കൊച്ചി: പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുള്ള എയ്ഡഡ് കോളജ് അധ്യാപകർക്ക് ശമ്പളമില്ലാത്ത പ്രത്യേക അവധിക്കും ഇൻക്രിമെന്റടക്കം ആനുകൂല്യങ്ങൾക്കും അർഹതയുണ്ടെന്ന് ഹൈകോടതി. 2016 -17ൽ പത്തനംതിട്ട ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആയിരുന്ന കോഴഞ്ചേരി സെന്റ് തോമസ് കോളജ് അധ്യാപകൻ ഡോ. സജി ചാക്കോയടക്കം അധ്യാപകർ നൽകിയ ഹരജിയിലാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഉത്തരവ്. പഞ്ചായത്ത് പ്രസിഡൻറായിരുന്ന കാലത്തെ പ്രത്യേക അവധിയും ഇൻക്രിമെന്റടക്കം ആനുകൂല്യങ്ങളും നാല് മാസത്തിനകം അനുവദിക്കാനും നിർദേശിച്ചു.
പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പ്രത്യേക അവധി തേടി നൽകിയ ഹരജി കോളീജിയറ്റ് ഡയറക്ടറും പിന്നീട് സർക്കാറും നിരസിച്ചിരുന്നു. എയ്ഡഡ് സ്കൂൾ അധ്യാപകരായ തദ്ദേശ സ്ഥാപന തലവന്മാർക്ക് മാത്രമാണ് പ്രത്യേക അവധിക്ക് അനുമതിയുള്ളതെന്ന സർക്കാർ ഉത്തരവുകൾ പരാമർശിച്ചാണ് 2015 ജനുവരി 21നും ജൂലൈ മൂന്നിനും നൽകിയ അപേക്ഷകൾ നിരസിച്ചത്. എന്നാൽ, എം.ജി സർവകലാശാല ചട്ടപ്രകാരം തങ്ങൾക്ക് ഈ ആനുകൂല്യങ്ങൾക്ക് അർഹതയുണ്ടെന്നായിരുന്നു ഹരജിക്കാരുടെ വാദം. പ്രൈവറ്റ് കോളജ് അധ്യാപകർക്ക് കേരള സർവീസ് ചട്ടങ്ങൾ ബാധകമാണെന്നും കോളജ് അധ്യാപകർക്ക് പ്രത്യേക അവധിക്ക് വകുപ്പില്ലെന്നുമായിരുന്നു ഗവ. പ്ലീഡറുടെ വാദം.
എന്നാൽ, 1988 ലെ ഉത്തരവ് പ്രകാരം സ്വകാര്യ സ്കൂൾ അധ്യാപകർക്ക് ലഭിച്ച ഈ ആനുകൂല്യങ്ങൾ 2008ലെ ഉത്തരവിലൂടെ എയ്ഡഡ് കോളജിലെ അനധ്യാപക ജീവനക്കാർക്കും ലഭിച്ചതായി കോടതി ചൂണ്ടിക്കാട്ടി. 2025ലെ ഉത്തരവിലൂടെ ഹയർ സെക്കൻഡറി സ്കൂളുകളിൽ പോലും അധ്യാപക, അനധ്യാപക ജീവനക്കാർക്ക് സമാന ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുണ്ട്. സർവകലാശാലാ നിയമത്തിലും ഇത്തരത്തിൽ ഭേദഗതി കൊണ്ടുവരാൻ ശുപാർശയുണ്ടായെങ്കിലും നടപടിയുണ്ടായിട്ടില്ല. തുടർന്നാണ് പ്രത്യേക അവധി നിരസിച്ച ഉത്തരവുകളടക്കം റദ്ദാക്കിയ കോടതി, എത്രയും വേഗം ആനുകൂല്യങ്ങൾ അനുവദിക്കാൻ നിർദേശിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.