കോഴിക്കോട്: സരുക്ഷാ ക്രമീകരണങ്ങൾ പ്രഖ്യാപനത്തിലും ഫയലിലും ഒതുങ്ങുമ്പോൾ സംസ്ഥാനത്ത് വൈദ്യുതി അപകടങ്ങളും മരണങ്ങളും നിയന്ത്രിക്കാൻ കഴിയാതെ കെ.എസ്.ഇ.ബി. ഇലക്ട്രിക്കൽ ഇൻസ്പക്ടറേറ്റിന്റെ മുൻ വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ വൈദ്യുതി അപകട നിരക്ക് കുറക്കാൻ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാവും. 2024-25ൽ 241 മനുഷ്യജീവനുകളാണ് വൈദ്യുതാഘാതമേറ്റ് പൊലിഞ്ഞത്. 2017-18ൽ ഇത് 242 ആയിരുന്നു. 2023-24ൽ ഇത് 209 ആയി കുറഞ്ഞിരുന്നെങ്കിലും കഴിഞ്ഞ വർഷം അതു വീണ്ടും വർധിച്ചു.
കെ.എസ്.ഇ.വി ജീവനക്കാരുടെ സുരക്ഷയിൽപോലും മാറ്റമുണ്ടാക്കാൻ വകുപ്പിന് കഴിഞ്ഞിട്ടില്ലെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ കണക്കുകളിൽനിന്ന് വ്യക്തമാവും. 2024-25ൽ 10 കരാർ ജീവനക്കാരും ഒമ്പത് സ്ഥിരം ജീവനക്കാരും വൈദ്യുതാഘാതമേറ്റ് മരിച്ചു. ഇത് 2023-24ൽ യഥാക്രമം മൂന്നും ഏഴും ആയിരുന്നു. 2022-23ൽ 11 ഉം ഏഴും മരണങ്ങളുണ്ടായി. വീടുകളിലുണ്ടാവുന്ന വൈദ്യുതി അപകടമരണങ്ങളുടെ നിരക്കിലും കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കാര്യമായ മാറ്റമുണ്ടായിട്ടില്ല. 2020-21 മുതൽ തുടർച്ചയായ അഞ്ചു വർഷങ്ങളിൽ 136, 133, 110, 135, 126 എന്നിങ്ങനെയാണ് വീടുകളിലെ അപകട മരണങ്ങളുടെ കണക്ക്.
സുരക്ഷാ കാര്യങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വൈദ്യുതിവകുപ്പിൽ ചീഫ് സേഫ്റ്റി കമീഷണറുടെ കീഴിൽ സുരക്ഷാ വിഭാഗം തന്നെ പ്രവർത്തിക്കുന്നുണ്ട്. ഇവരുടെ മേൽനോട്ടത്തിൽ കൃത്യമായ പരിശോധന നടത്തുന്നുണ്ടെന്നാണ് വൈദ്യുതി അപകടങ്ങൾ കുറക്കുന്നതിന് വേണ്ടി സ്വീകരിച്ച നടപടികൾ സംബന്ധിച്ച ചോദ്യത്തിന് സർക്കാർ നിയമസഭയിൽ നൽകിയ മറുപടി. സ്കൂളുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ തുടങ്ങിയവരുടെ സമീപത്ത് സുരക്ഷക്ക് സ്പേസറും ഗാർഡിങും സ്ഥാപിച്ചിട്ടുണ്ടെന്നും ബാക്കിയുള്ള സ്ഥലങ്ങളിൽ ഘട്ടംഘട്ടമായി നടപ്പാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചിട്ടുണ്ടെന്നും സർക്കാർ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു.
പുതുതായി നിർമിക്കുന്ന ഇലക്ട്രിക് ലോ ടെൻഷൻ ലൈനുകൾ ഏരിയൽ ബഞ്ച്ഡ് കണ്ടക്ടർ (എ.ബി.സി) ഉപയോഗിച്ച് നിർമിക്കാൻ തീരുമാനിച്ചതായും 2023 സെപ്റ്റംബറിൽ സർക്കാർ നിയമസഭയിൽ അറിയിച്ചു. അപകട തോത് കുറക്കുന്നതിന് കെ.എസ്.ഇ.ബി വൈദ്യുതി വിതരണ വിഭാഗത്തിലെ എല്ലാ ഓഫിസുകളിലേക്കും14 ഇനം സുരക്ഷാ ഉപകരണങ്ങൾ വിതരണം ചെയ്തിട്ടുണ്ടെന്നും നിയമസഭയിൽ അറിയിച്ചിരുന്നു. എന്നിട്ടും ജോലിക്കിടെ ജീവൻ അപകടത്തിൽപ്പെടുന്ന കെ.എസ്.ഇ.ബി ജീവനക്കാരുടെ എണ്ണം പോലും കുറഞ്ഞിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.