അറസ്റ്റിലായ മുഹമ്മദ് ഇർഷാദ്

ഓൺലൈൻ പാർട്ട്ടൈം ജോലി വാഗ്ദാനംചെയ്ത് 11.8 ലക്ഷത്തിന്റെ തട്ടിപ്പ്: യുവാവ് അറസ്റ്റിൽ, കമീഷൻ വ്യവസ്ഥയിൽ ബാങ്ക് അക്കൗണ്ട് തട്ടിപ്പുകാർക്ക് വിറ്റു

ഇരിങ്ങാലക്കുട: ഓൺലൈൻ പാർട്ട്ടൈം ജോലി നൽകുന്ന ഏജൻസിയാണെന്നും പാര്‍ട്ട്ടൈം പ്രമോഷന്‍ വര്‍ക്കിലൂടെ നിക്ഷേപിച്ചാൽ വൻ ലാഭം നേടാമെന്നും വിശ്വസിപ്പിച്ച് കല്ലേറ്റുംകര സ്വദേശിയിൽനിന്ന് 11,80,993 രൂപ തട്ടിപ്പ് നടത്തിയ കേസിൽ യുവാവ് പിടിയിലായി. തട്ടിപ്പ് പണം സ്വന്തം അക്കൗണ്ടിലേക്ക് അയച്ച് വാങ്ങി പ്രധാന പ്രതികൾക്ക് എടുത്തുനൽകി കമീഷൻ കൈപ്പറ്റിയ പാലക്കാട് പയ്യനെടം മന്നാരോട്ടിൽ മുഹമ്മദ് ഇർഷാദിനെ (20) കോടതി ഉത്തരവ് പ്രകാരമാണ് തൃശൂർ റൂറൽ സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.

ഓൺലൈൻ പാർട്ട്ടൈം ജോലി നൽകുന്ന ഏജൻസിയാണെന്നും ആമസോണ്‍ പാര്‍ട്ട്ടൈം പ്രമോഷന്‍ വര്‍ക്കിലൂടെ പണം നിക്ഷേപിച്ചാൽ വൻ ലാഭം നേടാമെന്നും വിശ്വസിപ്പിച്ചാണ് പണം വാങ്ങിയത്. ആമസോണ്‍ ഗ്ലോബല്‍ പാർട്ട്ടൈം റിക്രൂട്ട്മെന്റ് ഇന്ത്യ എന്ന വാട്സ്ആപ് ഗ്രൂപ്പിൽ ചേർത്ത് ശ്രീകാന്ത് പൊതുരാജ്, നസറുബാന്‍, കല സതീഷ്‌ എന്നീ ടെലഗ്രാം അക്കൗണ്ടുകൾ മുഖേന ചാറ്റുകൾ നടത്തിച്ച് 2024 ജനുവരി 12 മുതൽ 17 വരെ പരാതിക്കാരന്റെ ബംഗളൂരു ആക്‌സിസ് ബാങ്ക്‌, കല്ലേറ്റുംകര കനറാ ബാങ്ക് ശാഖകളിൽനിന്ന് പല തവണകളായാണ് പണം തട്ടിയെടുത്തത്.

ബംഗളൂരുവിലെ ബാങ്ക്‌ അക്കൗണ്ടിൽനിന്ന് 12 ഇടപാടുകൾ മുഖേന 5,30,000 രൂപ തട്ടിയതിൽ 50,000 രൂപ മുഹമ്മദ് ഇർഷാദിന്റെ മണ്ണാർക്കാട്ടെ ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റായതായും അന്നുതന്നെ തുക പ്രധാന പ്രതികളുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുത്തതായും അന്വേഷണത്തിൽ കണ്ടെത്തി. മുഹമ്മദ് ഇർഷാദ് തന്റെ ബാങ്ക് പാസ്ബുക്ക്, എ.ടി.എം കാര്‍ഡ്, സിം കാര്‍ഡ്‌ എന്നിവ ഉൾപ്പെടെ 4500 കമീഷൻ കൈപ്പറ്റി തട്ടിപ്പുസംഘത്തിന് വിൽപന നടത്തി സഹായം ചെയ്തുകൊടുത്തിരുന്നു. ജാമ്യത്തിനായി കോടതിയെ സമീപിച്ച പ്രതിയോട് അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെ ഹാജരാകാൻ ഉത്തരവായതിനെ തുടർന്നാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ സൈബർ എസ്.എച്ച്.ഒ പി.എസ്. സുജിത്ത്, സബ് ഇൻസ്പെക്ടർ രമ്യ കാർത്തികേയൻ, ടെലി കമ്യൂണിക്കേഷൻ സിവിൽ പൊലീസ് ഓഫിസർ വി.എസ്. അജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Tags:    
News Summary - Youth arrested for cheating Rs 11.8 lakhs by promising job

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.