തിരുവനന്തപുരം: മണ്ണിനും മനുഷ്യനും വേണ്ടി പോരാട്ടത്തിൽ ഏതറ്റം വരെ പോകാനും വി.എസിന് മടിയുണ്ടായിരുന്നില്ല. ദുർഘട പാതകളോ വമ്പൻമാരുടെ അനിഷ്ടമോ സ്വന്തം പാർട്ടിയുടെ നിലപാടുകളോ തടസ്സമായതുമില്ല. കേരളം ചർച്ച ചെയ്ത ഗൗരവപ്പെട്ട വിഷയങ്ങളിൽ മിക്കതിനും തീ കൊളുത്തിയത് ജീവിതം സമരമാക്കിയ വി.എസായിരുന്നു. വിഷയങ്ങൾ പഠിച്ച് അവതരിപ്പിക്കുകയാണ് അദ്ദേഹത്തിന്റെ രീതി. ഏതാണ്ട് എല്ലാ ജില്ലകളിലും അദ്ദേഹത്തിന്റെ സമരച്ചൂടിന് സാക്ഷ്യമുണ്ട്.
മാധ്യമങ്ങൾക്കും പാഠപുസ്തകം
പ്രതിപക്ഷ നേതാവ് എന്ന നിലയിൽ വി.എസിന്റെ പത്രസമ്മേളന കുറിപ്പുകൾ മാധ്യമപ്രവർത്തകർക്ക് റഫറൻസായിരുന്നു. മാധ്യമപ്രവർത്തകരെ കേരളത്തിലെ പല പ്രശ്നങ്ങളും പഠിപ്പിക്കാനും അദ്ദേഹം തയാറായി. സംസ്ഥാനത്ത് നിന്നും സ്വീകരിക്കുന്ന നിക്ഷേപങ്ങൾ ഇവിടെ വായ്പയായി നൽകാതെ മറ്റിടങ്ങളിൽ നൽകുന്ന വിഷയം വി.എസ് അതിശക്തമായി ഉയർത്തി. വായ്പ നിക്ഷേപ അനുപാതത്തിലെ അന്തരം അദ്ദേഹം ചോദ്യംചെയ്തു. ബാങ്കേഴ്സ് സമിതികളിൽ അവതരിപ്പിക്കുന്ന രേഖകൾ പുറത്തുവിട്ട് അനീതി അവസാനിപ്പിക്കണമെന്ന് തുടർച്ചയായി ആവശ്യപ്പെട്ടു. സാമ്പത്തിക രംഗത്തെക്കുറിച്ച് അദ്ദേഹം ആഴത്തിൽ പഠിച്ച് നിലപാടെടുത്തപ്പോൾ അന്നത്തെ മാധ്യമപ്രവർത്തകരും അതൊക്കെ പഠിക്കുകയും ഗൗരവത്തിൽ സമീപിക്കുകയും ചെയ്തു. ക്രമേണ കേരളത്തിലെ വാണിജ്യബാങ്കുകളുടെ വായ്പ പരിധി ഉയർന്നുതുടങ്ങി. കേരളത്തിൽ കൂടുതൽ വായ്പ ലഭ്യമാവുകയും ചെയ്തുവെന്നത് ബാക്കിപത്രം.
