തലനരക്കുവതല്ലെന്റെ വൃദ്ധത്വം,
തലനരക്കാത്തതല്ലെന്റെ യൗവ്വനം.
കൊടിയ ദുഷ് പ്രഭുത്വത്തിനു മുന്നിൽ,
തല കുനിക്കാത്തതാണെന്റെ യൗവ്വനം...
ആദ്യകാല കമ്യൂണിസ്റ്റും സ്വാതന്ത്ര്യ സമര സേനാനിയുമായ ടി. സുബ്രഹ്മണ്യൻ തിരുമുമ്പിന്റെ ഈ വരികൾ സഖാവ് വി.എസ്. അച്യുതാനന്ദൻ ജനസാഗരങ്ങളെ സാക്ഷിയാക്കി പാടിയത് 2006 ലെ നിയമസഭ തെരഞ്ഞെടുപ്പ് പ്രചാരണ വേളയിലാണ്. അത് വെറുതെ പാടിയതായിരുന്നില്ല. 83 കാരനായ തന്റെ പ്രായത്തെ പരിഹസിച്ചവർക്കുനേരെയുള്ള കൂരമ്പകുളായിരുന്നു വി.എസിന് ആ വരികൾ. ഒരുപക്ഷേ വാർധക്യത്തിന്റെ പേരിൽ പരിഹാസം നേരിടേണ്ടിവന്ന കേരള രാഷ്ട്രീയത്തിലെ അതികായരിലൊരാൾ വി.എസ് മാത്രമായിരിക്കും. വയോധികനായ വി.എസ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെതിരെ പ്രതിപക്ഷത്തെ പ്രമുഖരായിരുന്നു അന്ന് വിമർശനമുന്നയിച്ചത്. ‘എനിക്ക് പ്രായം കൂടിയത് എന്റെ കുഴപ്പമാണോ’ എന്ന വി.എസിന്റെ മറുചോദ്യവും വന്നതോടെ, മലയാളി സമൂഹം വി.എസിനെ വീണ്ടും തങ്ങളുടെ യോദ്ധാവായി അംഗീകരിച്ചതാണ് ചരിത്രം. വി.എസ് നയിച്ച തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി 98 സീറ്റ് നേടുകയും അദ്ദേഹം മുഖ്യമന്ത്രിയാവുകയും ചെയ്തു. നൂറ്റാണ്ട് പിന്നിട്ട വി.എസിന്റെ ജീവിതം പരിശോധിച്ചാൽ പോരാട്ടം മാത്രമല്ല ദുരന്തങ്ങളുടെയും ദുരിതങ്ങളുടെയും സന്ദർഭങ്ങൾ ഒട്ടനവധി കാണാനാകും. അദ്ദേഹത്തിലേക്ക് വന്നുചേർന്ന ഉത്തരവാദിത്വങ്ങളിൽ പലതും പരീക്ഷണങ്ങളും പ്രതിസന്ധികളും നിറഞ്ഞതുമായിരുന്നു.
