തിരുവനന്തപുരം: നീട്ടിയും കുറുക്കിയും അവസരത്തിനൊത്ത് ആവർത്തിച്ചും അനുഭവങ്ങളിൽ വെന്തുരുകി മൂർച്ചയേറിയ വാക്കെറിഞ്ഞും സദസ്സിൽ ആവേശത്തിരയേറ്റം തീർക്കാൻ ഇനി ആ വിപ്ലവ സാന്നിധ്യമില്ല. സമകാലിക കേരളം ഇടനെഞ്ചിലേറ്റുവാങ്ങിയ രാഷ്ട്രീയ സൗഭാഗ്യവും സമരസൗന്ദര്യവുമായിരുന്നു വി.എസ്. മുദ്രാവാക്യങ്ങളുടെ പെരുമഴ നനഞ്ഞ് ആരവങ്ങളെ വകഞ്ഞുമാറ്റി ഉറച്ച കാലടികളോടെ വി.എസ് സ്റ്റേജിലേക്ക് നടന്നുകയറുന്നത് വല്ലാത്തൊരു വൈകാരിക അനുഭവമായിരുന്നു. ജനറൽ സെക്രട്ടറി വേദിയിലുണ്ടെങ്കിലും കൈയടി വി.എസിന് തന്നെയായിരുന്നു.
നീട്ടിയും കുറുക്കിയുമല്ലാതെ പ്രസംഗിക്കാൻ വി.എസിനാകുമായിരുന്നില്ല. തൊട്ടുമുന്നിൽ നീണ്ടും കുറുകിയും വലിഞ്ഞുമുറുകിയുമെല്ലാം സദസ്സും. വി.എസിന്റേത് വെറും പ്രസംഗങ്ങളായിരുന്നില്ല. പ്രത്യേക താളത്തിൽ, പ്രത്യേക ചലനങ്ങളിൽ, പ്രത്യേക ശബ്ദവിന്യാസത്തോടെ കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇടംപിടിച്ച കലാരൂപം തന്നെയായിരുന്നു അത്. വി.എസിനെ കാണാനും കേൾക്കാനുമെത്തിയത് പല തലമുറകളും. കൂസലില്ലായ്മയായിരുന്നു ആ വാക്കുകളുടെ അന്തസ്സും കരുത്തും. വെള്ളാപ്പള്ളി നടേശനും എ.കെ. ആൻറണിയും രാഹുൽ ഗാന്ധിയും ടി.കെ. ഹംസയുമടക്കം ആ നാവിന്റെ മൂർച്ചയറിഞ്ഞവർ നിരവധി.
വർഗ സമവാക്യങ്ങളുടെ കരിങ്കൽക്കെട്ടിന് പുറത്തുനിന്ന പരിസ്ഥിതി- കീഴാള- ലിംഗനീതി പ്രശ്നങ്ങൾ വി.എസ് ഏറ്റെടുത്തു. പുതിയ കാലത്തിന്റെ ഞരമ്പുകൾക്കും ധമനികൾക്കും പുതിയ രാഷ്ട്രീയ പ്രയോഗങ്ങൾ അനിവാര്യമാണെന്ന അനുഭവ പാഠങ്ങൾ ഇടതു മണ്ഡലത്തെ പഠിപ്പിച്ച വി.എസ് മലയാളിയുടെ മനസ്സിൽ എന്നെന്നും വാടാത്ത വസന്തമായി പൂത്തുലയും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.