ചെറുവത്തൂർ മയ്യിച്ചയിൽ വീരമലക്കുന്ന് ഇടിഞ്ഞ് ദേശീയപാതയിൽ കാറിന് മുകളിൽ മണ്ണും കല്ലും പതിച്ചപ്പോൾ. ഉൾച്ചിത്രത്തിൽ കാർ യാത്രക്കാരിയായ അധ്യാപിക സിന്ധു ഹരീഷ്
ചെറുവത്തൂർ: ഭീമൻ ശബ്ദത്തോടെ മലയിടിഞ്ഞ് കല്ലും മണ്ണും കാറിന് നേരെ വന്നപ്പോൾ ഷിരൂർ ദുരന്തവും മലയാളികളുടെ ദു:ഖമായി മാറിയ അർജുനെയും ഓർത്തു പോയെന്ന് രക്ഷപ്പെട്ട അധ്യാപിക സിന്ധു ഹരീഷ് പറഞ്ഞു. ‘കല്ലും മണ്ണും കാറിന് മേൽ പതിക്കുമെന്ന് ഉറപ്പായപ്പോൾ മറുഭാഗത്തേക്ക് കാർ ഓടിച്ചു. എങ്കിലും മുന്നിലും പിന്നിലുമായി കല്ലും മണ്ണും ഇരമ്പിയെത്തി. മണ്ണിൽ കാർ നീങ്ങി തുടങ്ങിയപ്പോൾ സമീപത്തെ കുഴിയിൽ വീഴാതിരിക്കാൻ വാഹനത്തിൻ്റെ എഞ്ചിൻ ഓഫാക്കി. സമീപത്തെ ഹോട്ടലിൽ നിന്നും ഓടി വന്ന തൊഴിലാളികളാണ് മണ്ണ് നീക്കി കാറിൽ നിന്നും പുറത്തിറങ്ങാൻ സഹായിച്ചത്’ - നീലേശ്വരം ശ്രീനാരായണ ടീച്ചേഴ്സ് ട്രെയിനിങ് സെന്ററിലെ അധ്യാപിക സിന്ധു ഹരീഷ് പറഞ്ഞു.
‘അതിവേഗത്തിലാണ് മണ്ണും കല്ലും പതിച്ചത്. കാഞ്ഞങ്ങാട് ദുർഗ ഹയർ സെക്കൻ്ററി സ്ക്കൂളിന് പരിസരത്ത് താമസിക്കുന്ന ഞാൻ കൊടക്കാട് ഗവ.വെൽഫേർ യു.പി.സ്ക്കൂളിൽ അധ്യാപക പരിശീലനം നടത്തുന്ന വിദ്യർത്ഥികളെ സന്ദർശിക്കാൻ പോകവെയാണ് മലയിടിച്ചിൽ ഉണ്ടായത്. സംഭവത്തിന്റെ ഞെട്ടലിൽ നിന്ന് ഇനിയും മുക്തമായിട്ടില്ല’ -സിന്ധു ടീച്ചർ പറഞ്ഞു.
കാസർകോട് ചെറുവത്തൂരിലാണ് ഇന്ന് രാവിലെ 10 മണിയോടെ കൂറ്റൻ ശബ്ദത്തിൽ മലയിടിഞ്ഞ് റോഡിലേക്ക് പതിച്ചത്. കോഴിക്കോട് സ്വദേശിയായ ലോറി ഡ്രൈവർ അർജുന്റെ ജീവനെടുത്ത കർണാടക ഷിരൂരിലെ ദുരന്തത്തിന്റെ മാതൃകയിലാണ് ദേശീയപാതയിൽ കൂറ്റൻ മണ്ണിടിച്ചിലുണ്ടായത്. ചെറുവത്തൂർ മയ്യിച്ചയിലെ ദേശീയപാതയിലേക്കാണ് വീരമലക്കുന്ന് ഇടിഞ്ഞുവീണത്. ഈ റൂട്ടിൽ ഗതാഗതം സ്തംഭിച്ചു.
ചളിയും മണ്ണും മൂടി ദേശീയപാതയിൽ ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. ഇതിനിടയിൽനിന്നാണ് നീലേശ്വരം ശ്രീനാരായണ ടീച്ചേഴ്സ് ട്രെയിനിങ് സെന്ററിലെ അധ്യാപിക സിന്ധു ഹരീഷ് തലനാരിഴക്ക് രക്ഷപ്പെട്ടത്. കൊടക്കാട് ഗവ. വെൽഫെയർ യു.പി സ്കൂളിൽ പരിശീലനം നടത്തുന്ന തന്റെ വിദ്യാർഥികളെ സന്ദർശിക്കാൻ കാറിൽ വരുന്നതിനിടെയാണ് മലയിടിഞ്ഞത്. അപകടം മുന്നിൽക്കണ്ട ഇവർ, കാർ പരമാവധി മറുഭാഗത്തേക്ക് ഓടിച്ചെങ്കിലും അമിതവേഗതയിലെത്തിയ മണ്ണ് കാറിനെ തള്ളിനീക്കി. മണ്ണ് കാറിനെ ഭാഗികമായി മൂടിയിരുന്നു. സംഭവം കണ്ട് ഓടിയെത്തിയ ഹോട്ടൽ തൊഴിലാളികളാണ് മണ്ണുനീക്കി കാറിൽനിന്ന് പുറത്തിറങ്ങാൻ സഹായിച്ചത്.
ആദ്യമായിട്ടാണ് വൻതോതിൽ കുന്നിടിഞ്ഞ് ദേശീയപാതയിലേക്ക് വീഴുന്നത്. സംഭവം അറിഞ്ഞയുടൻ അഗ്നിരക്ഷാസേനയും ചന്തേര പൊലീസും സ്ഥലത്തെത്തി. ഹോസ്ദുർഗ് തഹസിൽദാർ ജി. സുരേഷ് ബാബു, വില്ലേജ് ഓഫിസർ എന്നിവരും സ്ഥലത്തെത്തി. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് മണ്ണ് നീക്കിയ ശേഷമാണ് ഇതുവഴി ഗതാഗതം പുനഃസ്ഥാപിച്ചത്. ദേശീയപാത 66 നിർമാണ പ്രദേശത്ത് മണ്ണിടിച്ചിലുണ്ടായതിനാൽ അടിയന്തര നടപടി സ്വീകരിക്കാൻ കലക്ടർ ജില്ല ദുരന്തനിവാരണ അതോറിറ്റിക്ക് നിർദേശം നൽകി. തുടർന്ന് എൻ.ഡി.ആർ.എഫ് സംഘം അപകടസ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.