നാലുവയസുള്ളപ്പോൾ അമ്മയെയും വർഷങ്ങൾക്കകം അച്ഛനെയും നഷ്ടമായതോടെ വി.എസിന്റെ കുട്ടിക്കാലം അനാഥത്വം നിറഞ്ഞതായിരുന്നു. സഹോദരനാണ് സ്കൂളിലയച്ചും ജൗളിക്കടയിൽ ജോലി നൽകിയുമെല്ലാം ചേർത്തുപിടിച്ചത്. കൊടിയ ദാരിദ്ര്യവും യാതനകളും അതിജീവിച്ചാണ് വി.എസ് തന്റെ സമര ജീവിതം തുടങ്ങിയതുതന്നെ. ആലപ്പുഴയിലെ കയർ ഫാക്ടറികൾ കേന്ദ്രീകരിച്ചുള്ള ട്രേഡ് യൂനിയൻ പ്രവർത്തനത്തിലൂടെ മുതലാളി, ജന്മി വർഗങ്ങൾക്കെതിരെ പോരാടിയാണ് തൊഴിലാളികളുടെ നേതാവായത്. പുന്നപ്ര -വയലാർ സമരത്തെ പൊലീസും ദിവാന്റെ പട്ടാളവും അടിച്ചമർത്തുന്ന വേളയിൽ പാലാ പൊലീസ് സ്റ്റേഷൻ ലോക്കപ്പിൽ കൊടിയ മർദനമാണ് അദ്ദേഹത്തിന് നേരിടേണ്ടിവന്നത്. ചോര വാർന്ന് സ്റ്റേഷനിലെ സെല്ലിൽ ബോധരഹിതനായ വി.എസ് മരിച്ചെന്ന് കരുതി ആരുമറിയാതെ മറവുചെയ്യാൻ പൊലീസ് കൊണ്ടുപോകവെ ലോക്കപ്പിലുണ്ടായിരുന്ന ഒരു കള്ളനാണ് വി.എസ് ശ്വാസമെടുക്കുന്നുണ്ടെന്ന് പറഞ്ഞത്. ഇതോടെ വി.എസിനെ പൊലീസുകാർ വലിച്ചിഴച്ച് ജീപ്പിൽ കയറ്റി ആശുപത്രിയിലെത്തിച്ചു. അങ്ങനെ, പൊലീസിന്റെ കൊടിയ മർദനത്തെ തുടർന്നുള്ള ‘മരണത്തിൽ നിന്ന് വി.എസ് പുനർജനിച്ചു’.
1956 നവംബർ ഒന്നിന് കേരളം പിറവികൊള്ളുന്ന വേളയിൽ കമ്യൂണിസ്റ്റ് പാർട്ടിയുടെ ആലപ്പുഴ ഡിവിഷൻ സെക്രട്ടറിയായിരുന്നു വി.എസ്. ഇതോടെ 1957 മാർച്ചിൽ നടന്ന ആദ്യ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആലപ്പുഴയിലെ പ്രചാരണ ചുമതല വി.എസിനായി. അന്ന് ആലപ്പുഴ ഡിവിഷനിൽ ആകെ പത്ത് സീറ്റാണുള്ളത്. മാവേലിക്കര ദ്വയാംഗ മണ്ഡലമായതിൽ 11 ജനപ്രതിനിധികളുണ്ടാവും. ഏഴ് എം.എൽ.എമാരെങ്കിലും ആലപ്പുഴയിൽ നിന്ന് വേണമെന്നായിരുന്നു ഇ.എം.എസ് വി.എസിന് നൽകിയ നിർദേശം. പാർട്ടി ഏൽപിച്ച ഉത്തരവാദിത്വം സാക്ഷാത്കരിക്കാൻ രാപ്പകലില്ലാതെ തൊഴിലാളികളെ അണിനിരത്തി പ്രവർത്തിച്ചു. ഫലംവന്നപ്പോൾ തകഴിയും അരൂരും ഒഴികെ ഒമ്പതിടത്തും കമ്യൂണിസ്റ്റ് പാർട്ടി ജയിച്ചു. സംസ്ഥാനത്ത് ആകെയുള്ള 126 സീറ്റിൽ കമ്യൂണിസ്റ്റ് പാർട്ടി ജയിച്ച 60ലെ ഒമ്പത് സീറ്റ് ആലപ്പുഴയിൽ നിന്നായതോടെ വി.എസ് സംസ്ഥാന തലത്തിൽ അറിയപ്പെടുന്ന നേതാവായി.
