കേരളത്തിന്റെ കമ്യൂണിസ്റ്റ് രാഷ്ട്രീയത്തിന്റെ അവസാനത്തെ ആദര്‍ശവാനും വിടപറഞ്ഞു. വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് എന്ന വി.എസ്. അച്യുതാനന്ദന് സമാനതകളില്ലാത്ത ഇതിഹാസമായിരുന്നു. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ കറകളഞ്ഞ നേതാക്കളില്‍ അവസാനത്തെയാള്‍.
പുറമേക്ക് നോക്കുമ്പോള്‍ വലിയ കര്‍ക്കശക്കാരന്‍, ധാര്‍ഷ്ട്യത്തോടെ പെരുമാറുന്നയാള്‍, ആരെയും കൂസാത്തയാള്‍ തുടങ്ങി പ്രതികൂലമായ നിരവധി വിശേഷണങ്ങള്‍ അദ്ദേഹത്തിനു ചാര്‍ത്തിക്കിട്ടിയിട്ടുണ്ട്. അദ്ദേഹത്തിന്റെ രാഷ്ട്രീയ വിരുദ്ധ ചേരിയില്‍ മാത്രമല്ല, സ്വന്തം പാര്‍ട്ടിക്കകത്തും ഇതൊക്കെത്തന്നെയായിരുന്നു വി.എസിന്റെ വിശേഷണങ്ങള്‍. ഒരു പരിധിവരെ മാധ്യമങ്ങളും ഇത്തരത്തില്‍ അദ്ദേഹത്തെ വിലയിരുത്തിയിരുന്നു. എന്നാല്‍, അദ്ദേഹത്തെ അടുത്തറിഞ്ഞിട്ടുള്ളവരുടെ മനസ്സില്‍ അച്യുതാനന്ദനു മറ്റൊരു മുഖം കൂടിയുണ്ട്. സ്നേഹത്തിന്റെ, കരുതലിന്റെ, വാത്സല്യത്തിന്റെ, കറകളഞ്ഞ കമ്യൂണിസത്തിന്റെ, സര്‍വോപരി മനുഷ്യത്വത്തിന്റെയൊക്കെ തെളിമയാര്‍ന്ന മുഖം. പറഞ്ഞുകേട്ടതിനപ്പുറം, അദ്ദേഹത്തിന്റെ സ്നേഹ വാത്സല്യ മുഖങ്ങള്‍ അടുത്തുനിന്ന് കണ്ടിട്ടുള്ളയാളാണ് ഞാന്‍.
എന്റെ ബാല്യം മുതല്‍ കേട്ടുതുടങ്ങിയ പേരാണത്. ഞാന്‍ കെ.എസ്.യു പ്രവര്‍ത്തകനായി ചെന്നിത്തലയില്‍ രാഷ്ട്രീയം തുടങ്ങിയ കാലത്തിനും എത്രയോ മുമ്പേ പുന്നപ്ര- വയലാര്‍ സമരനായകനെന്ന നിലയില്‍ കേരളത്തിലെമ്പാടും അറിയപ്പെടുന്ന നേതാവായി അദ്ദേഹം മാറിയിരുന്നു.
ഒരു നൂറ്റാണ്ടുകാലം കേരളത്തിന്റെ പൊതുപ്രവര്‍ത്തന നഭസ്സില്‍ ജ്വലിച്ചുനിന്ന ചുവന്ന നക്ഷത്രമാണ് പൊലിഞ്ഞത്. കേരള രാഷ്ട്രീയത്തില്‍ ആ വേര്‍പാടുണ്ടാക്കുന്ന ശൂന്യത വളരെ വലുതായിരിക്കും. കേരളത്തിന്റെ ഇടതുപക്ഷ പ്രസ്ഥാനങ്ങളിലെ അവസാനത്തെ തിരുത്തല്‍ ശക്തിയാണ് നഷ്ടമായിരിക്കുന്നത്. അദ്ദേഹത്തിന്റെ ദീപ്ത സ്മരണകള്‍ക്കുമുന്നില്‍ എന്റെയും അശ്രുപൂജ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.