'ഒടുങ്ങാത്ത സമരത്തിന്റെയും നീതിക്കുവേണ്ടിയുള്ള ക്ഷോഭത്തിന്റെയും ജ്വലിക്കുന്ന അഗ്നിയായിരുന്നു വി.എസ്'; അബ്​ദുൽ നാസർ മഅ്​ദനി

തിരുവനന്തപുരം: കേരളത്തിന്‍റെ വിശാല രാഷ്ട്രീയ ഭൂമികയിൽ തന്‍റെ ജീവിതവും പ്രവർത്തനവും കൊണ്ട് ധീരമായ അടയാളപ്പെടുത്തലുകൾ നടത്തിയ നേതാവായിരുന്നു വി.എസ്. അച്യുതാനന്ദനെന്ന്​ പി.ഡി.പി ചെയർമാൻ അബ്​ദുൽ നാസർ മഅ്​ദനി.

സമരവും ജീവിതവും രാഷ്ട്രീയ പ്രവർത്തനവും കൊണ്ട് പൊതുപ്രവർത്തകർക്ക് മാതൃകയായ ജീവിതം. ഒടുങ്ങാത്ത സമരത്തിന്റെയും നീതിക്കുവേണ്ടിയുള്ള ക്ഷോഭത്തിന്റെയും ജ്വലിക്കുന്ന അഗ്നിയായിരുന്നു വി.എസ്​.

മനുഷ്യാവകാശങ്ങളുടെ, സ്ത്രീവിമോചനത്തിന്റെ, പൗരാവകാശ സമരങ്ങളുടെ ചരിത്രത്തിൽ ധീരമായ ഭാഷയിൽ സംസാരിക്കാൻ കേരളം പിറവി കൊടുത്ത കരുത്തുറ്റ നേതാവിനെയാണ് നഷ്ടമായതെന്ന് അനുശോചന സന്ദേശത്തിൽ മഅ്​ദനി പറഞ്ഞു.

സി.പി.എം സ്ഥാപക നേതാക്കളിലൊരാളായ വി.എസ് അച്യുതാനന്ദൻ തിങ്കളാഴ്ച വൈകീട്ട് 3.20ന് എസ്‌.യു.ടി ആശുപത്രിയിലായിരുന്നു അന്ത്യശ്വാസം വലിച്ചത്. ഏറെക്കാലമായി രോഗബാധിതനായി വിശ്രമത്തിലായിരുന്ന വി.എസിനെ ഹൃദയാഘാതമുണ്ടായതിനെ തുടർന്ന് ജൂൺ 23നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 2006 മുതൽ 2011 വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി. 2016ൽ ഇടതുമുന്നണി വീണ്ടും അധികാരത്തിൽ വന്നപ്പോൾ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്കാര കമീഷൻ അധ്യക്ഷനായി.

1992 മുതല്‍ 1996 വരെയും 2001 മുതല്‍ 2006 വരെയും 2011 മുതൽ 2016 വരെയും കേരള നിയമസഭയുടെ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. സി.പി.എം പൊളിറ്റ്ബ്യൂറോ മുൻ അംഗമായിരുന്നു. നിലവിൽ സി.പി.എം സംസ്ഥാന സമിതി സ്ഥിരംക്ഷണിതാവാണ്. 1980 മുതൽ 1992 വരെ സി.പി.എം സംസ്ഥാന സെക്രട്ടറിയായി പ്രവർത്തിച്ചു. 2001 മുതൽ 2021 വരെ മലമ്പുഴയിൽ നിന്നും, 1991 മുതൽ 1996 വരെ മലമ്പുഴയിൽ നിന്നും 1967 മുതൽ 1977 വരെ അമ്പലപ്പുഴയിൽ നിന്നും നിയമസഭാംഗമായി. ഭാര്യ: കെ. വസുമതി. മക്കൾ: അരുൺകുമാർ, ആശ.

1923 ഒക്‌ടോബര്‍ 20ന് പുന്നപ്ര വേലിക്കകത്ത് ശങ്കരെൻറയും അക്കമ്മയുടെയും മകനായാണ് ജനനം. നാലാം വയസ്സില്‍ അമ്മയും 11-ാം വയസ്സില്‍ അച്ഛനും നഷ്‌ടപ്പെട്ടു. അതുകൊണ്ടുതന്നെ ഏഴാം ക്ലാസ്സില്‍ പഠനം നിർത്തേണ്ടിവന്നു. തുടര്‍ന്ന്‌ മൂത്ത സഹോദരനെ സഹായിക്കാന്‍ ഗ്രാമത്തിലെ തുന്നല്‍ക്കടയില്‍ ജോലിക്കു നിന്നു. അതിനുശേഷം കയര്‍ ഫാക്‌ടറിയിലും തൊഴിലാളിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags:    
News Summary - Abdul Nasser Madani remembers VS

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.