ജയിൽചാട്ടം: ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു, സുരക്ഷാവീഴ്ചയിൽ അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

കണ്ണൂർ: ജയിൽചാടിയ സൗമ്യ വധക്കേസ് പ്രതി ​ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കണ്ണൂർ സെൻട്രൽ ജയിലിലേക്കാണ് റിമാൻഡ് ചെയ്ത് അയച്ചത്. ഇന്ന് അതിസുരക്ഷാ ജയിലിലേക്ക് മാറ്റും. വിയ്യൂരിലേക്കുള്ള മാറ്റം ജയിൽ വകുപ്പ് തീരുമാന പ്രകാരമാണ്. പ്രതിയെ കണ്ണൂർ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ശേഷമാണ് റിമാൻഡ് ചെയ്തത്.

ജയിലിലെ സുരക്ഷാവീഴ്ചയിൽ വിശദീകരണം തേടി ഉന്നതോദ്യോഗസ്ഥരെ മുഖ്യമന്ത്രി അടിയന്തര യോഗത്തിനു വിളിച്ചിട്ടുണ്ട്. ആഭ്യന്തര സെക്രട്ടറിയും ഡി.ജി.പിയും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ പങ്കെടുക്കും. ജയിൽ ചാടാൻ ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകുമെന്ന് അഭ്യൂഹമുയർന്നിട്ടുണ്ട്. ഇക്കാര്യങ്ങളുൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്യും.

കണ്ണൂർ സെൻട്രൽ ജയിലിൽ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കെയാണ് വെള്ളിയാഴ്ച പുലർച്ചെ ഗോവിന്ദച്ചാമി ജയിൽ ചാടിയത്. രാവിലെ ജയിൽ അധികൃതർ സെൽ പരിശോധിച്ചപ്പോഴാണ് പ്രതി രക്ഷപ്പെട്ടത് അറിയുന്നത്. പുലർച്ചെ 1.15ഓടെ ഇയാൾ ജയിൽ ചാടിയത്. സെല്ലിന്റെ അഴികൾ മുറിച്ചുമാറ്റിയാണ് ഇയാൾ പുറത്തെത്തിയത്. അലക്കാൻ വെച്ചിരുന്ന തുണികൾ കൂട്ടിക്കെട്ടി വടമുണ്ടാക്കി. പിന്നീട് മതിലിന് മുകളിലുള്ള ഫെൻസിങിൽ തുണികുരുകി. അതേ തുണി ഉപയോഗിച്ച് ഇയാൾ മതിലിൽനിന്ന് താഴേക്കിറങ്ങുകയായിരുന്നു.

മണിക്കൂറുകൾക്കു ശേഷം കണ്ണൂർ നഗരത്തിലെ തളാപ്പിൽ നാഷനൽ സ്റ്റാറ്റിസ്റ്റിക്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫിസിന്റെ കിണറ്റിൽ നിന്ന് പ്രതിയെ പൊലീസ് പിടികൂടി. പൊലീസും ജയിൽ അധികൃതരും നാട്ടുകാരും ചേർന്ന് വീട് വളഞ്ഞ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. കറുത്ത പാന്‍റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് പ്രതിയെ കണ്ടെത്തിയത്. പിന്നാലെ ഇയാളെ കണ്ണൂർ ടൗൺ പൊലീസ് സ്റ്റേഷനിലേക്ക് എത്തിക്കുകയും കോടതിയിൽ ഹാജരാക്കുകയുമായിരുന്നു.

2011 ഫെബ്രുവരി ഒന്നിനാണ് കൊച്ചി-ഷൊർണൂർ പാസഞ്ചർ തീവണ്ടിയിൽ സഞ്ചരിച്ച കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി സൗമ്യ (23) ക്രൂര പീഡനത്തിന് ഇരയായത്. ഫെബ്രുവരി ആറിന് തൃശ്ശൂർ മെഡിക്കൽ കോളജിൽവച്ച് സൗമ്യ മരിച്ചു. കോളിളക്കം സൃഷ്ടിച്ച കേസിൽ ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ചിരുന്നെങ്കിലും സംശയത്തിന്റെ ആനുകൂല്യം കണക്കാക്കിലെടുത്ത് വധശിക്ഷ സുപ്രീംകോടതി 2016ൽ റദ്ദാക്കി ജീവപര്യന്തമായി മാറ്റുകയായിരുന്നു.

Tags:    
News Summary - Jailbreak: Govindachamy remanded for 14 days, CM calls emergency meeting over security lapse

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.