ആലപ്പുഴ: കട്ടിലിൽനിന്ന് ഇറങ്ങവെ മുറിയിലെ വെള്ളക്കെട്ടിൽ തെന്നിവീണ് രോഗിയായ വയോധികന് ദാരുണാന്ത്യം. ആലപ്പുഴ എസ്.ഡി കോളജിന് സമീപം കളർകോട് സനാതനപുരം പുത്തൻപുരയ്ക്കൽ കെ. സുധാകരൻ (73) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ 8.45നാണ് സംഭവം. ഉറക്കമുണർന്ന് എഴുന്നേറ്റ് നടക്കവെ കാൽ വഴുതി ഹാളിലെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ഭാര്യ ഓമനയുടെ നിലവിളി കേട്ട് വീടിനോട് ചേർന്ന് താമസിക്കുന്ന സഹോദരൻ സുരഫി കേശവനും അദ്ദേഹത്തിന്റെ മകൻ അമൽരാജും ചേർന്ന് വെള്ളത്തിൽനിന്ന് എടുത്ത് കട്ടിലിൽ കിടത്തിയെങ്കിലും അനക്കമുണ്ടായില്ല. ആലപ്പുഴ ജനറൽ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.
കാലവർഷം തുടങ്ങിയത് മുതൽ ഈ വീട്ടിലെ എല്ലാ മുറികളിലും പരിസരത്തെ പറമ്പുകളിലും വെള്ളക്കെട്ടാണ്. കാനകൾ അടഞ്ഞ് ഒഴുക്ക് നിലച്ചതാണ് കാരണം. ഇത് ഒഴിവാക്കാൻ ആലപ്പുഴ നഗരസഭക്ക് പരാതി നൽകിയിട്ടും നടപടിയെടുത്തിരുന്നില്ല. നഗരസഭ അധികൃതരാണ് മരണത്തിന് ഉത്തരവാദിയെന്ന് ബന്ധുക്കൾ ആരോപിച്ചു. മരണത്തിന് പിന്നാലെയും അധികൃതർ തിരിഞ്ഞുനോക്കിയില്ലെന്ന് ആക്ഷേപമുണ്ട്. സംസ്കാരചടങ്ങുകൾ സമീപത്തെ സഹോദരന്റെ വീട്ടിൽ പന്തലിട്ടാണ് നടത്തിയത്. മഴ തുടങ്ങിയ മേയ് മുതൽ ജൂലൈ വരെ കാലവർഷക്കെടുതിയിൽ ജില്ലയിൽ 13 പേരാണ് മരിച്ചത്. ആ കണക്കിലും ഇത് ഉൾപ്പെട്ടിട്ടില്ല.
സുധാകരനും ഭാര്യയും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. 10 വർഷം മുമ്പ് ഹൃദ്രോഗം ബാധിച്ച് ശസ്ത്രകിയ നടത്തിയിരുന്നു. ഇതിന് പിന്നാലെ പ്രമേഹവും പിടിപെട്ട് ചികിത്സയിൽ കഴിയുകയായിരുന്നു. സുധാകരന്റെ മക്കൾ: സുനിത, സുമി (എം.ജി സർവകലാശാല, കോട്ടയം), മായ ( മൃഗസംരക്ഷണ വകുപ്പ്, ആലപ്പുഴ). മരുമക്കൾ: പ്രമോദ്, സ്റ്റാലിൻ ഗോപാൽ (സപ്ലൈ ഓഫിസ്, മാവേലിക്കര), ഹരികൃഷ്ണൻ (മെഡിക്കൽ റപ്പ്). ആലപ്പുഴ വലിയചുടുകാട് ശ്മശാനത്തിൽ സംസ്കാരം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.