‘അമ്മേ... എന്നെ ഇട്ടിട്ട് പോകല്ലമ്മേ..’ കരളുലച്ച് ബിന്ദുവിന്റെ മകന്റെ നിലവിളി

കോട്ടയം: ‘അമ്മേ... എന്നെ ഇട്ടിട്ട് പോകല്ലമ്മേ..’ ചലനമറ്റ് തണുത്ത് മരവിച്ച് കിടക്കുന്ന അമ്മയെ നോക്കി ഫ്രീസറിന്റെ ചില്ല് മൂടി കെട്ടിപ്പിടിച്ച് നവനീത് ആർത്തുകരയുന്നത് കണ്ടപ്പോൾ കൂടിനിന്നവരുടെ ഹൃദയം വേദനയാൽ പിളർന്നു... കണ്ണീരടക്കാനാവതെ ചുറ്റുമുള്ളവർ വിതുമ്പിക്കരഞ്ഞു... ഫ്രീസറിന് സമീപം മകൾ നവമിയും ഭർത്താവ് വിശ്രുതനും വയോധികയായ അമ്മയും കരഞ്ഞ് തളർന്നിരിക്കുന്നതും നൊമ്പരക്കാഴ്ചയായി. കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം ഇടിഞ്ഞുവീണ് മരിച്ച തലയോലപ്പറമ്പ് കുന്നിൽ വിശ്രുതന്റെ ഭാര്യ ഡി. ബിന്ദുവിന്‍റെ മൃതദേഹം പണിതീരാത്ത വീടിന്റെ മുറ്റത്താണ് പൊതുർശനത്തിന് വെച്ചത്.

ഇന്നലെ രാത്രി മെഡിക്കൽ കോളജിൽനിന്ന് പോസ്റ്റ്മോർട്ടത്തിനുശേഷം വിട്ടുനൽകിയ മൃതദേഹം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലാണ് സൂക്ഷിച്ചിരുന്നത്. തുടർന്ന് രാവിലെയാണ് തലയോലപ്പറമ്പിലെ വീട്ടിലെത്തിച്ച് പൊതുദർശനത്തിന് വെച്ചത്. 11 മണിയോടെ സംസ്കരിക്കുമെന്ന് ബന്ധുക്കൾ പറഞ്ഞു.

മകളുടെ ചികിത്സാർഥം ബിന്ദു ദിവസങ്ങൾക്കുമുമ്പാണ് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിയത്. അമ്മയെ കാണാനില്ലെന്ന് മകൾ ആവർത്തിച്ചതിനെത്തുടർന്ന് അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷം ജെ.സി.ബി ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് ബിന്ദുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. മകൾ നവമിയെ (20) ശസ്ത്രക്രിയക്ക് ന്യൂറോ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. മൂന്നാഴ്ച ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സക്കുശേഷമാണ് ശസ്ത്രക്രിയ തീരുമാനിച്ചിരുന്നത്. ഇതിനായി ജൂലൈ ഒന്നിനാണ് വിശ്രുതനും ബിന്ദുവും മകൾ നവമിയുമായി ആശുപത്രിയിൽ എത്തിയത്. ട്രോമ കെയർ വിഭാഗത്തിലാണ് നവമിയെ പ്രവേശിപ്പിച്ചിരുന്നത്. അപകടമുണ്ടായ സമയത്ത് അവിടെ മറ്റ് സ്ത്രീകളും ഉണ്ടായിരുന്നു. എന്നാൽ, കെട്ടിടം തകരുന്ന ശബ്ദംകേട്ട് പലരും അവിടെനിന്ന് മാറി. കുളിക്കുന്നതിനിടെയായിരുന്നു അപകടം എന്നതിനാലാകാം ബിന്ദുവിന് രക്ഷപ്പെടാൻ കഴിയാതിരുന്നത്.


