ഗാന്ധിയമ്മാളിനെ ഗ്രാമവാസികൾ ആശുപത്രിയിലേക്ക് ചുമന്നു കൊണ്ടുപോകുന്നു
തൊടുപുഴ: വട്ടവടയിൽ വീണു പരിക്കേറ്റ സ്ത്രീയെ ആറ് കിലോമീറ്റർ ചുമന്ന് ആശുപത്രിയിൽ എത്തിച്ച് നാട്ടുകാർ. വട്ടവട വത്സപ്പെട്ടി ഉന്നതിയിലെ തൊഴിലുറപ്പ് തൊഴിലാളി ഗാന്ധിയമ്മാളിനെയാണ് (47) പുതപ്പിൽ കെട്ടി ചുമന്ന് ദുർഘടമായ വഴികളിലൂടെ ആശുപത്രിയിൽ എത്തിച്ചത്. കുടിക്ക് സമീപം തൊഴിലുറപ്പ് ജോലിക്ക് പോകുമ്പോൾ വീണ് പരിക്കേൽക്കുകയായിരുന്നു. വീഴ്ചയിൽ കാലിന് ഒടിവ് സംഭവിച്ചു.
ആശുപത്രിയിൽ എത്തിക്കാൻ വാഹനം കടന്നുപോകുന്ന വഴി ഇല്ലാത്തതാണ് പ്രതിസന്ധിക്കിടയാക്കിയത്. വത്സപ്പെട്ടി കുടിയിൽനിന്ന് കാന്തല്ലൂർ മേഖലയിലേക്ക് പോകുകയാണ് എളുപ്പമുള്ള വഴി. തുടർന്ന് 30 പേരടങ്ങുന്ന സംഘം മാറിമാറി വനപാതയിലൂടെ ചുമന്ന് ഗാന്ധിയമ്മാളിനെ വാഹന സൗകര്യമുള്ള ഒള്ളവയലിൽ എത്തിച്ചു. അവിടെനിന്ന് മറയൂരിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് ഉടുമൽപ്പേട്ടയിലെ സ്വകാര്യ ആശുപത്രിയിലേക്കും കൊണ്ടുപോയി.
2019 ലെ മഴയിൽ ഇവരുടെ പാത തകർന്നിരുന്നു. പിന്നീട് തൊഴിലുറപ്പ് പദ്ധതിയിലൂടെ കുടിയിലുള്ളവർ മൺപാത നിർമിച്ചു. അടുത്തിടെയുണ്ടായ കനത്ത മഴയിൽ റോഡ് പൂർണമായും തകർന്നു. മണ്ണൊലിച്ചും മണ്ണിടിഞ്ഞും പാത യാത്രായോഗ്യമല്ലാതായി. ഇവിടെയുള്ള പലകുടികളും മഴ കനത്തതോടെ ഒറ്റപ്പെട്ട നിലയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.