പാലക്കാട്: മുഖ്യമന്ത്രിപദത്തിലേക്ക് വഴിതെളിച്ച വി.എസിന്റെ രാഷ്ട്രീയ ജീവിതത്തിലെ അവിസ്മരണീയ ഉൾപാർട്ടി പോരാട്ടത്തിനാണ് 1998 ജനുവരി രണ്ടിന് തുടങ്ങിയ പാലക്കാട്ടെ 16ാം പാർട്ടി കോൺഗ്രസിനോടനുബന്ധിച്ച സി.പി.എം സംസ്ഥാന സമ്മേളനം വേദിയായത്. ഒരുകാലത്ത് ശക്തമായിരുന്ന സി.ഐ.ടി.യു ലോബിയെ, വി.എസ് എന്ന അതികായൻ തകർത്ത് തരിപ്പണമാക്കിയ സമ്മേളനമായിരുന്നു അത്.
1991ലെ സമ്മേളനത്തിൽ സെക്രട്ടറി തെരഞ്ഞെടുപ്പിൽ നായനാരോട് നാല് വോട്ടിന് തോറ്റതും 1995ലെ കൊല്ലം സമ്മേളനത്തിൽ 17 പേരുടെ പാനലുയർത്തിയെങ്കിലും പാർട്ടി പിടിക്കാനാകാത്ത നിരാശയും ’96ൽ മാരാരിക്കുളത്ത് മുഖ്യമന്ത്രി സ്ഥാനാർഥിയായിറങ്ങി പരാജയം ഏറ്റുവാങ്ങിയ മുറിവിനുള്ള മധുര പ്രതികാരവുമായിരുന്നു പാലക്കാട്ടെ സമ്മേളന ദിനങ്ങളിലെ വി.എസിന്റെ തേരോട്ടം. അങ്ങനെ തിരിച്ചടികളിൽ തകർന്നുപോയേക്കാവുന്ന ഘട്ടത്തിൽനിന്ന് ഫീനിക്സ് പക്ഷിയെപ്പോലെ കുതിച്ചുയർന്ന മനക്കരുത്തിന്റെയും രാഷ്ട്രീയ പാടവത്തിന്റെയും പേരുകൂടിയായി വി.എസ്. പാലക്കാട്ടെ കോട്ടമൈതാനിയിൽ ‘കണ്ണേ കരളേ വി.എസേ’ എന്നാര്‍ത്തലച്ച പാലക്കാടൻ ജനതക്കു മുന്നിൽ 75കാരനായ ആ രണ്ടക്ഷരധാരി തലയുയർത്തി നിന്നു.
സി.പി.എം സമ്മേളനത്തിനായി മൂന്നാം തവണ പാലക്കാട് ഒത്തുകൂടിയപ്പോൾ, മുൻകാലങ്ങളിലെന്നപോലെ ഉൾപാർട്ടി മത്സരം രൂക്ഷമായിരുന്നു. സി.ഐ.ടി.യു ലോബിയെ പരാജയപ്പെടുത്തി സ്വാധീനമുറപ്പിക്കാനിറങ്ങിയ വി.എസ് വിഭാഗം സംസ്ഥാന സമിതിയിലേക്കുള്ള ഔദ്യോഗിക പാനലിനെതിരെ ഒമ്പത് സ്ഥാനാർഥികളെ നിര്‍ദേശിച്ചു. അതില്‍ ഏഴ് പേരും ജയിച്ചു. 10 മണിക്കൂറിലേറെ നീണ്ട തെരഞ്ഞെടുപ്പില്‍ കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എം.എം. ലോറന്‍സ്, കെ.എന്‍. രവീന്ദ്രനാഥ്, സി.ഐ.ടി.യു ദേശീയ വൈസ് പ്രസിഡന്റ് വി.ബി. ചെറിയാന്‍ എന്നിവര്‍ പരാജയപ്പെട്ടു. നക്സൽബാരി പ്രസ്ഥാനത്തിനും എം.വി. രാഘവന്റെ ബദൽ രേഖക്കും ശേഷം സി.പി.എമ്മിൽ കൂട്ടായ അച്ചടക്ക നടപടി ഉണ്ടായത് പാലക്കാട് സമ്മേളനത്തെ തുടർന്നായിരുന്നു. എൽ.ഡി.എഫ് കൺവീനറായി വി.എസ്. അച്യുതാനന്ദൻ തിരഞ്ഞെടുക്കപ്പെട്ടു.
