രാഹുൽ മാങ്കൂട്ടത്തിൽ ഫേസ്ബുക്കിൽ പങ്കുവെച്ച ചിത്രം
‘‘സരിത വിഷയത്തില്‍ ഉമ്മൻ ചാണ്ടിക്കുനേരെ ഉയര്‍ത്തപ്പെട്ട അടിസ്ഥാന രഹിതമായ ലൈംഗിക ആരോപണത്തിന്, അന്ന് ദേശാഭിമാനിയില്‍ കണ്‍സള്‍ട്ടിങ് എഡിറ്റര്‍ പദവി വഹിച്ചിരുന്നുവെന്ന ഒറ്റ കാരണം കൊണ്ട് മൗനത്തിലൂടെ ഞാന്‍ നല്‍കിയ അധാര്‍മിക പിന്തുണയില്‍ ഞാനിന്ന് ലജ്ജിക്കുന്നു. ഇത് പറയാന്‍ ഓസിയുടെ മരണം വരെ ഞാന്‍ എന്തിന് കാത്തിരുന്നു എന്ന ചോദ്യം ന്യായം. ഒരു മറുപടിയേ ഉള്ളൂ. നിങ്ങള്‍ക്ക് മനഃസാക്ഷിയുടെ വിളി എപ്പോഴാണ് കിട്ടുകയെന്ന് പറയാനാവില്ല. ക്ഷമിക്കുക.’’- സി.പി.എം മുഖപത്രമായ ദേശാഭിമാനിയുടെ കണ്‍സള്‍ട്ടിങ് എഡിറ്ററായിരുന്ന എന്‍. മാധവന്‍കുട്ടി ഉമ്മന്‍ ചാണ്ടി സാറിന്റെ വിയോഗ വാര്‍ത്തക്കുപിന്നാലെ ഫേസ്ബുക്കില്‍ കുറിച്ചതിങ്ങനെയാണ്.
ഉമ്മന്‍ ചാണ്ടിക്കെതിരെ നികൃഷ്ടമായ ആരോപണം ഉന്നയിക്കപ്പെട്ടതിനുപിന്നില്‍ രാഷ്ട്രീയ എതിരാളികളുടെ ഗൂഢാലോചന ഉണ്ടായിരുന്നുവെന്ന തുറന്നുപറച്ചിലാണിത്. ആരോപണ വിധേയയായ ഒരു സ്ത്രീയില്‍ നിന്ന് മൊഴി എഴുതിവാങ്ങിയാണ് ഉമ്മന്‍ ചാണ്ടിക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കും എതിരെ സി.ബി.ഐ അന്വേഷണം നടത്തിയത്. ആ കേസിന്റെ ഗതിയും വിധിയും എന്തായി?
രോഗം തളര്‍ത്തിയ കാലത്തുപോലും ഉമ്മന്‍ ചാണ്ടിയെ ചിലര്‍ പിന്തുടര്‍ന്നാക്രമിച്ചു. കെണിവെച്ച് പിടിക്കാന്‍ നോക്കിയപ്പോഴും പുഞ്ചിരി മാത്രമായിരുന്നു ആ മനുഷ്യന്റെ മറുപടി. തെറ്റ് ചെയ്തിട്ടില്ലെന്ന ഉറച്ച വിശ്വാസം ഉമ്മന്‍ ചാണ്ടിയുടെ ചങ്കുറപ്പ് കൂട്ടിക്കൊണ്ടേയിരുന്നു. ഒടുവില്‍ സത്യം ജയിക്കുന്നതും കണ്ട ശേഷമാണ് ഉമ്മന്‍ ചാണ്ടി മടങ്ങിയത്.
ഉമ്മന്‍ ചാണ്ടി എന്ന ജനനേതാവിനെ ഒഴിവാക്കിയുള്ള ഒരു രാഷ്ട്രീയ ചരിത്രവും ഏഴ് ദശാബ്ദത്തോളം കേരളത്തിലുണ്ടായിട്ടില്ല. കണ്ടുമുട്ടുന്ന ജീവിതങ്ങളില്‍, അവരുടെ പ്രതിസന്ധികളില്‍ നടത്തിയ ഇടപെടലുകളായിരുന്നു ഉമ്മന്‍ ചാണ്ടിയെന്ന നേതാവിന്റെ രാഷ്ട്രീയ ജീവിതം. ആള്‍ക്കൂട്ടമായിരുന്നു അദ്ദേഹത്തിന്റെ ഊർജം. ജനസമ്പര്‍ക്ക പരിപാടിക്ക് പിന്നാലെ, സാധാരണക്കാര്‍ക്ക് സഹായമെത്തിക്കാന്‍ തടസ്സമായി നിന്ന നിയമത്തിന്റെ നൂലാമാലകള്‍ ഇല്ലാതാക്കാന്‍ 43 സര്‍ക്കാര്‍ ഓര്‍ഡറുകളാണ് അദ്ദേഹം പുറത്തിറക്കിയത്. അര്‍ഹതയുള്ള ആരെയും സഹായിക്കാന്‍ നിയമപരമായ ഒരു തടസ്സവും ഉമ്മന്‍ ചാണ്ടിക്ക് ഒരു കാലത്തും വിലങ്ങു തടിയായിട്ടില്ല.