മൂന്നാറിലേക്ക് മുന്നിൽ
പ്രതിപക്ഷ നേതാവായിരിക്കെ മൂന്നാറിലെ കൈയേറ്റ മേഖലകൾ സന്ദർശിക്കാൻ വി.എസ് തീരുമാനിച്ചു. ഈ ലേഖകനടക്കം തലസ്ഥാനത്തെ പത്രപ്രവർത്തകരുടെ സംഘവും ഒപ്പം മൂന്നാറിലേക്ക് പോയി. കൈയേറ്റ പ്രദേശങ്ങളെക്കുറിച്ച് നേരത്തെ തന്നെ കൃത്യമായ വിവരങ്ങൾ അദ്ദേഹം ശേഖരിച്ചിരുന്നു. ദുർഘട പാതകളിലൂടെ വാഹനത്തിലും നടന്നുമായി അദ്ദേഹം കൈയേറ്റം നോക്കിക്കണ്ടു. ഈ യാത്രയുടെ ബാക്കിപത്രമായിരുന്നു അദ്ദേഹം പിന്നീട് മുഖ്യമന്ത്രി ആയപ്പോൾ നടന്ന മൂന്നാർ ഓപറേഷൻ. കൈയേറ്റം ഒഴിപ്പിച്ച് സർക്കാർ ഭൂമി തിരിച്ചുപിടിക്കാനുള്ള ശ്രമം. മുന്നണിയിലും പാർട്ടിയിലുമുയർന്ന സമ്മർദങ്ങൾക്കൊടുവിൽ മൂന്നാർ ഓപറേഷൻ പൂർണതയിലെത്തിയില്ലെങ്കിലും വി.എസിന്റെ നിലപാടുകൾക്കും നടപടികൾക്കും ഇന്നും തിളക്കമേറുന്നു.
മതികെട്ടാൻ മുതൽ മുല്ലപ്പെരിയാർ വരെ
ഭൂമി കൈയേറ്റങ്ങൾക്കെതിരെ കാടും മേടും താണ്ടി എവിടെയും കടന്നുചെല്ലാൻ വി.എസിന് മടിയുണ്ടായില്ല. അദ്ദേഹത്തിന് ഒന്നും പ്രതിബന്ധമായില്ല. മതികെട്ടാൻമലയിലെ മഴക്കാടുകൾ കൈയേറിയപ്പോൾ അതിസാഹസികമായാണ് വി.എസ് അവിടെ എത്തിയത്. കൈയേറ്റക്കാരെ ഇറക്കിവിട്ട് മതികെട്ടാൻ മല സംരക്ഷിക്കാൻ സർക്കാർ നിർബന്ധിതമാവുകയും ചെയ്തു. മതികെട്ടാൻ ദേശീയ ഉദ്യാനമായി പിന്നീട് പ്രഖ്യാപിക്കുകയും ചെയ്തു. പൂയംകുട്ടിയിലെയും വാഗമണിലെയും കൈയേറ്റ ഭൂമിയിലും വി.എസ് എത്തി.
പമ്പ-അച്ചൻകോവിൽ നദികളിലെ ജലം ലക്ഷ്യമിട്ട് അതിർത്തിയിൽ തമിഴ്നാട് അടവി നൈനാർ അണക്കെട്ട് നിർമിച്ചപ്പോൾ കേരള താൽപര്യങ്ങളുയർത്തി വി.എസ് പോരാടി. അണക്കെട്ട് നിർമാണം നടക്കുന്ന സ്ഥലത്തേക്ക് വി.എസ് എത്തി. പറമ്പ- അച്ചൻകോവിൽ നദികളിലെ ജലത്തിൽ ഒരു ഭാഗം തിരിച്ച് തമിഴ്നാട്ടിലെത്തിക്കുക എന്ന ലക്ഷ്യം അവർക്കുണ്ടായിരുന്നു. മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഉയരം കൂട്ടാൻ ശ്രമിച്ച ഘട്ടത്തിൽ വി.എസ് അവിടെയുമെത്തി.
മൂന്നാറിനെ വിറപ്പിച്ച തോട്ടം തൊഴിലാളി സ്ത്രീകളുടെ പെമ്പിളൈ ഒരുമൈ സമരത്തിൽ മറ്റ് രാഷ്ട്രീയ നേതാക്കളെയൊന്നും അടുപ്പിച്ചിരുന്നില്ല. വി.എസ് അവരുടെ നടുവിലേക്ക് ഇറങ്ങി വന്നു. പകലും രാത്രിയും കൊടും തണുപ്പത്ത് അദ്ദേഹം സമരക്കാർക്കൊപ്പം ഇരുന്നതോടെ പരിഹാരമുണ്ടാക്കാതെ സർക്കാറിന് മറ്റ് വഴിയില്ലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.