കേന്ദ്ര സർവകലാശാല വിദ്യാർഥിനിയുടെ മരണത്തിൽ വിശദ അന്വേഷണം വേണമെന്ന് കുടുംബം; ‘ഒരു വർഷം കഴിഞ്ഞിട്ടും ഫോറൻസിക് അന്വേഷണത്തിൽ പുരോഗതിയില്ല’

കാസർകോട്: കേന്ദ്ര സർവകലാശാലയിലെ പി.എച്ച്.ഡി വിദ്യാർഥിനി ഒഡിഷ സ്വദേശിനി റൂബി പട്ടേലിന്റെ മരണത്തിൽ വിശദ അന്വേഷണം വേണമെന്ന് ആവശ്യവുമായി കുടുംബം. മരണം നടന്ന് ഒരു വർഷത്തിലേറെയായിട്ടും ഫോറൻസിക് അന്വേഷണത്തിൽ കാര്യമായ പുരോഗതിയുണ്ടായില്ല. സർവകലാശാല ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയാണ്.

ഹിന്ദിയിലും താരതമ്യ സാഹിത്യത്തിലും ഗവേഷകയായ റൂബി(27)യെ 2024 ഏപ്രിൽ രണ്ടിന് ഹോസ്റ്റലിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേസ് തുടരുന്നതിൽ സർവകലാശാലയും പൊലിസും ഗൗരവം കാണിച്ചില്ല. സർവകലാശാല ഉദ്യോഗസ്ഥർക്ക് അയച്ച ഇമെയിലുകൾക്ക് മറുപടി ലഭിച്ചില്ല. ജാർഖണ്ഡിലെ ഹസാരിബാഗിലുള്ള ഐ.സി.എ.ആറിലെ ശാസ്ത്രജ്ഞയായ ഡോ. ആശ റാണിയും ഭർത്താവ് ഡോ. കുലേശ്വര്‍ പ്രസാദ് സാഹുവും പറഞ്ഞു.

റൂബിയുടെ പി.എച്ച്.ഡി. ഗൈഡ് പ്രഫ. തരു എസ്. പവാർ തന്നെ മാനസികമായി പീഡിപ്പിക്കുകയും വ്യക്തിപരവും തൊഴിൽപരവുമായ സമ്മർദത്തിന് വിധേയമാക്കുകയും ചെയ്തു. ഇതാണ് റൂബിയെ ആത്മഹത്യയിലേക്ക് നയിച്ചത്. സി.ബി.ഐ അന്വേഷണം ശുപാർശ ചെയ്തുകൊണ്ട് സർവകലാശാലയുടെ ആഭ്യന്തര അന്വേഷണ സമിതി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. വൈസ് ചാൻസലർ പ്രഫ. സിദ്ദു പി. അൽഗൂരിനോട് വിഷയം ഉന്നയിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിക്കുമെന്ന് പറഞ്ഞിട്ടുണ്ട്.

സി.ബി.ഐ അന്വേഷണം ആവശ്യപ്പെടാൻ സർവകലാശാലക്ക് അധികാരമില്ല. സംസ്ഥാനത്തിനോ ഭരണഘടന കോടതികൾക്കോ മാത്രമേ അത് ചെയ്യാനാകൂ. കോറിഡോർ കാമറകളിൽ നിന്നോ പി.എച്ച്.ഡി ഗൈഡിന്റെ ചേംബറിൽ നിന്നോ ഉള്ള സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാതെയാണ് കമ്മിറ്റി അന്വേഷണം പൂർത്തിയാക്കിയത്.

ബേക്കൽ പൊലീസ് അവരുടെ മൊബൈൽ ഫോൺ, ലാപ്‌ ടോപ്പ്, സി.സി.ടി.വി ദൃശ്യങ്ങൾ എന്നിവയുടെ ഫോറൻസിക് പരിശോധന പോലും ആരംഭിച്ചിട്ടില്ല. മൂന്ന് തവണ യു.ജി.സി-നെറ്റ് പാസാകുകയും 2023ൽ ദേശീയ ഒ.ബി.സി ഫെലോഷിപ്പ് നേടുകയും ചെയ്തിട്ടും റൂബി അക്കാദമിക് കഴിവുള്ളവളല്ലെന്ന് ഗൈഡ് തെറ്റായ അവകാശവാദങ്ങൾ ഉന്നയിച്ചു. ഇക്കാര്യങ്ങൾ എല്ലാം സമഗ്രമായി അന്വേഷിക്കണം. ജില്ല പൊലിസ് മേധാവിക്ക് പരാതി സമർപിച്ചതായും ആശ റാണിയും പ്രസാദ് സാഹുവും പറഞ്ഞു.

Tags:    
News Summary - Family demands detailed investigation into death of Central University student

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-07-23 02:00 GMT