അഞ്ച് സ്വതന്ത്രരുടെയടക്കം പിന്തുണയിൽ 1957 ഏപ്രിൽ അഞ്ചിന് ഇ.എം.എസിന്റെ കമ്യൂണിസ്റ്റ് സർക്കാർ അധികാരത്തിലേറി. എന്നാൽ നിർവഹിച്ചതിനേക്കാൾ വലിയ ഉത്തരവാദിത്വം പാർട്ടി വി.എസിനെ ഏൽപിക്കുന്നതാണ് പിന്നീട് കണ്ടത്. അതായിരുന്നു ദേവികളും ഉപതെരഞ്ഞെടുപ്പ്. കേവലഭൂരിപക്ഷത്തേക്കാൾ ഒരംഗത്തിന്റെ അധിക പിന്തുണയാണ് ഇ.എം.എസ് സർക്കാറിനുണ്ടായിരുന്നത്. ദേവികുളത്ത് കമ്യൂണിസ്റ്റ് സ്ഥാനാർഥിയായി ജയിച്ച റോസമ്മ പുന്നൂസിന്റെ വിജയം, എതിർ സ്ഥാനാർഥിയുടെ പരാതിയെ തുടർന്ന് റദ്ദാക്കപ്പെട്ടതോടെയാണ് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. കർഷക ബന്ധ ബില്ലും, വിദ്യാഭ്യാസ ബില്ലും പാസാക്കിയ സർക്കാർ താഴെപോവാതിരിക്കാൻ ദേവിക്കുളത്ത് ജയിച്ചേ തീരൂ. റോസമ്മ പുന്നൂസിനെ വീണ്ടും സ്ഥാനാർഥിയാക്കി ജയിപ്പിക്കാനുള്ള ഉത്തവാദിത്വം പാർട്ടി വി.എസിനെ ഏൽപിച്ചു. കാടും മലയും കയറി വെല്ലുവിളി നിറഞ്ഞ പ്രചാരണത്തിനൊടുവിൽ 1958 മേയ് 16ന് നടന്ന തെരഞ്ഞെടുപ്പിൽ 7,069 വോട്ടിന് റോസമ്മ ജയിച്ചതോടെ ഇ.എം.എസ് സർക്കാറിന്റെ ‘രക്ഷകൻ’ കൂടിയായി വി.എസ്.
1964 ഏപ്രിൽ 11ന് സി.പി.ഐ ദേശീയ കൗൺസിലിൽ നിന്ന് വി.എസ് അടക്കമുള്ള 32 പേർ ഇറങ്ങി പോയാണ് സി.പി.എം രൂപവത്കരിച്ചത്. പി. സുന്ദരയ്യ ജനറൽ സെക്രട്ടറിയായ കേന്ദ്ര കമ്മിറ്റിയിൽ വി.എസിനെയും ഉൾപ്പെടുത്തി. ആ നിലക്ക് സി.പി.ഐയെ ചെറുത്ത് കേരളത്തിലെ പലയിടത്തും പാർട്ടികെട്ടിപ്പടുക്കുന്നതിനുള്ള ചുമതലയും പിന്നീട് വി.എസിൽ വന്നുചേർന്നു. 1975 ജൂണിലാണ് അടിയന്തിരാവസ്ഥ പ്രഖ്യാപനം. മറ്റു കമ്യൂണിസ്റ്റ് നേതാക്കളെ പോലെ വി.എസും ജയിലിലായെങ്കിലും അദ്ദേഹത്തിന് വലിയ മർദനമൊന്നും പൊലീസിൽ നിന്ന് ഏൽക്കേണ്ടി വന്നിട്ടില്ല. എം.എൽ.എ ആയതിനാൽ ജയിലിൽ നിന്നും പരിഗണനയാണ് കിട്ടിയത് എന്നാണ് അദ്ദേഹത്തെകുറിച്ചുള്ള പല എഴുത്തുകളിലും സൂചിപ്പിക്കുന്നത്.
