാധനം നൽകാനും നിവൃത്തിയില്ലാതെ കാലാകാലം ജയിലിൽ തുടരേണ്ടി വന്നവർ...
ചില കേസുകളിൽ മാധ്യമങ്ങൾ കാര്യമായി ഇടപെടുന്നതുകൊണ്ട് ജനശ്രദ്ധ ലഭിക്കുന്നു. വർഷങ്ങളോളം ആരോരുമറിയാതെ ജയിലിൽ കഴിഞ്ഞ റഹീമിന്റെ കദനകഥ മാധ്യമം വഴി പുറംലോകമറിഞ്ഞു. പിന്നാലെ ആക്ഷൻ കമ്മിറ്റികൾ രൂപപ്പെടുന്നു, ഭാഗ്യവശാൽ രക്ഷാശ്രമങ്ങൾ ഉണ്ടാവുന്നു. എന്നാൽ, എല്ലാ തടവുകാരുടെയും കാര്യത്തിൽ അതുണ്ടാവുന്നില്ല. മത്സ്യ ബന്ധനത്തിനിടെ അതിർത്തി ലംഘിച്ചതിന് 2017ൽ ഇറാൻ പിടികൂടിയ തമിഴ്നാട്ടുകാരായ 15 മത്സ്യത്തൊഴിലാളികളുടെ കാര്യമെടുക്കാം. ഒരു മാസത്തിലേറെയാണ് അവരെ തടഞ്ഞുവെച്ചത്. രാമേശ്വരത്തിന് സമീപം ശ്രീലങ്കൻ അധികൃതർ പിടികൂടിയ 30ലധികം മത്സ്യത്തൊഴിലാളികൾക്ക് വേണ്ടി ശബ്ദിക്കാൻ ആളില്ലാത്തതിനാൽ അവരിപ്പോഴും തടവറയിലാണ്.
സ്വകാര്യ ജീവകാരുണ്യ പ്രവർത്തനങ്ങൾ ഒരിക്കലും സർക്കാർ ഉത്തരവാദിത്തത്തിന് പകരമാവില്ല. വിദേശത്ത് 18 ദശലക്ഷത്തിലധികം ഇന്ത്യക്കാരുണ്ട്. ഓരോ വർഷവും കോടികളാണ് അവർ ഇന്ത്യയിൽ എത്തിക്കുന്നത്. കഴിഞ്ഞവർഷം മാത്രം വിദേശ ഇന്ത്യക്കാർ അയച്ചത് 10,80,490 കോടി രൂപയാണ് എന്നോർക്കുക. പ്രവാസികളിൽ അധികപേരും ചെറിയ ജോലികൾ ചെയ്ത് കുടുംബം പോറ്റുന്നവരാണ്. അവരുടെ പ്രതിസന്ധികൾ കൈകാര്യം ചെയ്യാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ അടിയന്തരമായി ഔദ്യോഗിക സംവിധാനമുണ്ടാക്കേണ്ടതുണ്ട്. പേരിനെന്തെങ്കിലുമുണ്ടാക്കി, പണിയൊക്കെ വ്യാപാര പ്രമുഖരെയും സംഘടനകളെയും ഏൽപിച്ച് ഞങ്ങളെല്ലാം ചെയ്യുന്നേ എന്ന രീതിയല്ല വേണ്ടത്.
സംസ്ഥാനങ്ങളുടെ പിന്തുണയോടെ, വിദേശകാര്യ മന്ത്രാലയത്തിനുകീഴിൽ ഇന്ത്യക്ക് ഒരു സമർപ്പിത നിയമ സഹായ വിഭാഗം ആവശ്യമാണ്. വിദേശ തടവുകാരെ ട്രാക്ക് ചെയ്ത് നിയമ സഹായമെത്തിക്കാനുള്ള സംവിധാനമുണ്ടാക്കണം. കോൺസുലേറ്റുകൾ, എംബസികൾ, നിലവിൽ ഈ പ്രവർത്തനം നടത്തുന്ന കമ്യൂണിറ്റി സംഘങ്ങൾ, വ്യാപാരികൾ തുടങ്ങിയവരെയൊക്കെ ബന്ധിപ്പിക്കുന്ന സംവിധാനമായിരിക്കണമത്; പ്രതിസന്ധികൾ യഥാസമയം കൈകാര്യം ചെയ്യുന്ന പ്രഫഷനൽ സംവിധാനം. മാധ്യമശ്രദ്ധ ലഭിക്കുന്ന കേസുകളിൽ മാത്രമൊതുങ്ങരുത് കരുതലും സഹതാപവും സഹായവും. അത് കാണാമറയത്ത് തടവറയിൽ കണ്ണീരോടെ കാത്തിരിക്കുന്ന ആയിരങ്ങളിലേക്കും വ്യാപിപ്പിക്കണം. അത്തരുമൊരു മാനുഷിക മുന്നേറ്റത്തിനുള്ള ശ്രമങ്ങൾ ഈ വൈകിയവേളയിലെങ്കിലും സർക്കാർ ആരംഭിക്കണം.
(ഗൾഫിലെ ആദ്യ മലയാളം റേഡിയോ സ്റ്റേഷന്റെ തുടക്കക്കാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ ലേഖകന്റെ ഗവേഷണ വിഷയം ‘യു.എ.ഇ കേരളീയ സമൂഹത്തിലെ മലയാള പത്രങ്ങളും പ്രവാസി സ്വരങ്ങളും’ എന്നതാണ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.