സ്മാര്‍ട്ട് സിറ്റി, കൊച്ചി മെട്രോ, വിഴിഞ്ഞം തുറമുഖം, കണ്ണൂര്‍ വിമാനത്താവളം, കാരുണ്യ ചികിത്സാ പദ്ധതി, ശ്രുതിതരംഗം, വയോമിത്രം, ആരോഗ്യ കിരണം പദ്ധതികള്‍, ഒരു രൂപക്ക് അരി, ഭൂരഹിതര്‍ക്ക് മൂന്ന് സെന്റ് ഭൂമി, എല്ലാ നിയോജകമണ്ഡലങ്ങളിലും സര്‍ക്കാര്‍ കോളജുകള്‍, ദിവസം 19 മണിക്കൂര്‍ വരെ നീളുന്ന ജനസമ്പര്‍ക്ക പരിപാടി... മികച്ച ഭരണനിര്‍വഹണത്തിനുള്ള ഐക്യരാഷ്ട്ര സഭയുടെ പുരസ്‌കാരവും. ഒരു ദുരാരോപണങ്ങള്‍ക്കുമുന്നിലും കീഴടങ്ങാന്‍ തയാറാകാത്ത ഉമ്മന്‍ ചാണ്ടി എന്ന ഭരണാധികാരിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ പ്രതീകമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി. വിഴിഞ്ഞം പദ്ധതി കടല്‍ക്കൊള്ളയും 6000 കോടിയുടെ റിയല്‍ എസ്റ്റേറ്റ് കച്ചവടവുമാണെന്ന ആരോപണം ഉന്നയിച്ച് വഴിമുടക്കാൻ നിന്നവരാണ് ഇന്ന് വിഴിഞ്ഞം, മെട്രോ റെയില്‍ ഉള്‍പ്പെടെയുള്ള പദ്ധതികളുടെ പിതൃത്വം ഏറ്റെടുത്തത്.
ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് സാന്ത്വനവും പ്രതീക്ഷയുമായിരുന്നു ആ പേര്. കയറിപ്പോകാനുള്ള ഏണിപ്പടികളായി ഉമ്മന്‍ ചാണ്ടി ഒരിക്കലും ജനത്തെ കണ്ടില്ല. അധികാരത്തിന്റെ ഉയരങ്ങളില്‍ ഒറ്റക്കിരിക്കാന്‍ ആഗ്രഹിച്ചതുമില്ല. അക്ഷരാർഥത്തില്‍ ഉമ്മന്‍ ചാണ്ടി ജനങ്ങള്‍ക്ക് സ്വന്തമായിരുന്നു. കേരളത്തിന്റെ ജനനായകന്‍ യാത്രയായിട്ട് രണ്ടുവർഷമായി. രണ്ടുവർഷം മുമ്പ് ഒരു ബസിൽ പുതുപ്പള്ളി ഹൗസില്‍നിന്ന് ദര്‍ബാര്‍ ഹാളും കഴിഞ്ഞ് ജീവന്റെ ഭാഗമായിരുന്ന ഇന്ദിരാ ഭവനോട് വിട പറഞ്ഞ് ഉമ്മന്‍ ചാണ്ടി സാർ തിരുവനന്തപുരത്തുനിന്ന് മടങ്ങി.
ആള്‍ക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മന്‍ ചാണ്ടി അതേ ആള്‍ക്കൂട്ടത്തെ കണ്ണീരണിയിച്ച് മടങ്ങി. ആയിരങ്ങളുടെ, പതിനായിരങ്ങളുടെ, ലക്ഷങ്ങളുടെ സ്നേഹവും ആദരവും ഏറ്റുവാങ്ങിയുള്ള ഒരു യഥാർഥ ജനനായകന്റെ യാത്രപറച്ചിൽ. ആശ്രയം തേടിവന്നവരോട്, ഫോണിന്റെ മറുതലക്കൽ ഉള്ളവരോട് കുലമേതെന്നോ ജാതി ഏതെന്നോ പാർട്ടിയേതെന്നോ, പലപ്പോഴും പേരുപോലും അദ്ദേഹം ചോദിച്ചിട്ടില്ല. ആവശ്യം മാത്രം കേട്ടു. പരിഹാരം ഉണ്ടാക്കി. ജനങ്ങളെ കാപട്യമില്ലാതെ സ്നേഹിച്ച, അവരുടെ സ്നേഹത്തിൽ ജീവിച്ച ജനനായകന്റെ ഓർമകൾക്കുമുന്നിൽ പ്രണാമം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.