കാൽനൂറ്റാണ്ടു നീണ്ട സംഘടന പ്രവർത്തനത്തനത്തിനുശേഷമാണ് വി.എസിന് പാർലമെന്ററി രംഗത്തേക്കുവരാൻ പാർട്ടി അവസരം നൽകിയത്. എന്നാൽ 1965 ൽ അമ്പലപ്പുഴയിൽ കന്നിയങ്കത്തിനിറങ്ങിയ വി.എസ് കോൺഗ്രസിലെ കൃഷ്ണ കുറുപ്പിനോട് അടിയറവുപറഞ്ഞു. പിന്നീട് 1967ൽ സപ്ത കക്ഷി മുന്നണി സ്ഥാനാർഥിയായി അമ്പപ്പുഴയിൽ നിന്നുതന്നെ ജയിച്ചുകയറി. നിയമസഭയും ഇതോടെ വി.എസിന് പോരാട്ട വേദിയായി. കർഷകർക്കും കർഷക തൊഴിലാളികൾക്കും പല ആനുകൂല്യങ്ങളും ലഭ്യമായത് സഭയിലെ വി.എസിന്റെ ഇടപെടൽ കൊണ്ടുകൂടിയാണ്. എം.എൽ.എ ആയിരിക്കെയാണ് 43ാം വയസിൽ വി.എസ് കെ. വസുമതിയെ വിവാഹം കഴിക്കുന്നത്. 70ലും അമ്പലപ്പുഴയിൽ നിന്ന് ജയിച്ചു. എന്നാൽ 77 ലെ തെരഞ്ഞെടുപ്പിൽ ആർ.എസ്.പിയിലെ കെ.കെ. കുമാരപിള്ളയോട് തോറ്റു. 1991ൽ മാരാരിക്കുളത്തു നിന്ന് ജയിച്ചപ്പോൾ പ്രതിപക്ഷ നേതാവയി. 1996ൽ പാർട്ടി ജയിച്ചപ്പോൾ വി.എസ് തോറ്റു. 2001ൽ വി.എസ് ജയിച്ചപ്പോർ പാർട്ടിക്ക് ഭരണം നഷ്ടമായി. പിന്നീട് 2006ൽ ജയിച്ച് മുഖ്യമന്ത്രിയായി. 2011ൽ വീണ്ടും പ്രതിപക്ഷ നേതാവുമായി. 2016ലും നിയമസഭയിലെത്തി. അപ്പോൾ പാർട്ടി നിയോഗിച്ചത് ഭരണ പരിഷ്കാര കമീഷൻ ചെയർമാൻ സ്ഥാനം.
1980 മുതൽ 92 വരെ വി.എസ് സി.പി.എം സംസ്ഥാന സെക്രട്ടറിയാണ്. ഇക്കാലത്താണ് ബദൽ രേഖ വിവാദം ഉയരുന്നത്. പാർട്ടി സെക്രട്ടേറിയറ്റിലെ ഒരു വിഭാഗം മുസ്‍ലിം ലീഗിനെയും കേരള കോൺഗ്രസിനെയും കൂടെ കൂട്ടണമെന്ന നിലപാട് ഉയർത്തിയതാണ് പിന്നീട് ബദൽ രേഖയായി അവതരിപ്പിക്കപ്പെട്ടത്. അന്ന് ജനറൽ സെക്രട്ടറിയായ ഇ.എം.എസ് എം.വി. രാഘവന്റെ നേതൃത്വത്തിൽ കൊണ്ടുവന്ന ബദൽ രേഖയെ ശക്തമായി എതിർത്തു. പിന്നീട് രാഘവനെ പാർട്ടി പുറത്താക്കിയെങ്കിലും സി.എം.പി രൂപവത്കരിച്ച അദ്ദേഹം പാർട്ടിക്കെതിരെ ഉയർത്തിയ കടുത്ത വെല്ലുവിളികളെ നേരിടുന്നതിന് നേതൃത്വം നൽകേണ്ട ഉത്തരവാദിത്വവും സംസ്ഥാന സെക്രട്ടറിയെന്ന നിവലയിൽ വി.എസിനായി. ഇ.എം.എസിന്റെ ബുദ്ധി ശക്തിയും വി.എസിന്റെ സംഘടന പാടവവും കൊണ്ടാണ് അന്ന് പാർട്ടി പിളർപ്പിലേക്ക് പോകാതിരുന്നത്. അക്കാലത്ത് പാർട്ടിയെ വെല്ലുവിളിച്ച പലരും, അവസാന നാളിൽ എം.വി. രാഘവനടക്കമുള്ളവരും പാർട്ടിയുടെ ഭാഗമായതും പിൽകാല ചരിത്രമാണ്. പാർട്ടി പുറത്താക്കിയതോടെ അനുരഞ്ജനത്തിന് പോയ വി.എസിനോട് ‘വി.എസിന് വി.എസിന്റെ വഴി, എനിക്ക് എന്റെ വഴി’ എന്ന പറഞ്ഞ് വീട്ടിൽ നിന്നിറക്കിവിട്ട കെ.ആർ. ഗൗരിയമ്മയും അവസാന നാളുകളിൽ സി.പി.എമ്മുമായി അടുത്തിരുന്നു.
കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കമുണ്ടാക്കിയ സംഭവങ്ങളാണ് ഇടമലയാർ, പാമോയിൽ കേസുകൾ. അഴിമതിക്കെതിരെ വി.എസ് നടത്തിയ നിയമ പോരാട്ടത്തിൽ ശ്രദ്ധിക്കപ്പെടുന്നതാണ് ഇവ രണ്ടും. 1982-87ലെ കെ. കരുണാകരൻ സർക്കാറിൽ വൈദ്യുതി മന്ത്രിയായ ആർ. ബാലകൃഷ്ണ പിള്ള ടണൽ നിർമാണത്തിന് നൽകിയ കരാറിലെ ക്രമക്കേടിൽ മൂന്നരക്കോടിയുടെ നഷ്ടമുണ്ടായതാണ് ഇടമലയാർ അഴിമതി കേസായത്. 2011 ഫെബ്രുവരി പത്തിന് ബാലകൃഷ്ണ പിള്ളയെ സുപ്രീം കോടതി ശിക്ഷിച്ചതോടെ അഴിമതികേസിൽ ആദ്യമായി ശിക്ഷിക്കപ്പെടുന്ന മന്ത്രി കൂടിയായി പിള്ള. അതോടെ വി.എസിന്റെ നിയമപോരാട്ടങ്ങളെയും കേരളജനത ആദരവോടെ കണ്ടു.
1991-96ലെ കെ. കരുണാകരൻ സർക്കാർ കാലത്തെ അഴിമതി ആരോപണമാണ് പാമോയിൽ കേസായത്. ടെൻഡർ ക്ഷണിക്കാതെ മലേഷ്യയിലെ പവർ ആൻഡ് എനർജി ലിമിറ്റഡ് കമ്പനിക്ക് കരാർ നൽകി 2.32 കോടിയുടെ നഷ്ടമുണ്ടായെന്നാണ് കേസ്. മുഖ്യമന്ത്രിയെ ഒന്നാം പ്രതിയാക്കി അഴിമതികേസിൽ കുറ്റപത്രം സമർപ്പിക്കുന്നതുവരെയെത്തി ഇതിലെ വി.എസിന്റെ നിയമ പേരാട്ടം. സുപ്രീം കോടതി വരെ എത്തിയെങ്കിലും 2016 ഫെബ്രുവരി 16ന് വി.എസിന്റെ ഹരജി സുപ്രീം കോടതി തള്ളി. കോഴിക്കോട്ടെ ഐസ്ക്രീം പാർലർ പെൺവാണിഭ കേസിൽ സി.ബി.ഐ അനേഷണം ആവശ്യപ്പെട്ട് വി.എസ് സുപ്രീംകോടതി വരെ പോയതും വലിയ ജനശ്രദ്ധ നേടിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.