ആലപ്പുഴയിലെ നെല്‍പ്പാടം നികത്തി ലാഭകരമായ ഇതര കൃഷികളിലേക്ക് ഭൂവുടമകള്‍ തിരിയുന്നതിനെതിരെ വി.എസ് നടത്തിയ വെട്ടിനിരത്തൽ സമരത്തിനും മിച്ചഭൂമി സമരത്തിനും സംസ്ഥാന സമിതിയിൽ അംഗങ്ങളുടെ പിന്തുണ ലഭിച്ചു. നായനാർ സർക്കാറിന്റെ നടപടികൾക്കെതിരെ അച്യുതാനന്ദൻ നടത്തിയ വിമർശനങ്ങൾക്കും അനുകൂല പ്രതികരണമായിരുന്നു. ന്യൂനപക്ഷ പാർട്ടികളോടുള്ള സി.പി.എം സമീപനത്തിൽ മാറ്റം വരുത്തേണ്ടെന്ന അച്യുതാനനന്ദന്റെ നിലപാട് സമ്മേളനം അംഗീകരിച്ചു. ഇതോടെ ഇന്ത്യൻ യൂനിയൻ മുസ്‍ലിം ലീഗ്, ഇന്ത്യൻ നാഷനൽ ലീഗ് എന്നീ കക്ഷികളിൽ ഏതെങ്കിലുമായി സി.പി.എം തെരഞ്ഞെടുപ്പ് ധാരണയോ സഖ്യമോ ഉണ്ടാക്കാനുള്ള സാധ്യത ഇല്ലാതായി. ഐ.എൻ.എൽ സഖ്യം വിമർശിക്കപ്പെട്ടു. വി.എസ്. അച്യുതാനന്ദന്റെ രാഷ്ട്രീയ നിലപാടുകൾ പാർട്ടിയിൽ മേൽക്കോയ്മ നേടിയ സമ്മേളനമായിരുന്നു അത്.
സി.പി.എമ്മിന്റെ ഇരുമ്പുമറക്കകത്തെ സമ്മേളന പാരമ്പര്യം തകർന്ന് പിൽക്കാലത്ത് ആരോപിക്കപ്പെട്ട ‘മാധ്യമ സിൻഡിക്കേറ്റിന്’ മുന്നിൽ തുറന്നുവെക്കപ്പെട്ട സമ്മേളനം കൂടിയായിരുന്നു അത്. സമ്മേളനശേഷം മാധ്യമങ്ങളോട് സി.പി.എമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെന്നും ഗ്രൂപ് ഇല്ലെന്നും മുഖ്യമന്ത്രി ഇ.കെ. നായനാർക്ക് സമ്മതിക്കേണ്ടിവന്നു. എന്നാൽ, 2005ലെ മലപ്പുറം സി.പി.എം സമ്മേളനത്തില്‍ താന്‍ നിര്‍ത്തിയ 12 പേര്‍ വെട്ടിനിരത്തപ്പെട്ടത് കണ്ടുനില്‍ക്കേണ്ടിവന്നു വി.എസിന്. പാലക്കാട് കൊടുത്തത് മലപ്പുറത്ത് കിട്ടിയെന്നത് കാവ്യനീതി.
