വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവം: മാനേജരെ പുറത്താക്കി തേവലക്കര സ്കൂൾ സർക്കാർ ഏറ്റെടുത്തു

തിരുവനന്തപുരം: കൊല്ലം തേവലക്കര ബോ​യ്സ് സ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ കർശന നടപടിയുമായി പൊതു വിദ്യാഭ്യാസ വകുപ്പ്. മാനേജർ തുളസീധരൻ പിള്ളയെ പുറത്താക്കിയ സംസ്ഥാന സർക്കാർ, എയ്ഡഡ് സ്കൂൾ ഏറ്റെടുത്തു. സ്കൂളിന്‍റെ താൽകാലിക ചുമതല കൊല്ലം ഡി.ഇ.ഒക്ക് കൈമാറി. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിലാണ് നടപടി വിശദീകരിച്ചത്.

സി.​പി.​എം ലോ​ക്ക​ൽ ക​മ്മി​റ്റിയുടെ പൂർണ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള എ​യ്​​ഡ​ഡ്​ സ്കൂ​ളാ​ണി​ത്. മാനേജർ തുളസീധരൻ പിള്ള സി.പി.എം മൈനാഗപ്പള്ളി കിഴക്ക് ലോക്കൽ കമ്മിറ്റി സെക്രട്ടറിയാണ്. 11 അംഗ ജനകീയ സമിതിയിൽ മാനേജർ അടക്കം മുഴുവൻ പേരും സി.പി.എം പ്രാദേശിക നേതാക്കളും അംഗങ്ങളുമാണ്.

കെ.ഇ.ആർ റൂൾ ഏഴ് പ്രകാരമാണ് വിദ്യാഭ്യാസ വകുപ്പിന്‍റെ അസാധാരണ നടപടി. മാനേജറിന്‍റെ വിശദീകരണം തള്ളിയാണ് സ്കൂൾ സർക്കാർ ഏറ്റെടുത്തത്. അപകടകരമായ രീതിയിൽ സ്കൂളിന് മുകളിലൂടെ ത്രീഫേസ് ലൈൻ കടന്നു പോയിട്ട് നടപടി സ്വീകരിച്ചില്ല, പഞ്ചായത്തിന്‍റെ ക്രമപ്പെടുത്തൽ ഇല്ലാത്ത ഒരു സൈക്കിൾ ഷെഡ് നിർമിച്ചു എന്നീ ഗുരുതര കൃത്യവിലോപം ചൂണ്ടിക്കാട്ടിയാണ് നടപടി. വിദ്യാർഥികളുടെ സുരക്ഷയിൽ വലിയ വീഴ്ചയുണ്ടായ സാഹചര്യത്തിലാണ് കടുത്ത നടപടി സ്വീകരിച്ചതെന്ന് മന്ത്രി ശിവൻകുട്ടി അറിയിച്ചു.

ശാ​സ്താം​കോ​ട്ട തേ​വ​ല​ക്ക​ര കോ​വൂ​ര്‍ ബോ​യ്സ് സ്കൂ​ളി​ൽ ജൂലൈ 17ന് രാ​വി​ലെ 9.40നാ​ണ് ദാരുണ​ സം​ഭ​വം നടന്നത്. സ്കൂ​ൾ കെ​ട്ടി​ട​ത്തോ​ട്​ ചേ​ർ​ന്ന സൈ​ക്കി​ള്‍ ഷെ​ഡി​ന് മു​ക​ളി​ൽ വീ​ണ ചെ​രി​പ്പ് എ​ടു​ക്കാ​ൻ ക​യ​റി​യ എ​ട്ടാം ക്ലാ​സ്​ വി​ദ്യാ​ർ​ഥി​യും തേ​വ​ല​ക്ക​ര വ​ലി​യ​പാ​ടം മി​ഥു​ന്‍ഭ​വ​നി​ല്‍ മ​നു​വി​ന്‍റെ മ​ക​നു​മാ​യ മി​ഥു​ൻ (13) ആണ് വൈ​ദ്യു​തി ലൈ​നി​ൽ​ നി​ന്ന് ഷോ​ക്കേ​റ്റ് മ​രി​ച്ച​ത്.