തൊട്ടരികിൽ രണ്ട് മന്ത്രിമാരും പരിവാരങ്ങളും പൊലീസ് സംഘവുമുണ്ടായിരുന്നിട്ടും ആ നേരമത്രയും കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ ജീവനുവേണ്ടി പിടയുകയായിരുന്നു ബിന്ദുവെന്ന വീട്ടമ്മ. ശസ്ത്രക്രിയ കഴിഞ്ഞ മകളുടെ കൂട്ടിരിപ്പുകാരിയായ അവർ കുളിക്കാൻ കയറിയത് ജീവിതത്തിന്‍റെ അവസാന നിമിഷങ്ങളിലേക്കായിരുന്നു. ഒരുപക്ഷേ, സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ രണ്ട് മന്ത്രിമാർ കുറച്ചുകൂടി ഉത്തരവാദിത്തം കാണിച്ചിരുന്നെങ്കിൽ ഒരുജീവൻ രക്ഷിക്കാനാകുമായിരുന്നുവെന്ന് വിശ്വസിക്കുന്നവരാണ് ഏറെ.

മെഡിക്കൽ കോളജിലെ മൂന്നുനിലകളിലായാണ് 10, 11, 14 വാർഡുകൾ പ്രവർത്തിച്ചിരുന്നത്. ഈ മൂന്നുനിലകളുടെയും ശൗചാലയങ്ങൾ പ്രധാന കെട്ടിടത്തിൽനിന്ന് പുറത്തേക്ക് തള്ളിയ നിലയിലാണ് സ്ഥിതിചെയ്തിരുന്നത്. പ്രധാന കെട്ടിടത്തോട് പിൽക്കാലത്ത് കൂട്ടിച്ചേർത്തതാണിവ. ഇതിൽ 10ാം വാർഡിനോട് ചേർന്നുള്ള ശൗചാലയത്തിൽ കുളിക്കാൻ കയറിയപ്പോഴാണ് മൂന്നുനിലകളിലെയും ടോയ്ലറ്റുകൾ ഒന്നടങ്കം ഇടിഞ്ഞുവീണത്.

തകർന്നുവീണ കെട്ടിടാവശിഷ്ടങ്ങൾക്കടിയിൽ ആരും കുടുങ്ങിക്കിടപ്പില്ലെന്ന് പ്രാഥമികാന്വേഷണംപോലും നടത്താതെ പ്രഖ്യാപിച്ചതാണ് പ്രശ്നം ഗുരുതരമാക്കിയത്. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ചാണ്ടി ഉമ്മൻ എം.എൽ.എയാണ്, ഒരുസ്ത്രീയെ കാണാനില്ലെന്നും അവശിഷ്ടങ്ങൾക്കിടയിൽ അവർ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയുണ്ടെന്നും തറപ്പിച്ചുപറഞ്ഞത്.


കുളിക്കാൻ പോയ അമ്മ തിരിച്ചെത്തിയില്ലെന്ന് മകൾ പിതാവിനെ അറിയിച്ചു. വിശ്രുതൻ ഇക്കാര്യം പലരോടും പറഞ്ഞെങ്കിലും ആരും ചെവിക്കൊണ്ടില്ല. പിന്നീട് സ്ഥലത്തെത്തിയ ജനപ്രതിനിധികളോട് ഉൾപ്പെടെ മകളും മറ്റുള്ളവരും ഇക്കാര്യം ആവർത്തിച്ചു. അമ്മ അപകടത്തിൽപെട്ടത് വിശ്രുതൻ മകൻ നവനീതിനെ വിളിച്ചുപറഞ്ഞു. എറണാകുളത്തുള്ള നവനീത് കോട്ടയത്തെ മാധ്യമപ്രവർത്തകരുമായി ബന്ധപ്പെട്ട് വാർത്തയും നൽകി. തുടർന്നാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ പരിശോധന നടത്തി ബിന്ദുവിനെ കണ്ടെത്തിയത്. കൃത്യസമയത്ത് കണ്ടെത്തി ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നെങ്കിൽ രക്ഷിക്കാനാകുമായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു.

തലയോലപ്പറമ്പിലെ വസ്ത്രശാലയിലെ ജീവനക്കാരിയായിരുന്നു ബിന്ദു. ഭർത്താവ് വിശ്രുതൻ നിർമാണത്തൊഴിലാളിയാണ്. നവമി ആന്ധ്രപ്രദേശിലെ അപ്പോളോ ആശുപത്രിയിൽ നാലാംവർഷ ബി.എസ്സി നഴ്സിങ് വിദ്യാർഥിനിയാണ്. നവനീത് എറണാകുളത്ത് സിവിൽ എൻജിനീയറും.

Tags:    
News Summary - kottayam medical college building collapse bindu death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.