1998ലെ പാലക്കാട് സമ്മേളന പശ്ചാത്തലത്തില്‍ ‘സേവ് സി.പി.എം ഫോറം’ എന്ന പേരിൽ ലഘുലേഖകളും പ്രചാരണങ്ങളും പാർട്ടിയിലെ വിഭാഗീയതയെ വിമര്‍ശിച്ച് ഇറങ്ങി. പിന്നീട് സേവ് സി.പി.എം ഫോറത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചുവെന്ന് ആരോപിച്ച് വി.ബി. ചെറിയാന്‍, അപ്പുക്കുട്ടന് വള്ളിക്കുന്ന് എന്നിവരെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി. മുന്‍ ഇടതുമുന്നണി കണ്‍വീനര്‍ കൂടിയായ എം.എം. ലോറന്‍സ്, സി.ഐ.ടി.യു നേതാവ് കെ.എന്‍. രവീന്ദ്രനാഥ് എന്നിവരെ സമാന കാരണത്താല്‍ കേന്ദ്ര കമ്മിറ്റിയില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. കേന്ദ്ര കമ്മിറ്റി അംഗമായ ലോറന്‍സിനെ എറണാകുളം ഏരിയ കമ്മിറ്റിയിലേക്ക് തരം താഴ്ത്തി.
1987ൽ അഖിലേന്ത്യ ജനറൽ സെക്രട്ടറിയായിരുന്ന ഇ.എം.എസ് നമ്പൂതിരിപ്പാട് ‘വർഗീയ’ പാർട്ടികളുമായി ബന്ധമില്ലാതെ തെരഞ്ഞെടുപ്പുകളെ നേരിടാൻ ഒരു തന്ത്രം രൂപപ്പെടുത്തിയപ്പോഴാണ് പാർട്ടിയിൽ വിഭാഗീയ ചേരി ഉരുത്തിരിഞ്ഞത്. ഇ.എം.എസിന്റെ തീരുമാനം ആ വർഷം നേട്ടങ്ങൾ കൈവരിക്കുകയും എൽ.ഡി.എഫ് തെരഞ്ഞെടുപ്പിൽ വൻ വിജയം നേടുകയും ചെയ്തു.
എന്നാൽ, പാർട്ടിയിലെ ഒരു വലിയ വിഭാഗം, പ്രധാനമായും സി.ഐ.ടി.യുവിൽ നിന്നുള്ളവർ നയത്തിനെതിരെ രംഗത്തുവന്നു. മുസ്‍ലിം ലീഗിനെ ബി.ജെ.പിയുമായോ ആർ.എസ്.എസുമായോ തുലനപ്പെടുത്തുന്നത് തെറ്റാണെന്ന് അവർ കരുതി. അതേസമയം വി.എസും രാജ്യസഭാംഗം എം.എ. ബേബിയും പോലുള്ളവർ ഇ.എം.എസിന്റെ നയം തുടരുന്നതിൽ ഉറച്ചുനിന്നു.
വൈദ്യുതി ബോർഡ് അംഗമായിരുന്ന സി.ഐ.ടി.യു നേതാവ് എം.എം. ലോറൻസിനെതിരെ ഉയർന്ന പരാതികൾ പാർട്ടിക്കുള്ളിൽ അവതരിപ്പിച്ചത് വി.എസ്. അച്യുതാനന്ദനായിരുന്നുവെന്നതും വിദ്വേഷത്തിനിടയാക്കി. പക്ഷേ, ഔദ്യോഗിക പക്ഷത്തിന്റെ വക്താവായിരുന്ന അച്യുതാനന്ദന് കേന്ദ്ര നേതൃത്വത്തിന്റെ പിന്തുണ ഉണ്ടായിരുന്നു. ഈ കാലയളവിലാണ് സംസ്ഥാന സമ്മേളനങ്ങളിൽ തിരിച്ചടി നേരിട്ടതും മുഖ്യമന്ത്രിയാകാൻ സാധ്യത കൽപിച്ച വി.എസ് ആലപ്പുഴയിലെ മാരാരിക്കുളത്ത് പരാജയപ്പെടുന്നതും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.