ക്ലാ​സ്​ പ​രി​സ​ര​ത്ത്​ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് കെ​ട്ടി​ട​ത്തോ​ട്​ ചേ​ർ​ന്ന സൈ​ക്കി​ള്‍ ഷെ​ഡി​ന് മു​ക​ളി​ലേ​ക്ക് ചെ​രി​പ്പ് വീ​ണ​ത്. ക്ലാ​സ്​ മു​റി​യി​ൽ​ ഡ​സ്കി​ട്ട്​ ഭി​ത്തി​യി​ൽ പി​ടി​ച്ച്​ മു​ക​ളി​ലെ വി​ട​വി​ലൂ​ടെ ഇ​രു​മ്പ്​ ഷീ​റ്റ്​ പാ​കി​യ സൈ​ക്കി​ൾ ഷെ​ഡി​ന് മു​ക​ളി​ൽ​ ക​യ​റി​യ വി​ദ്യാ​ർ​ഥി ചെ​രി​പ്പെ​ടു​ക്കാ​നാ​യി ന​ട​ന്നു​ നീ​ങ്ങു​ന്ന​തി​നി​ടെ വ​ഴു​തി വീ​ണ​പ്പോ​ൾ താ​ഴ്ന്നു​കി​ട​ന്ന വൈ​ദ്യു​തി ലൈ​നി​ൽ ത​ട്ടു​ക​യാ​യി​രു​ന്നു.

ഷെ​ഡി​ന്​ മു​ക​ളി​ൽ പാ​കി​യ ഷീ​റ്റി​ൽ​ നി​ന്ന്​ അ​ര​മീ​റ്റ​ർ പോ​ലും ഉ​യ​ര​ത്തി​ലാ​യി​രു​ന്നി​ല്ല വൈ​ദ്യു​തി ലൈ​ൻ. സ്കൂ​ളി​ലേ​ക്കും സ്വ​കാ​ര്യ വ്യ​ക്​​തി​യു​ടെ കെ​ട്ടി​ട​ത്തി​ലേ​ക്കു​മാ​യി വ​ലി​ച്ച ലൈ​നി​ൽ ​നി​ന്നാ​ണ്​ ഷോ​ക്കേ​റ്റ​ത്. തേ​വ​ല​ക്ക​ര വൈ​ദ്യു​തി ഓ​ഫി​സി​ൽ നി​ന്ന്​ അ​ധി​കൃ​ത​രെ​ത്തി വൈ​ദ്യു​തി വി​​​ച്ഛേ​ദി​ച്ച ശേ​ഷം​ ബെ​ഞ്ച്​ ഉ​പ​യോ​ഗി​ച്ച്​ ലൈ​നി​ൽ ​നി​ന്ന്​ ത​ട്ടി മാ​റ്റി കു​ട്ടി​യെ താ​ഴെ​യി​റ​ക്കി താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല.

വൈ​ദ്യു​തി ലൈ​നി​ന്​ ​തൊ​ട്ട്​ താ​ഴെ പ​ഞ്ചാ​യ​ത്ത്​ അ​ധി​കൃ​ത​രു​ടെ അ​നു​മ​തി​യി​ല്ലാ​തെ വ​ർ​ഷ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ പ​ണി​ത സൈ​ക്കി​ൾ ഷെ​ഡ്​ അ​പ​ക​ട​നി​ല​യി​ലാ​ണെ​ന്ന്​ പി.​ടി.​എ ഭാ​ര​വാ​ഹി​ക​ൾ അ​ട​ക്കം മു​ന്ന​റി​യി​പ്പ്​ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും ന​ട​പ​ടി എ​ടു​ത്തി​രു​ന്നി​ല്ല.

Tags:    
News Summary - Student dies of shock: Thewalakkara school taken over by the government, manager fired

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.